വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തിലെത്തിയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. അഞ്ച് മത്സരങ്ങളാണ് ഈ പര്യടനത്തില്‍ ഇന്ത്യ കളിക്കുക.
ഈ പരമ്പരയില്‍ ഒരു തകര്‍പ്പന്‍ റെക്കോഡുകള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡില്‍ ഗില്‍ക്രിസ്റ്റ് അടക്കമുള്ള ഇതിഹാസങ്ങളെ വെട്ടാനും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ലെജന്‍ഡ് ധോണിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് റിഷബ് പന്തിനുള്ളത്.
ഈ പട്ടികയില്‍ 511 റണ്‍സുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് പന്ത്. ഇംഗ്ലണ്ടില്‍ കളിച്ച എട്ട് മത്സരത്തില്‍ നിന്നും 34.06 ശരാശരിയിലാണ് പന്ത് റണ്‍സടിച്ചത്. രണ്ട് സെഞ്ച്വറിയും അത്രതന്നെ അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
ഐ.പി.എല്ലില്‍ പുറത്തെടുത്ത മോശം പ്രകടനത്തിന്റെ പേരില്‍ ആവോളം വിമര്‍ശനങ്ങളേറ്റുവാങ്ങിയാണ് പന്ത് തന്റെ സ്ട്രോങ് ഏരിയയായ ടെസ്റ്റിലേക്കിറങ്ങുന്നത്.
റെഡ് ബോളില്‍ നിലവില്‍ ഇന്ത്യയുടെ വിശ്വസ്തരില്‍ പ്രധാനിയും പന്ത് തന്നെയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടീമിനൊപ്പമില്ലാത്തതിനാല്‍ ഈ പരമ്പരയില്‍ താരത്തിന്റെ ഉത്തരവാദിത്തവും വലുതായിരിക്കും.
ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് വിസിറ്റിങ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – ഇന്ത്യ – 778
റോഡ്നി മാര്‍ഷ് – ഓസ്ട്രേലിയ – 773
ജോണ്‍ വൈറ്റ് – സൗത്ത് ആഫ്രിക്ക – 684
ഇയാന്‍ ഹീലി – ഓസ്ട്രേലിയ – 684
ജെഫ് ഡുജോണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 604
ഫാറൂഖ് എന്‍ജിനീയര്‍ ഇന്ത്യ – 563
ആദം ഗില്‍ക്രിസ്റ്റ് – ഓസ്ട്രേലിയ – 521
ബ്രാഡ് ഹാഡിന്‍ – ഓസ്ട്രേലിയ – 513
റിഷബ് പന്ത് – ഇന്ത്യ – 511
ഈ റെക്കോഡ് നേട്ടം മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ പരമ്പരയും റിഷബ് പന്ത് ഇന്ത്യക്കായി സ്വന്തമാക്കേണ്ടതുണ്ട്.
ഇംഗ്ലണ്ട് ആതിഥേയരായ ടെസ്റ്റ് പരമ്പരയില്‍ അത്ര കണ്ട് മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.