സമ്മര്‍ദത്തിന് കീഴിലെ മികച്ച പ്രകടനം, നിങ്ങളില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു; സൂപ്പര്‍ താരത്തിന് പ്രശംസയുമായി റിഷബ് പന്ത്
Sports News
സമ്മര്‍ദത്തിന് കീഴിലെ മികച്ച പ്രകടനം, നിങ്ങളില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു; സൂപ്പര്‍ താരത്തിന് പ്രശംസയുമായി റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th June 2025, 8:18 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ആഫ്രിക്ക കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. 26 വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് പ്രോട്ടിയാസ് ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രിക്കറ്റില്‍ മക്കയായ ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയെടുത്തത്. സെഞ്ച്വറി പ്രകടനവുമായി ക്രീസില്‍ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റന്‍ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ നീണ്ട വര്‍ഷങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. വിജയത്തോടെ ചോക്കേഴ്‌സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടമുയര്‍ത്തിയതോടെ സൗത്ത് ആഫ്രിക്കയ്ക്കും സൂപ്പര്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തിനും ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് ആശംസ അറിയിച്ചിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിലാണ് പന്ത് ആശംസ അറിയിച്ചത്.

‘ഏയ്ഡന്‍ സഹോദരാ, നന്നായി കളിച്ചു. നിങ്ങളില്‍ എനിക്ക് വളരെ സന്തോഷമുണ്ട് – സമ്മര്‍ദത്തിന് കീഴില്‍ എത്ര മികച്ച പ്രകടനമാണത്. നിങ്ങള്‍ ഞങ്ങളെയെല്ലാം അഭിമാനഭരിതരാക്കി, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയതിന് സൗത്ത് ആഫ്രിക്കയ്ക്ക് അഭിനന്ദനങ്ങള്‍,’ പന്ത് എക്‌സില്‍ എഴുതി.

ഫൈനലില്‍ 282 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കക്കായി രണ്ടാം ഇന്നിങ്‌സില്‍ മാര്‍ക്രം – ബാവുമ സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും പടുത്തുയര്‍ത്തിയ 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് പ്രോട്ടിയാസിന് സ്വപ്ന കിരീടം സമ്മാനിച്ചത്.

സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രം 207 പന്തില്‍ 14 ഫോറുകള്‍ ഉള്‍പ്പടെ 136 റണ്‍സ് അടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. കൂടാതെ ക്യാപ്റ്റന്‍ ബാവുമ 134 പന്തില്‍ 66 റണ്‍സെടുത്തു. ബൗളിങ്ങില്‍ കാഗിസോ റബാദയാണ് പ്രോട്ടീയാസിനായി മിന്നും പ്രകടനം പുറത്തെടുത്തത്. താരം ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകളാണ് പിഴുതത്.

Content Highlight: Rishabh Pant Praises South African Cricket Team And Aiden Markram