വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും ഒറ്റൊരു കിരീടം കൊണ്ട് മുറിവുണക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതകള്‍. കഴിഞ്ഞ ദിവസം ഐ.സി.സി. ഏകദിന ലോകകപ്പ് കലാശപ്പോരില്‍ പ്രോട്ടീയാസിനെ വീഴ്ത്തി ഹര്‍മനും സംഘവും കന്നി കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ് കൂടിയാണ് നിറഞ്ഞത്. 45ാം ഓവറിലെ മൂന്നാം പന്തില്‍ നദീന്‍ ഡി ക്ലാര്‍ക്ക് അടിച്ച പന്ത് ഹര്‍മന്‍ ചാടിയെടുക്കുമ്പോള്‍ ഒരു രാജ്യമൊട്ടാകെയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്.
രണ്ട് തവണ കാലിടറി വീണ ഈ വേദിയില്‍ മൂന്നാം അവസരത്തില്‍ കനക കിരീടമുയര്‍ത്തുമ്പോള്‍ ടീമിലെ 15 പേരും ഒരുപോലെ പ്രശംസക്ക് അര്‍ഹരാണ്. ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, മുതല്‍ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാന വരെ ഈ ലിസ്റ്റിലുള്ളവര്‍ തന്നെ. പലരും ആദ്യ കിരീടം ഉയര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് അതങ്ങനെയല്ല.
ഈ ക്രിക്കറ്റ് ലോകകപ്പ് റിച്ചയുടെ നാലാം സുവര്‍ണ നേട്ടമാണ്. താരം 2023ലാണ് ആദ്യമായി ഒരു കപ്പ് സ്വന്തമാക്കുന്നത്. ആ വര്‍ഷം U – 19 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ആദ്യ കിരീടത്തില്‍ മുത്തമിടുമ്പോള്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ഈ വെസ്റ്റ് ബംഗാളുകാരി കൂടിയുണ്ടായിരുന്നു. പിന്നെ രണ്ട് ട്രോഫികള്‍ കൂടി അതേ വര്‍ഷം തന്നെ താരം തന്റെ ഷെല്‍ഫിലെത്തിച്ചു.
ഏഷ്യാ കപ്പ് കിരീടത്തിലും ഏഷ്യന്‍ ഗെയിംസിലെ ഗോള്‍ഡ് മെഡലിലുമാണ് റിച്ച തന്റെ പേര് എഴുതി ചേര്‍ത്തത്. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ശ്രീലങ്കന്‍ വനിതകളെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയം. അടുത്ത വര്‍ഷവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒരു കിരീടം തന്റെ അക്കൗണ്ടിലെത്തിച്ചു.
റിച്ച ഘോഷ് 2023 U – 19 ടി – 20 ലോകക്കപ്പുമായി
വുമണ്‍ ഐ.പി.എല്ലില്‍ തന്റെ ക്ലബ്ബിനൊപ്പമായിരുന്നു റിച്ചയുടെ ഇത്തവണത്തെ കിരീടനേട്ടം. ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ കിരീടമുയര്‍ത്തിയപ്പോഴായിരുന്നു ഇത്. അതിന് ശേഷം ഇപ്പോള്‍ മറ്റൊരു കിരീടവും താരം സ്വന്തമാക്കിയിരുന്നു.
സീനിയര്‍ ടീമിനൊപ്പം ആദ്യ കിരീടം ഉയര്‍ത്തുമ്പോള്‍ റിച്ചക്കും അതിന് അഭിമാന നിമിഷമാണ്. ഫൈനലില്‍ തന്റെ ബാറ്റില്‍ നിന്ന് 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാനായി എന്നത് തന്നെ അതിന് കാരണമാണ്. ടൂര്‍ണമെന്റിലൊട്ടാകെ എട്ട് മത്സരങ്ങളില്‍ ഒരു ഫിഫ്റ്റിയടക്കം 235 റണ്‍സ് ടീമിനായി നേടാനായി എന്നതും ഇതിന് മാറ്റ് കൂട്ടുന്നു.
Content Highlight: Richa Ghosh lifted her fourth title by Indian Cricket Team winning ICC Women’s ODI World Cup 2025