സൗത്ത് ആഫ്രിക്ക എതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.
ബാറ്റിങ്ങിനിടയില്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെമ്പ ബാവുമയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും ബൗളര്‍ ജസ്പ്രീത് ബുംറയും ബാവുമ കുള്ളന്‍ ആണെന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എല്‍.ബി.ഡബ്ല്യു റിവ്യൂ ചെയ്യുന്നതിനിടയില്‍ ബാവുമയെക്കുറിച്ച് ‘ബൗനാ ഭി ഹേ യേ ബാറ്റ്‌സ്മാന്‍ (ബാറ്റ്‌സ്മാന്‍ കുള്ളനാണ്)’ എന്നായിരുന്നു പന്ത് നടത്തിയ പരാമര്‍ശം. സൗത്ത് ആഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്ത് നില്‍ക്കവെയായിരുന്നു. സംഭവം.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നേടിക്കൊടുത്ത ക്യാപ്റ്റനാണ് തെമ്പ ബാവുമ. അദ്ദേഹത്തെ ബോഡി ഷെയിം ചെയ്ത ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ പ്രവര്‍ത്തി ഒട്ടും യോജിച്ചതല്ലെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
നിറത്തിന്റെയും ഉയരത്തിന്‌റെയും പേരില്‍ നേരത്തെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട താരം കൂടിയാണ് ബാവുമ. ശേഷം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയെ ലോക ചാമ്പ്യന്‍മാരാക്കിക്കൊടുത്താണ് താരം വിമര്‍ശനങ്ങളെ നേരിട്ടത്.
അതേസമയം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 159 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ 12 റണ്‍സിനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.