| Monday, 17th August 2026, 8:49 am

വിസില്‍ മുഴങ്ങി 23ാം സെക്കന്‍ഡില്‍ ഗോള്‍! കിരീടത്തിനൊപ്പം വെട്ടിയത് സിറ്റിയുടെ ചരിത്ര ഗോളിനെയും

ആദർശ് എം.കെ.

എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ആഴ്‌സണല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗണ്ണേഴ്‌സ് ജയിച്ചുകയറിയത്.

പുതിയ സീസണിന് മുന്നേടിയായി ടീമിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.

റിക്കാര്‍ഡോ കലാഫിയോറി, കൈ ഹാവെര്ട്‌സ്, മാര്‍ട്ടിന്‍ ഒദെഗാര്‍ഡ് എന്നിവരാണ് പീരങ്കിപ്പടയ്ക്കായി ഗോള്‍ കണ്ടെത്തിയത്. ഗണ്ണേഴ്‌സിന്റെ 18ാം എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ് കിരീടമാണിത്.

മത്സരം ആരംഭിച്ച 23ാം സെക്കന്‍ഡില്‍ തന്നെ സിറ്റിസണ്‍സിനെ നിഷ്പ്രഭനാക്കി കലാഫിയോറി വലകുലുക്കിയിരുന്നു. ലൂയീസ് സ്‌കെല്ലിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കി. കമ്യൂണിറ്റി ഷീല്‍ഡ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന നേട്ടമാണ് ഗണ്ണേഴ്‌സ് താരം തന്റെ പേരിന് നേരെ കുറിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബോബി ഓവനിന്റെ പേരില്‍ അര നൂറ്റാണ്ടിലേറെ കാലമുണ്ടായിരുന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

കമ്യൂണിറ്റി ഷീല്‍ഡ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍

(താരം – ടീം – എതിരാളികള്‍ – സമയം – വര്‍ഷം എന്നീ ക്രമത്തില്‍)

റിക്കാര്‍ഡോ കലാഫയോറി – ആഴ്‌സണല്‍ – മാഞ്ചസ്റ്റര്‍ സിറ്റി – 23 സെക്കന്‍ഡ് – 2026*

ബോബി ഓവന്‍ – മാഞ്ചസ്റ്റര്‍ സിറ്റി – വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണ്‍ – 35 സെക്കന്‍ഡ് – 1968

ഗാരി മാക്അലിസ്റ്റര്‍ – ലിവര്‍പൂള്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 75 സെക്കന്‍ഡ് (പെനാല്‍ട്ടി) – 2001

ഇതിന് പുറമെ കമ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയോട് പരാജയപ്പെട്ടിട്ടില്ല എന്ന തങ്ങളുടെ നേട്ടം അരക്കിട്ടുറപ്പിക്കാനും പീരങ്കിപ്പടയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്ന നാല് തവണയും വിജയം ലണ്ടന്‍ ടീമിനൊപ്പമായിരുന്നു.

കമ്യൂണിറ്റി ഷീല്‍ഡില്‍ ഇരുവരും,

2014: ആഴ്‌സണല്‍ 3-0 – മാഞ്ചസ്റ്റര്‍ സിറ്റി

1934: ആഴ്‌സണല്‍ 4-0 – മാഞ്ചസ്റ്റര്‍ സിറ്റി

2023: ആഴ്‌സണല്‍ 1-1 – മാഞ്ചസ്റ്റര്‍ സിറ്റി (പെനാല്‍ട്ടിയില്‍ 4-1)

2026: ആഴ്‌സണല്‍ 3-0 – മാഞ്ചസ്റ്റര്‍ സിറ്റി

അതേസമയം, പ്രീമയര്‍ ലീഗില്‍ കോവെന്‍ട്രിക്കെതിരെയാണ് ആഴ്‌സണലിന്റെ ആദ്യ മത്സരം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി. അടുത്ത ദിവസം സിറ്റിസണ്‍സ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബോണ്‍മൗത്തിനെയാണ് നേരിടുക.

നവംബര്‍ 28നാണ് സിറ്റിയും ആഴ്‌സണലും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ ക്ലാഷിന് ഗണ്ണേഴ്‌സിന്റെ തട്ടകമാണ് വേദിയാവുക.

Content Highlight: Riccardo Calafiori scored a goal in the 23rd second against Manchester City in the FA Community Shield.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more