ന്യൂദല്ഹി: ഭരണഘടനയുടെ 21,19(1) അനുച്ഛേദങ്ങള് ചേര്ത്ത് വായിക്കുമ്പോള് ഇന്റര്നെറ്റ് ലഭ്യമാക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നും പ്രായഭേദമെന്യേ കുട്ടികള്ക്കും ഇതേ അവകാശങ്ങളുണ്ടെന്നും സുപ്രീം കോടതി. കുട്ടികള്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൂര്ണമായി നിഷേധിക്കുന്നത്, ഒരു നിശ്ചിത പ്രായത്തില് താഴെയുള്ള കുട്ടികളുടെ മനസാക്ഷിക്ക് സംരക്ഷണം ആവശ്യമില്ലെന്നോ അവരുടെ അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്നോ പറയുന്നതിന് തുല്യമായ അസംബന്ധമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്ത്തു.
സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും മറ്റ് ഓണ്ലൈന് സേവനങ്ങളിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ദൃശ്യങ്ങളും ഉള്ളടക്കങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്നതിനിടെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലന്നും കുട്ടികള്ക്ക് രണ്ടിനും അര്ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരെ ഇന്റര്നെറ്റില് നിന്നും സാമൂഹിക മാധ്യമങ്ങളില് നിന്നും പൂര്ണമായും അകറ്റി നിര്ത്തേണ്ടതുണ്ടോ എന്ന വിഷയവും കോടതി പരിശോധിച്ചു.
ഭരണഘടനയുടെ 19(1) അനുച്ഛേദം ഉറപ്പ് നല്കുന്ന അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തില് അറിയാനും വിവരങ്ങളും ആശയങ്ങളും സ്വീകരിക്കാനും കൈമാറാനുമുള്ള അവകാശവും ഉള്പ്പെടുന്നുവെ്ന് കോടതി ചൂണ്ടിക്കാട്ടി.
ആശയങ്ങള് പങ്കുവെക്കുന്നതിനും സര്ഗാത്മകമായ ആവിഷ്കാരത്തിനും വിവരങ്ങള് ലഭ്യമാക്കുന്നതിനുമുള്ള വേദിയായാണ് കോടതി ഇന്റര്നെറ്റിനെ വിശേഷിപ്പിച്ചത്. വിദൂര പ്രദേശങ്ങളിലുള്ള നിരവധി കുട്ടികള്ക്ക് പഠനത്തിനും വിവരങ്ങള് ലഭിക്കുന്നതിനുമുള്ള ഏക മാര്ഗം ഇപ്പോഴും ഇന്റര്നെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്ക്ക് തങ്ങളെപ്പോലെയുള്ള മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കാനും കൂട്ടായ്മ കണ്ടെത്താനും കഴിയുന്ന ഏക ഇടം പലപ്പോഴും ഇന്റര്നെറ്റ് ആണെന്നും കോടതി കൂട്ടിച്ചേര്ത്തു.
ഇന്നത്തെ സാഹചര്യത്തില് ഇന്റര്നെറ്റ് കുട്ടികള്ക്ക് പൂര്ണമായും സുരക്ഷിതമല്ലെന്ന് അംഗീകരിച്ച ബെഞ്ച് ഹാനികരമായ ഉള്ളടക്കങ്ങള് കണ്ടെത്തി നീക്കം ചെയ്യുന്നതില് ഡിജിറ്റല് പ്ലാറ്റ്ഫോമുകള് പരാജയപ്പെടുന്നതിന്റെ പേരില് കുട്ടികളെ ഇന്റര്നെറ്റില് നിന്നും അകറ്റി നിര്ത്തുന്നത് പ്രശ്നത്തിന് ഇരയായവരെ പ്രശ്നമായി കാണുന്നതിന് തുല്യമാണെന്ന് പറഞ്ഞു.
ഇന്റര്നെറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചാല് കുട്ടികള് നിയന്ത്രണങ്ങളില്ലാത്തതും കൂടുതല് സുരക്ഷാരഹിതവുമായ മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും വെബ്സൈറ്റുകളിലേക്കും മാറിയേക്കാമെന്നും കോടതി പറഞ്ഞു.
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന കുട്ടികള്ക്ക് മാതാപിതാക്കളുടെ സമ്മതവും മാര്ഗനിര്ദേശവും മേല്നോട്ടവും ഉറപ്പാക്കുന്ന സംവിധാനത്തിന് കൂടുതല് പ്രാധാന്യം നല്കാമെന്ന് കോടതി നിര്ദേശിച്ചു. കുട്ടികളുടെ അക്കൗണ്ടുകള്ക്കായി പ്രത്യേക ‘ചൈല്ഡ് മോഡ്’ സംവിധാനവും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള് (CSEAM) കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സുപ്രീം കോടതി നിരവധി നിര്ദേശങ്ങളും പുറപ്പെടുവിച്ചു. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഇത്തരം ഉള്ളടക്കങ്ങള് തിരിച്ചറിയാനും നീക്കം ചെയ്യാനും സഹായിക്കുന്ന സമഗ്രമായ ദേശീയ ഡാറ്റാബേസ് രൂപീകരിക്കുന്നതും നിര്ദേശങ്ങളില് ഉള്പ്പെടുന്നു.
Content Highlight: Right To Access & Use Internet A Fundamental Right Of Every Individual Including Children : Supreme Court
