ഐ.പി.എല്‍ ആവേശം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് മികച്ചത് മൂന്നാം നമ്പറാണെന്ന് പോണ്ടിങ് പറഞ്ഞു. മാത്രമല്ല സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, കരുണ് നായര്‍ എന്നിവരടങ്ങുന്നതായിരിക്കും ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഒരു യുവ ക്യാപ്റ്റനെന്ന നിലയില്‍ അവന്‍ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങുന്നത് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കാം. ഇംഗ്ലണ്ട് പരമ്പരയുടെ തുടക്കത്തില്‍ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, കരുണ് നായര്‍ എന്നിവരായിരിക്കും അവരുടെ ആദ്യ അഞ്ച് പേര്‍,’ റിക്കി പോണ്ടിങ് പറഞ്ഞു.