ദല്‍ഹി ക്യാപിറ്റല്‍സ് നയിക്കാന്‍ റിഷഭ് പന്ത്; നാളുകളായുള്ള സ്വപ്‌നം സഫലമായെന്ന് താരം
Cricket
ദല്‍ഹി ക്യാപിറ്റല്‍സ് നയിക്കാന്‍ റിഷഭ് പന്ത്; നാളുകളായുള്ള സ്വപ്‌നം സഫലമായെന്ന് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th March 2021, 9:17 pm

ന്യൂദല്‍ഹി: ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം വഹിക്കാന്‍ റിഷഭ് പന്ത്. ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ ഐ.പി.എല്‍ സീസണില്‍ പന്തായിരിക്കും ദല്‍ഹിയെ നയിക്കുക.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ടീമിന്റെ പുതിയ ക്യാപ്റ്റനായി പന്ത് എത്തുന്നത്. ഇന്ത്യ – ഇംഗ്ലണ്ട് സീരിസിനിടെയാണ് ശ്രേയസ് അയ്യരുടെ ഇടത് തോളിന് പരിക്കേറ്റത്.

ദല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ട പ്രസ്താവനയിലാണ് പന്തിനെ നായകനായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും അദ്ദേഹത്തെ മിസ് ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. റിഷഭ് പന്തിനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തതെന്നും ഇത്തരമൊരു നിര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് പന്തിന് നായകനാകേണ്ടി വരുന്നതെങ്കിലും അദ്ദേഹത്തിന് വളരാനുള്ള അവസരമായിരിക്കും ഇതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

റിഷഭ് പന്തിന് ആശംസകളറിയിച്ച് ശ്രേയസ് അയ്യരും രംഗത്തെത്തി. തനിക്ക് പരിക്ക് പറ്റി മാറേണ്ടി വന്ന സമയത്ത് റിഷഭ് പന്തായിരിക്കും ഈ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്നതില്‍ സംശയമേ ഉണ്ടായിരുന്നില്ലെന്നാണ് ശ്രേയസ് അയ്യര്‍ പ്രതികരിച്ചത്.

ദല്‍ഹി ടീമിന്റെ ക്യാപ്റ്റനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് താന്‍ ഏറെ നാളായി കാണുന്ന സ്വപ്മാണെന്നുമാണ് റിഷഭ് പന്ത് പ്രതികരിച്ചത്. ദല്‍ഹിയിലാണ് താന്‍ വളര്‍ന്നതെന്നും ഇവിടെ നിന്നാണ് ആറ് വര്‍ഷം മുന്‍പ് തന്റെ ഐ.പി.എല്‍ യാത്ര തുടങ്ങിയതെന്നും പന്ത് പറഞ്ഞു.

ക്യാപ്റ്റനാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് കരുതിയ ടീം ഉടമസ്ഥരോട് നന്ദിയറയിക്കുന്നുവെന്നും മികച്ച കോച്ചിംഗ് ടീമിന്റെയും സീനിയര്‍ അംഗങ്ങളുടെയും പിന്തുണയോടെ തന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ദല്‍ഹി ക്യാപ്റ്റന്‍സിക്കായി കാഴ്ച വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Rishabh Pant named Delhi Capitals captain