നമീബിയയെ പൂട്ടിയവന്‍ തിരുത്തിയത് സിംബാബ്‌വെയുടെ ചരിത്രം!
Sports News
നമീബിയയെ പൂട്ടിയവന്‍ തിരുത്തിയത് സിംബാബ്‌വെയുടെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th October 2025, 11:05 pm

നമീബിയക്കെതിരായ ടി -20 മത്സരത്തില്‍ വിജയം സ്വന്തമാക്കി സിംബാബ്‌വെ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സിംബാബ്‌വെ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നമീബിയ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു സിംബാബ്‌വെ.

സിംബാബ്‌വെക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ടഡിവനാഷെ മരുമാനിയാണ്. 61 പന്തില്‍ 74 റണ്‍സാണ് ഓപ്പണര്‍ നേടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് താരം പുറത്താകാതെ ടീമിനെ വിജയിപ്പിച്ചത്. ഡിയോണ്‍ മയേഴ്‌സ് 44 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ പൂജ്യം റണ്‍സിനാണ് പുറത്തായത്.

നമീബിയക്ക് വേണ്ടി ബെര്‍ണാഡ് സ്രോള്‍സ് രണ്ട് വിക്കറ്റും ബെന്‍ ഷിക്കോങ്‌ഗോ ഒരു വിക്കറ്റും നേടി. നമീബിയക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയ ലോറന്‍ സ്റ്റീന്‍കാമ്പ് 27 പന്തില്‍ 40 റണ്‍സ് നേടി. നാല് ഫോര്‍ ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ ജെറാഡ് ഈറാസ്മസ് 38 റണ്‍സും നേടി. എന്നാല്‍ മറ്റാര്‍ക്കും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലായിരുന്നു.

സിബാബ്‌വെക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവയാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയതും. സിംബാബ്‌വേക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാകാനാണ് എന്‍ഗരാവയ്ക്ക് സാധിച്ചത്.

സിംബാബ്‌വേക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

റിച്ചാര്‍ഡ് എന്‍ഗരാവ – 100*

സിക്കന്ദര്‍ റാസ – 96

മുസാരബാനി – 91

ലൂക്ക് ജോങ്‌വെ – 66

എന്‍ഗരാവക്ക് പുറമെ ബ്രാഡ് ഇവാന്‍സ്, വെല്ലിങ്ടണ്‍ മസാകാഡ്‌സ, റയാന്‍ ബരല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.

Content Highlight: Richard Ngarava In Great Record Achievement For Zimbabwe