കോഴിക്കോട്: ജനുവരി രണ്ടിന് നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിക്കെതിരെ സോഷ്യല്‍ മീഡിയയിലെ വലത് അനുകൂലികള്‍. ഹിന്ദുമതത്തെ അധിക്ഷേപിക്കും വിധത്തിലുള്ള ചിത്രമാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വന്നുവീഴുന്നതിന് സമാനമായ ലോട്ടറിയിലെ ചിത്രീകരണമാണ് വലത് അനുകൂലികളെ പ്രകോപിപ്പിച്ചത്.
ആര്‍ട്ടിസ്റ്റ് ടോം ജോസഫിന്റെ ചിത്രമാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ ശേഖരത്തില്‍ നിന്നാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഈ ചിത്രം കണ്ടെത്തിയത്. ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ‘സുവര്‍ണ്ണ കേരളം’ (SK 34) ലോട്ടറിയിലാണ് വിവാദ ചിത്രം അച്ചടിച്ചിരിക്കുന്നത്.
ലളിതകലാ അക്കാദമിയിലെ ആർട്ടിസ്റ്റുകൾ തയ്യാറാക്കുന്ന ചിത്രങ്ങളാണ് നിലവില്‍ ടിക്കറ്റുകളില്‍ അച്ചടിക്കുന്നത്. ടോം ജോസഫിന്റെ ചിത്രവും സമാനമായാണ് ഉള്‍പ്പെടുത്തിയത്.
12 സീരീസുകളിലായി പുറത്തിറങ്ങിയ ഈ ലോട്ടറിയുടെ പതിനായിരക്കണക്കിന് ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വി.എച്ച്.പി അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
‘ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്നതായിട്ടാണ് പ്രസ്തുത ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നത്. ഇത് ഹിന്ദുക്കളേയും ശിവലിംഗത്തേയും ഹിന്ദുവിശ്വാസ പ്രമാണങ്ങളേയും ബോധപൂര്‍വം അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളലോട്ടറി വകുപ്പിലൂടെ ഈ ചിത്രം അടിച്ചു ഇറക്കിയിരിക്കുന്നത്. കൂട്ടത്തില്‍ രക്തക്കറ പുരണ്ട ഒരു വസ്ത്രത്തിന്റെ ചിത്രം കൂടിയുണ്ട്. സരസ്വതി ദേവിയുടേയും ഭാരത മാതാവിന്റെയും നഗ്‌ന ചിത്രം വരച്ച എം.എഫ്. ഹുസൈന് ലോക പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മയുടെ പേരിലുള്ള അവാര്‍ഡ് കൊടുത്ത് ഹിന്ദുസമൂഹത്തെ ഒന്നാകെ അപമാനിച്ചവരാണ് 2016ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ എന്നോര്‍ക്കണം,’ എന്ന് വി.എച്ച്.പി കേരള ഘടകം ഫേസ്ബുക്കില്‍ കുറിച്ചു.
വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിലയില്‍ ലോട്ടറിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിച്ചത്. ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴുന്ന ചിത്രം ലൈംഗിക ആഭാസമാണെന്ന് ബി.ജെ.പി നേതാവ് എസ്. സുരേഷും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ പ്രാചീനതന്ത്ര പാരമ്പര്യത്തില്‍ ആര്‍ത്തവ രക്തം അശുദ്ധമാണെന്ന സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്ന് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി. പ്രാചീനതന്ത്ര ഗ്രന്ഥമായ ജയദ്രഥ യാമളത്തില്‍ ത്രിശൂലത്തില്‍ ശക്തിയെ ആവാഹിച്ച് അതില്‍ ആര്‍ത്തവ രക്തം അഭിഷേകം ചെയ്യുന്നത് സംബന്ധിച്ച കൃത്യമായ വിവരണങ്ങള്‍ കാണാമെന്നും ശ്യാം കുമാര്‍ അദ്ദേഹം പറയുന്നു.
ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പൂത്ത് ചടങ്ങുകള്‍ ദേവിയുടെ ആര്‍ത്തവാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ആര്‍ത്തവം സ്ത്രീ ശരീരത്തെ അശുദ്ധമാക്കുന്നുവെന്ന് സിദ്ധാന്തിച്ചത് ധര്‍മശാസ്ത്രങ്ങളാണെന്നും ശ്യാം കുമാര്‍ പ്രതികരിച്ചു.
ശാങ്കരസ്മൃതിയില്‍ ആര്‍ത്തവമുള്ള സ്ത്രീ കണ്ണെഴുതുകയോ പൊട്ട് കുത്തുകയോ ചെയ്യാന്‍ പാടില്ലെന്നും വീട്ടിലെ യാതൊരു വസ്തുക്കളെയും സ്പര്‍ശിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യ പൂര്‍ണമായ ആരാധനാ സമ്പ്രദായങ്ങളെ തമസ്‌ക്കരിച്ച്, ഏകശിലാത്മകമായ ഒരു മതരൂപം സൃഷ്ടിക്കുന്നത് ഇന്ത്യയിലെ പ്രാചീനതന്ത്ര പാരമ്പര്യത്തിന്റെ ചരിത്രം മറച്ചുവെച്ചുകൊണ്ട് സ്മൃതി മതം അടിച്ചേല്‍പ്പിക്കാനാണെന്നും ടി.എസ് ശ്യാം കുമാര്‍ പറഞ്ഞു.
Content Highlight: Right-wing supporters protest against lottery department over sexually explicit image