ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അടുത്ത മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം അരങ്ങേറുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരാണ് മുമ്പില്‍.
ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തിലും ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തിലുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. അതേസമയം, ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും വിജയിച്ചു. ലോര്‍ഡ്‌സില്‍ 22 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ജയമുറപ്പിച്ച ശേഷമായിരുന്നു തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
ഇതുവരെ ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാത്ത വേദിയാണ് മാഞ്ചസ്റ്റര്‍. ഇതുവരെ കളിച്ച ഒമ്പത് മത്സരത്തില്‍ നാല് തോല്‍വിയും അഞ്ച് സമനിലയുമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.
പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടപ്പെടുമെന്നുറപ്പുള്ള മത്സരത്തിനിറങ്ങുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരമാണ് പന്തിന് മുമ്പിലുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്ന് സിക്‌സറുകളും.
46 മത്സരത്തിലെ 81 ഇന്നിങ്‌സില്‍ നിന്നും 88 സിക്‌സറുകളാണ് പന്ത് ഇതുവരെ കരിയറില്‍ അടിച്ചുകൂട്ടിയത്. പന്തിനേക്കാള്‍ ഇരട്ടിയിലധികം മത്സരങ്ങള്‍ കളിച്ച വിരേന്ദര്‍ സേവാഗാണ് പട്ടികയില്‍ ഒന്നാമന്‍. 103 മത്സരത്തിലെ 178 ഇന്നിങ്‌സില്‍ നിന്നും 90 സിക്‌സറുകളാണ് മുള്‍ട്ടാനിലെ സുല്‍ത്താന്റെ പേരിലുള്ളത്.
ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
വിരേന്ദര്‍ സേവാഗ് – 178 – 90
റിഷബ് പന്ത് – 81 – 88*
രോഹിത് ശര്‍മ – 116 – 88
എം.എസ്. ധോണി – 144 – 78
രവീന്ദ്ര ജഡജേ – 124 – 74
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 329 – 69
നിലവില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന റിഷബ് പന്തിന് ഈ നേട്ടം അനായാസം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഈ പരമ്പരയിലെ റണ്‍ വേട്ടക്കാരില്‍ നിലിവില്‍ രണ്ടാമനാണ് പന്ത്. മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 70.83 ശരാശരിയില്‍ 425 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഈ പരമ്പരയിലെ ഏറ്റവും മികച്ച സിക്‌സര്‍ വേട്ടക്കാരനും റിഷബ് പന്ത് തന്നെയാണ്. 15 സിക്‌സറുകള്‍ താരം സ്വന്തമാക്കിക്കഴിഞ്ഞു.
മാഞ്ചസ്റ്ററില്‍ വെറും മൂന്ന് സിക്‌സറകലെ പന്തിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. എന്നാല്‍ ഇന്ത്യയുടെ വിജയം തന്നെയായിരിക്കും വൈസ് ക്യാപ്റ്റന്റെ മനസിലുണ്ടാവുക. മത്സരത്തിലെ സമനില പോലും ഇന്ത്യയുടെ പരമ്പര സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സന്ദര്‍ശകരുടെ മനസിലുണ്ടാവില്ല.
Content Highlight: Rishabh Pant need 3 sixes to become leading six getter in Test for India