2024ലെ ജെയ്‌സ്വാളിനെ തോല്‍പ്പിക്കാനാകാതെ 2025ലെ പന്ത്, രണ്ടാമന്‍; ഈ വര്‍ഷമവസാനിക്കുമ്പോള്‍ കാര്യങ്ങളിങ്ങനെ
Sports News
2024ലെ ജെയ്‌സ്വാളിനെ തോല്‍പ്പിക്കാനാകാതെ 2025ലെ പന്ത്, രണ്ടാമന്‍; ഈ വര്‍ഷമവസാനിക്കുമ്പോള്‍ കാര്യങ്ങളിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th November 2025, 9:07 am

2025 കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഒട്ടും അഭിമാനിക്കാവുന്ന നേട്ടങ്ങളല്ല ഈ വര്‍ഷം അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഒറ്റ മത്സരത്തില്‍ പോലും പരാജയപ്പെടാതെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും സ്വന്തമാക്കിയപ്പോഴും അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നഷ്ടങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേരിടാനുണ്ടായിരുന്നത്.

നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഒമ്പത് ടെസ്റ്റും കഴിഞ്ഞ സൈക്കിളിലെ ഒരു ടെസ്റ്റുമടക്കം പത്ത് റെഡ് ബോള്‍ മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ അഞ്ചിലും പരാജയപ്പെട്ടപ്പോള്‍ നാലെണ്ണത്തില്‍ ജയിച്ചു. ഒരു മത്സരം സമനിലയിലായി.

ഇന്ത്യൻ ക്രിക്കറ്റ് ടീം
കടപ്പാട്: ബി.സി.സി.ഐ/എക്സ്

അതേസമയം, ഈ വര്‍ഷം ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ആദ്യ പത്ത് താരങ്ങളില്‍ അഞ്ചും ഇന്ത്യന്‍ താരങ്ങളാണ്. ഏറ്റവുമധികം ഫോറടിച്ചതിന്റെയും സിക്‌സര്‍ പറത്തിയതിന്റെയും റെക്കോഡിലും ഒന്നാമത് ഇന്ത്യന്‍ താരങ്ങളാണെങ്കിലും ടോട്ടല്‍ പെര്‍ഫോര്‍മന്‍സില്‍ ടീമിന് പിഴയ്ക്കുകയായിരുന്നു.

ഏഴ് മത്സരത്തിലെ 13 ഇന്നിങ്‌സില്‍ നിന്നും 26 സിക്‌സര്‍ നേടിയ റിഷബ് പന്താണ് 2025ല്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരം. ഈ വര്‍ഷം നിലവില്‍ ഏറ്റവുമധികം സിക്‌സറടിച്ച താരവും പന്ത് തന്നെ.

റിഷബ് പന്ത് | Photo: BCCI

എന്നാല്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. 2024ല്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍ അടിച്ചെടുത്ത 36 സിക്‌സറുകള്‍ തന്നെയാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.

യശസ്വി ജെയ്‌സ്വാള്‍ | Photo: BCCI

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരം

(താരം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – 36 – 2024

റിഷബ് പന്ത് – 26 – 2025*

വിരേന്ദര്‍ സേവാഗ് – 22 – 2008

റിഷബ് പന്ത് – 21 – 2022

രോഹിത് ശര്‍മ – 20 – 2019

ശുഭ്മന്‍ ഗില്‍ – 18 – 2024

മായങ്ക് അഗര്‍വാള്‍ – 18 – 2018

ഹര്‍ഭജന്‍ സിങ് – 16 – 2010

റിഷബ് പന്ത് – 15 – 2011

ശുഭ്മന്‍ ഗില്‍ – 15 – 2025

അടുത്ത ഒമ്പത് മാസത്തോളം ഇന്ത്യ അന്താരാഷ്ട്ര റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കില്ല. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യ ഇനി ടെസ്റ്റ് കളിക്കുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ വീണ്ടും എതിരാളികളുടെ തട്ടകത്തില്‍ ടെസ്റ്റ് കളിക്കാനെത്തും. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ഈ പര്യടനത്തിലും രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക.

2026ല്‍ ഇന്ത്യ ആകെ നാല് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിക്കുക.

2025-27 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തും.

Content Highlight: Rishabh Pant becomes second player to hit most Test sixes for India in a calendar year