ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിട്ടുണ്ട്. ബൗളിങ്ങിന് പിന്തുണയുള്ള പിച്ചില്‍ മികച്ച ലീഡിലേക്കാണ് ഓസീസ് കുതിക്കുന്നത്. നിലവില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി ക്രീസിലുള്ളത് മിച്ചല്‍ സ്റ്റാര്‍ക്കും (27), ജോഷ് ഹേസല്‍വുഡ്ഡുമാണ് (8).
മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി മികച്ച പ്രകടനമാണ് മാര്‍ക്കോ യാന്‍സന്‍ കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെതിരെ മൂന്ന് വിക്കറ്റുകള്‍ നേടിയ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടാന്‍ സാധിച്ചു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ പൂജ്യം റണ്‍സിനാണ് ഓള്‍ റൗണ്ടര്‍ പുറത്തായത്.
ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ശാന്തനായ ബൗളറാണ് യാന്‍സനെന്നും ആക്രമണ സ്വഭാവമുള്ള ഒരു ക്രിക്കറ്റ് കളിക്കാരന്‍ യാന്‍സന്റെയുള്ളില്‍ ഉണ്ടെന്നും പോണ്ടിങ് പറഞ്ഞു മാത്രമല്ല അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി യാന്‍സന്‍ മാറുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘വളരെ ശാന്തനായ ബോളറാണ് മാര്‍ക്കോ യാന്‍സന്‍. ബൗളിങ് നല്ലതാണെങ്കിലും മോശമാണെങ്കിലും യാന്‍സന്‍ ശാന്തത കൈവിടില്ല. എന്നിരുന്നാലും അവന്റെ ഉള്ളില്‍ ആക്രമണ സ്വഭാവമുള്ള ഒരു ക്രിക്കറ്റ് താരമുണ്ട്. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അവന്‍ ആളാകെ മാറും. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി യാന്‍സന്‍ മാറും.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് മാര്‍ക്കോ യാന്‍സന്‍. അവനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ഇത്ര ചെറുപ്പത്തില്‍ തന്നെ യാന്‍സനെ പോലൊരു മികച്ച താരത്തെ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കണ്ടിട്ടില്ല,’ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലിനിടെ പോണ്ടിങ് പറഞ്ഞു.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ വിക്കറ്റാണ് പ്രോട്ടിയാസിന് തുണയായത്.
ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവാണ് കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
Content Highlight: Rickey Ponting Talking About Marco Jansen