മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് റിമ കല്ലിങ്കല്‍. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന സിനിമയിലും നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു.
റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമാണ് ബാക്ക് സ്റ്റേജ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പത്മപ്രിയയെ കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കല്‍. നര്‍ത്തകിമാരായിട്ടാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും പത്മപ്രിയയാണ് ആദ്യം സിനിമയില്‍ വന്നതെന്നും റിമ പറയുന്നു.
കാഴ്ച, വടക്കുംനാഥന്‍, അമൃതം തുടങ്ങി കുറേ സിനിമകളില്‍ പത്മപ്രിയയുടെ അഭിനയം കണ്ട് താന്‍ ഞെട്ടിയിട്ടുണ്ടെന്നും മലയാളിയല്ലാത്ത പത്മപ്രിയ മലയാളിയായി മലയാളികളെ തോല്‍പ്പിക്കുന്നതുപോലെ അഭിനയിക്കുമെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. തനിക്ക് ആദരവ് തോന്നിയിട്ടുള്ളൊരാളാണ് പത്മപ്രിയയെന്നും ഓവര്‍ അച്ചീവര്‍ ആണെന്നും റിമ കൂട്ടിച്ചേര്‍ത്തു.
‘നര്‍ത്തകിമാരായിട്ടാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജിലെ പഠനശേഷം, അവിടെയുള്ള നൃത്യനൃത്ത എന്ന കണ്ടംപററി ഡാന്‍സ് കമ്പനിയില്‍ നാലുവര്‍ഷം ഞാന്‍ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് പത്മപ്രിയയെ ആദ്യമായി കാണുന്നത്.
പത്മപ്രിയയാണ് ആദ്യം സിനിമയില്‍ വന്നതും. ‘കാഴ്ച’, ‘വടക്കുംനാഥന്‍’, ‘അമൃതം’ തുടങ്ങി കുറേ സിനിമകളില്‍ പത്മപ്രിയയുടെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ആള്‍ മലയാളിയല്ലെന്ന് എനിക്കറിയാലോ. പക്ഷേ, മലയാളികളെ തോല്‍പ്പിക്കുന്നതുപോലെ മലയാളിയായിട്ട് അഭിനയിക്കും. കണ്ടാല്‍ മലയാളിയല്ലെന്ന് നമ്മള്‍ വിശ്വസിക്കുകയേയില്ല.
എനിക്ക് ശരിക്കും ആദരവ് തോന്നിയിട്ടുള്ളൊരാളാണ് പത്മപ്രിയ. ഞങ്ങളൊക്കെ കളിയാക്കും, ‘ഭയങ്കര ഓവര്‍ അച്ചീവര്‍’ ആണെന്ന്. എന്ത് ചെയ്യുകയാണെങ്കിലും, അതില്‍ മികച്ചുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നയാള്‍. അതില്‍ കുറഞ്ഞൊരു പരിപാടിയില്ല. മിസ് ഹൈദരാബാദ് ആയിരുന്നു, ഭരതനാട്യം നര്‍ത്തകിയാണ്, ഐഎ എസ് പഠനം…അങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്യുന്നു,’ റിമ കല്ലിങ്കല്‍ പറയുന്നു.
Content Highlight: Rima Kallingal Talks About Pathmapriya