ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇപ്പോള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ഫൈനലില്‍ ന്യൂസിലാന്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ അന്നത്തെ ദിവസം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നതിനാലാണ് കിവീസ് പരാജയപ്പെട്ടതെന്നുമാണ് പോണ്ടിങ് പറഞ്ഞത്. മാത്രമല്ല അടുത്ത ഐ.സി.സി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് തീര്‍ച്ചയായും കിരീടം സ്വന്തമാക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഫൈനലിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എതിരാളി ഇന്ത്യയായതുകൊണ്ടും അന്നത്തെ ദിവസം അവര്‍ക്ക് അനുകൂലമായതുകൊണ്ടുമാണ് ന്യൂസിലാന്‍ഡിന് തോല്‍വി വഴങ്ങേണ്ടി വന്നത്. എന്നാല്‍ അധികം വൈകാതെ ഏത് കരുത്തുറ്റ ടീമിനെയും പരാജപ്പെടുത്തി ഐ.സി.സിയുടെ കിരീടം സ്വന്തമാക്കാന്‍ കിവികള്‍ക്ക് സാധിക്കും,’ റിക്കി പോണ്ടിങ് പറഞ്ഞു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.