സച്ചിന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ തന്നെ അവന്‍ സ്‌പെഷ്യലാണെന്ന് മനസിലായി; പുകഴ്ത്തി പോണ്ടിങ്
Sports News
സച്ചിന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ തന്നെ അവന്‍ സ്‌പെഷ്യലാണെന്ന് മനസിലായി; പുകഴ്ത്തി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th July 2025, 1:57 pm

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പുകഴ്ത്തി മുന്‍ ഓസീസ് സൂപ്പര്‍ താരവും ഇതിഹാസ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്റ്റാര്‍ക് 100 ടെസ്റ്റുകള്‍ കളിക്കുകയും 400 വിക്കറ്റ് പൂര്‍ത്തിയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോണ്ടിങ് താരത്തെ പ്രശംസിച്ചത്. ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് സ്റ്റാര്‍ക് ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്.

‘400ലധികം ടെസ്റ്റ് വിക്കറ്റുകളുമായി അവന്‍ മനോഹരമായ ഒരു ടെസ്റ്റ് കരിയര്‍ പടുത്തുയര്‍ത്തി. ചെറുപ്പത്തില്‍ അവന്റെ പ്രകടനം കണ്ട ആര്‍ക്കും അവന്‍ നൂറ് ടെസ്റ്റ് മത്സരം കളിക്കുമെന്നും 400ഓ 500ഓ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുമെന്നും ഉറപ്പായിരുന്നു,’ ഐ.സി.സി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.

 

2009ല്‍ ന്യൂ സൗത്ത് വെയ്ല്‍സിനായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചുകൊണ്ടാണ് സ്റ്റാര്‍ക് തന്റെ കരിയര്‍ ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ടുതന്നെ ബാഗി ഗ്രീന്‍ ശിരസിലണിയാനും സ്റ്റാര്‍ക്കിന് സാധിച്ചു.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ സ്റ്റാര്‍ക് പന്തെറിഞ്ഞതിനെ കുറിച്ചും പോണ്ടിങ് ഓര്‍ത്തെടുത്തു.

‘അവന്‍ സച്ചിനെതിരെ ഒരു സ്‌പെല്‍ എറിഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അവന്‍ ഒരു ഷോര്‍ട്ട് ബോളെറിഞ്ഞ് സച്ചിന്റെ ദേഹത്ത് കൊള്ളിച്ചു. അവന്റെ പേസും ബൗണ്‍സും കാണുമ്പോള്‍, ഒപ്പം സച്ചിനെ പോലെ ഒരു ബാറ്റര്‍ അവനെതിരെ ബുദ്ധിമുട്ടുന്നതുകൂടി കാണുമ്പോള്‍, ആ നിമിഷമാണ് മിച്ചല്‍ സ്റ്റാര്‍ക് സ്‌പെഷ്യലാണെന്ന് എനിക്ക് മനസിലായത്,’ പോണ്ടിങ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലാണ് സ്റ്റാര്‍ക് 400 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റും താരം സ്വന്തമാക്കി.

മത്സരത്തിലെ നാലാം വിക്കറ്റിന് പിന്നാലെയാണ് സ്റ്റാര്‍ക് 400 വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഈ റെക്കോഡ് നേടുന്ന 18ാം താരവും നാലാം ഓസ്‌ട്രേലിയന്‍ താരവുമാണ് സ്റ്റാര്‍ക്.

 

ടെസ്റ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 273 – 708

ഗ്ലെന്‍ മഗ്രാത് – 243 – 563

നഥാന്‍ ലിയോണ്‍ – 259 – 562

മിച്ചല്‍ സ്റ്റാര്‍ക് – 192 – 402*

ഇതിന് പുറമെ മറ്റൊരു ചരിത്ര നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കി. ഏറ്റവും കുറവ് പന്തുകളില്‍ 400 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണിത്. എറിഞ്ഞ 19,062ാം പന്തിലാണ് സ്റ്റാര്‍ക് 400 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്നിന് ശേഷം 20,000 പന്തുകള്‍ക്ക് മുമ്പ് 400 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരം – എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍

(താരം – ടീം – 400 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന പന്തുകള്‍ എന്നീ ക്രമത്തില്‍)

ഡെയ്ല്‍ സ്റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 16,634

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 19,062*

റിച്ചാര്‍ഡ് ഹാര്‍ഡ്ലി – ന്യൂസിലാന്‍ഡ് – 20,300

ഗ്ലെന്‍ മഗ്രാത് – ഓസ്ട്രേലിയ – 20,526

വസീം അക്രം – പാകിസ്ഥാന്‍ – 21,200

ആര്‍. അശ്വിന്‍ – ഇന്ത്യ – 21,242

 

 

Content Highlight: Ricky Ponting praises Mitchell Starc