ഇംഗ്ലണ്ടിനെതിരായ നാലാം ടി-20 മത്സരം ജനുവരി 31ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
മത്സരത്തില്‍ തിരിച്ചുവരാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ യുവ സൂപ്പര്‍ താരം റിങ്കു സിങ്. പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ റിങ്കുവിന് നഷ്ടമായിരുന്നു. ഇപ്പോള്‍ താരം ഫിറ്റാണെന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് അസിസ്റ്റന്‍ഡ് കോച്ച് റയാന്‍ ടെന്‍ ദോഷേറ്റ്.
‘റിങ്കു ഫിറ്റാണ്, അവന്‍ ഇടുത്ത മത്സരത്തില്‍ ലഭ്യമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ അവന് നഷ്ടമായിരുന്നു. പൂനെയില്‍ നടക്കുന്ന നാലാം മത്സരത്തിന് അവന്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നു, ‘റയാന്‍ ടെന്‍ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
റിങ്കുവിന് പകരമായി ധ്രുവ് ജുറെലിനെയാണ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരത്തിന് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. മികച്ച ഫിനിഷര്‍ ലെവലില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിച്ച റിങ്കുവിന്റെ വിടവ് കഴിഞ്ഞ മത്സരത്തില്‍ പ്രകടമായിരുന്നു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യ പരാജയപ്പെട്ടു. നിര്‍ണായകമായ നാലാം മത്സരത്തില്‍ റിങ്കുവിനെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
ഇതുവരെ ടി-20ഐയില്‍ 31 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്ന് 507 റണ്‍സാണ് റിങ്കു നേടിയത്. 46.9 എന്ന ആവറേജിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. അതില്‍ 69 റണ്‍സിന്റെ ഉയര്‍ന്ന സ്‌കേര്‍ നേടാനും താരത്തിന് സാധിച്ചിരുന്നു.