സാക്ഷാല്‍ സേവാഗിനെ പടിയിറക്കിയവന് ഡബിള്‍ റെക്കോഡ്, സ്‌റ്റോക്‌സേ സൂക്ഷിച്ചോ, നീ സേഫല്ല
Sports News
സാക്ഷാല്‍ സേവാഗിനെ പടിയിറക്കിയവന് ഡബിള്‍ റെക്കോഡ്, സ്‌റ്റോക്‌സേ സൂക്ഷിച്ചോ, നീ സേഫല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 2:21 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ 189ന് പുറത്തായി. 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ക്കുള്ളത്.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് സിക്‌സറടിയില്‍ റെക്കോഡിട്ടിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് 92ാം തവണയാണ് പന്ത് സിക്‌സര്‍ നേടുന്നത്. രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 24 പന്തില്‍ 27 റണ്‍സാണ് പന്ത് സ്വന്തമാക്കിയത്.

91 സിക്‌സര്‍ നേടിയ ഇതിഹാസം വിരേന്ദര്‍ സേവാഗിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഇതിനൊപ്പം ഏറ്റവുമധികം ടെസ്റ്റ് സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയരാനും പന്തിനായി. 206 ഇന്നിങ്‌സില്‍ നിന്നും 136 സിക്‌സര്‍ നേടിയ ബെന്‍ സ്റ്റോക്‌സാണ് പട്ടികയില്‍ ഒന്നാമത്.

റിഷബ് പന്ത് പന്ത് വെറും 83 ഇന്നിങ്‌സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. ഇതേ ഫോമില്‍ പന്ത് തുടര്‍ന്നാല്‍ അധികം വൈകാതെ സ്റ്റോക്‌സിന്റെ റെക്കോഡും പഴങ്കഥയാകും.

ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍)

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 203 – 136

ബ്രെന്‍ഡന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 176 – 107

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 137 – 100

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 156 – 98

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 182 – 98

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 280 – 97

റിഷബ് പന്ത് – ഇന്ത്യ – 83 – 92

വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 180 – 91

സിക്‌സറടിയില്‍ മറ്റൊരു റെക്കോഡും പന്ത് സ്വന്തമാക്കിയിരുന്നു ഒന്നിലധികം സിക്‌സര്‍ നേടുന്ന ഏറ്റവുമധികം ഇന്നിങ്‌സുകള്‍ എന്ന നേട്ടത്തില്‍ കിവീസ് ഇതിഹാസം ക്രിസ് ക്രെയ്ന്‍സിനെ മറികടക്കാനും മറ്റൊരു കിവീസ് ഇതിഹാസം ബ്രെന്‍ഡന്‍ മക്കെല്ലത്തിനൊപ്പമെത്താനും പന്തിന് സാധിച്ചു.

ഒന്നിലധികം സിക്‌സറുകളുള്ള ഏറ്റവുമധികം ടെസ്റ്റ് ഇന്നിങ്‌സുകള്‍

(താരം – ടീം – ഇന്നിങ്‌സ്)

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 32

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 25

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 25

റിഷബ് പന്ത് – ഇന്ത്യ – 23*

ബ്രെന്‍ഡന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 23

ക്രിസ് ക്രെയ്ന്‍സ് – ന്യൂസിലാന്‍ഡ് – 22

രോഹിത് ശര്‍മ – ഇന്ത്യ – 21

വിരേന്ദര്‍ സേവാഗ് – ഇന്ത്യ – 21

ആദ്യ ഇന്നിങ്‌സില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യുടെ ടോപ് സ്‌കോറര്‍. 39 റണ്‍സാണ് താരം നേടിയത്. 29 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. റിഷബ് പന്തിന് പുറമെ രവീന്ദ്ര ജഡജേയും 27 റണ്‍സ് നേടി.

പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: Rishabh Pant surpassed Chris Crains in most innings with multiple sixes