ന്യൂദല്‍ഹി: പശ്ചിമേഷ്യയില്‍ ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യയുടെ അരി കയറ്റമതി മേഖല കടുത്ത പ്രതിസന്ധിയില്‍.
യുദ്ധസാഹചര്യത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസപ്പെട്ടതോടെ ഏകദേശം 4 ലക്ഷം ടണ്‍ ബസുമതി അരിയാണ് വിവിധ തുറമുഖങ്ങളിലും കപ്പലുകളിലുമായി കെട്ടിക്കിടക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ (ഐ.ആര്‍.ഇ.എഫ്) ആവശ്യപ്പെട്ടു.
ഏകദേശം 2,500 കോടി രൂപയുടെ പേയ്മെന്റുകള്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കയറ്റുമതി നിലച്ചതോടെ ആഭ്യന്തര വിപണിയില്‍ ബസുമതി അരിയുടെ വില കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 7 മുതല്‍ 10 ശതമാനം വരെ ഇടിഞ്ഞു. ഇത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരെയും മില്ലുടമകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യം അപ്രതീക്ഷിത പ്രതിസന്ധിയായി പ്രഖ്യാപിക്കണമെന്ന ആവിശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം.
ഇത് കരാര്‍ ലംഘനത്തിനുള്ള പിഴകളില്‍ നിന്ന് അവരെ സംരക്ഷിക്കും.
കൂടാതെ, തുറമുഖങ്ങളിലെ സ്റ്റോറേജ് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും ബാങ്ക് വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് സംഘടന കത്തുനല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ബസുമതി അരിയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വിപണികളായ സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് ഇതിന് പ്രധാന കാരണം.
ഇന്ത്യയില്‍ നിന്നുള്ള ആകെ ബസുമതി കയറ്റുമതിയുടെ 50 ശതമാനത്തോളം ഈ അഞ്ച് രാജ്യങ്ങളിലേക്കാണെന്നതും വലിയ പ്രതിസന്ധിയായെന്നാണ് വിലയിരുത്തല്‍.