| Tuesday, 6th May 2025, 1:55 pm

കഴിഞ്ഞ പിറന്നാളിന് കൂട്ടുകാരികള്‍ തന്ന സര്‍പ്രൈസ്; അന്ന് എനിക്ക് അഭിമാനവും വിജയവും തോന്നി: റിമ കല്ലിങ്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് റിമ കല്ലിങ്കല്‍. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന സിനിമയിലും നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സുഹൃത്തുക്കള്‍ കഴിഞ്ഞ പിറന്നാളിന് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് പറയുകയാണ് റിമ കല്ലിങ്കല്‍.

‘എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഇക്കഴിഞ്ഞ എന്റെ പിറന്നാളാഘോഷം കൂട്ടുകാര്‍ ചേര്‍ന്ന് എനിക്ക് തന്ന ഒരു സര്‍പ്രൈസായിരുന്നു. സ്‌കൂള്‍കാലം തൊട്ടുള്ള അമ്പതോളം കൂട്ടുകാര്‍ അന്ന് പല സ്ഥലങ്ങളില്‍ നിന്നുമെത്തി എനിക്കായി സമയം നീക്കിവെച്ചു.

എന്നെ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന ഇത്രയധികം ആളുകള്‍ എനിക്കൊപ്പമുണ്ട് എന്നതില്‍ എനിക്ക് അന്ന് വളരെ അഭിമാനവും വിജയവും തോന്നി. ജീവിതത്തില്‍ ഞാനുണ്ടാക്കിയെടുത്ത കുടുംബമായിട്ടാണ് അവരെ കാണുന്നത്. ആ ഫീമെയ്ല്‍ ഫ്രണ്ട്ഷിപ്പ് കാരണമാണ് ഇക്കഴിഞ്ഞ 10 വര്‍ഷം ഞാന്‍ പിടിച്ചുനിന്നതും,’ റിമ കല്ലിങ്കല്‍ പറയുന്നു.

ഇപ്പോള്‍ റിമ അഭിനയിച്ച് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് സ്റ്റേജ്.യുവ സപ്‌നോ കാ സഫര്‍ എന്ന ആന്തോളജിയിലെ ഒരു സെഗ്മെന്റാണ് ഇത്. ചിത്രത്തില്‍ പത്മപ്രിയയാണ് റിമയ്ക്കൊപ്പം അഭിനയിച്ചത്. ഈ സിനിമയിലെ തന്റെ ഡയലോഗിനെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു.

‘ബാക്ക് സ്റ്റേജില്‍ ഞാന്‍ അവതരിപ്പിച്ച ശ്രീകന്യ പറയുന്നൊരു ഡയലോഗുണ്ട്. ‘ശ്രീകാന്ത് പോട്ടെ. പക്ഷെ നീ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു’ എന്നതാണ് ആ ഡയലോഗ്. ആ ഡയലോഗ് എനിക്കൊരുപാട് ഇഷ്ടമാണ്. കുറേയേറെ അര്‍ത്ഥങ്ങളുണ്ട് അതിന്.

പങ്കാളി അല്ലെങ്കില്‍ ഭര്‍ത്താവ്, ഇവരുടെ ചുറ്റുമാണ് നമ്മള്‍ സ്ത്രീകളുടെ ജീവിതമെന്നാണ് ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. അങ്ങനെ പറഞ്ഞ് പഠിപ്പിച്ചൊരു ലോകത്തിനോടും സമൂഹത്തോടും നമ്മള്‍ പറയുകയാണ്, ‘അതല്ല, നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ’ എന്ന്,’ റിമ കല്ലിങ്കല്‍ പറയുന്നു.

Content Highlight: Rima Kallingal Talks About Her Female Friendships

Latest Stories

We use cookies to give you the best possible experience. Learn more