പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകളേറെ
economic issues
പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമ്പോള്‍ മറികടക്കാന്‍ കടമ്പകളേറെ
അശ്വിന്‍ രാജ്
Saturday, 30th June 2018, 10:28 pm
21 ജൂണ്‍ 2018 ന് നിര്‍ണ്ണായകമായ തീരുമാനം ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നും ഇതിനായി ഒരു ജഡ്ജി അധ്യക്ഷനായ സമിതി രൂപികരിക്കുമെന്നുമായിരുന്നു ആ തീരുമാനം. എന്നാല്‍ പദ്ധതിയില്‍ നിന്ന്  പിന്‍മാറാന്‍ എളുപ്പം കഴിയില്ലെന്നാണ് സാമ്പത്തിക  വിദഗ്ധര്‍ പറയുന്നത്.
 2013-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന് പകരം പങ്കാളിത്തപെന്‍ഷന്‍ കേരളത്തില്‍  നടപ്പാക്കിയത്.2004 ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഭട്ടാചാര്യ കമ്മറ്റി ആണ് പെന്‍ഷന്‍ സ്വകാര്യവത്കരണം എന്ന  നടപടിക്കു പ്രായോഗിക രൂപം  നല്‍കിയത്. എന്നാല്‍ ഇതിനും മുമ്പ് 2001 ജനുവരിയില്‍ പുറത്തിറക്കിയ ഒരുത്തരവിലൂടെ കേരള സംസ്ഥാനത്ത് ഇത് നടപ്പിലാക്കുവാന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ജീവനക്കാര്‍ 32 ദിനരാത്രങ്ങള്‍ നീണ്ടു നിന്ന സമരത്തിലൂടെ ആന്റണി സര്‍ക്കാരിന്റെ ഈ നീക്കത്തെ പരാജയപ്പെടുത്തി.
പിന്നീട് 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ഭീമമായ പെന്‍ഷന്‍ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ അന്ന് എല്‍.ഡി.എഫ്. പിന്തുണച്ചിരുന്നു.
എന്താണ് പങ്കാളിത്ത പെന്‍ഷനും സ്റ്റാറ്റിയൂട്ടറി പെന്‍ഷനും 
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവത്കരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള “ന്യൂ പെന്‍ഷന്‍ സ്‌കീം” (എന്‍.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരില്‍ നിന്നും അതത് മാസം സര്‍ക്കാര്‍ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാന്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ന്ന സംഖ്യ ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്‍കും
ഇതില്‍ നിന്ന് വിപരിതമായി പെന്‍ഷന്‍ പൂര്‍ണമായി സര്‍ക്കാര്‍ നല്‍കുന്നതാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി. ഇതില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വാങ്ങുന്ന ശമ്പളത്തിന്റെ പകുതി പെന്‍ഷനായി കിട്ടുമെന്ന് ഉറപ്പാണ്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞത് 
2012 മാര്‍ച്ചില്‍ കേരളത്തിന്റെ പൊതുകടം 88,746 കോടി രൂപയായിരുന്നു,
2001-02 ല്‍ 1,838 കോടിയായിരുന്ന പെന്‍ഷന്‍ തുക , 2011-12ല്‍ 8,700 കോടിയായി,
ഇങ്ങനെ പോയാല്‍ ഇത് 2021-22ല്‍ 41,180 കോടിയും 2031-32ല്‍ 1,95,000 കോടിയുമാകും,
പക്ഷെ ഇതിലോടൊപ്പം റവന്യൂ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകുന്നില്ല,
അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ പെന്‍ഷന്‍ സമ്പ്രദായമനുസരിച്ച് ഭാവിയില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ല.
തീരുമാനം പിന്‍വലിക്കുമ്പോളുള്ള പ്രശ്നങ്ങള്‍ 
എല്‍.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം മാറ്റി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുമെന്നത്  “”20,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ വിരമിക്കുന്നയാളിനു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം എത്ര രൂപ പെന്‍ഷന്‍ ലഭിക്കും? അടിസ്ഥാന ശമ്പളത്തിന്റെ 10% വീതം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയുടെയും സര്‍ക്കാരിന്റെ തുല്യവിഹിതത്തിന്റെയും 8% പലിശയും വച്ചു പ്രതിമാസം എത്ര പെന്‍ഷന്‍ ലഭിക്കുമെന്നു കണക്കുകൂട്ടാവുന്നതേയുള്ളൂ. എത്ര ഭീകരമായ വെട്ടിക്കുറവാണ് ഉണ്ടാകുന്നതെന്ന് അപ്പോള്‍ ബോധ്യമാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയെന്നാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുക എന്നുതന്നെയാണ് അര്‍ഥം.” എന്നാണ് പങ്കാളിത്ത പെന്‍ഷനെ കുറിച്ച് മുമ്പ് തോമസ് ഐസക് 2016 ല്‍ രചിച്ച തന്റെ ധനവിചാരങ്ങള്‍ എന്ന പുസ്തകത്തില്‍ പറഞ്ഞത്.
എന്നാല്‍ ഭരണത്തില്‍ കേറി രണ്ട് വര്‍ഷമായിട്ടും  സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം പുനപരിശോധിക്കുന്നതിനുള്ള സമിതിയെ നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
പിന്നീട് തൊഴിലാളി സംഘടനകള്‍ വ്യാപകമായി പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ സങ്കീര്‍ണതകളും സാങ്കേതികത്വങ്ങളുമുള്ള പുതിയ പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്ക മാറ്റണമെന്നതുള്‍പ്പെടെയുള്ള 11 ഇന പ്രമേയങ്ങള്‍  കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയഷന്‍ തയ്യാറാക്കിയിരുന്നു.
സര്‍ക്കാര്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ 
2013 ല്‍ നിയമം മൂലം നടപ്പാക്കിയ പദ്ധതിയാണ് പങ്കാളിത്ത പെന്‍ഷന്‍. എന്നാല്‍ ഇതില്‍ നിന്ന് എങ്ങിനെ സര്‍ക്കാരിന് പിന്‍മാറാന്‍ കഴിയും എന്നത് ചോദ്യമാണ്. രാജ്യത്ത് ബംഗാളും ത്രിപുരയും ഒഴിച്ച് മറ്റൊരു സംസ്ഥാനത്തും നിലവില്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലവില്‍ ഇല്ല. ഈ അവസ്ഥയില്‍ കേരളത്തിന് മാത്രമായി പിന്‍വാങ്ങാനും കടമ്പകള്‍ ഉണ്ട്.
നിലവില്‍ 71876 പേര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് അംഗമായിട്ടുണ്ട്. ഇതില്‍ സര്‍ക്കാരും ജീവനക്കാരും ചേര്‍ന്ന് 908 കോടി രൂപ പെന്‍ഷന്‍ വിഹിതമായി അടച്ചിട്ടുണ്ട്.  ഈ നിക്ഷേപിച്ച് തുക നിക്ഷേപിച്ച തുക ഇടയ്ക്കുവെച്ച് തിരിച്ചുകിട്ടിയാല്‍ത്തന്നെ അത് എങ്ങനെ ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കും എന്നതും സര്‍ക്കാര്‍ നേരിടുന്ന വലിയ പ്രശ്നത്തില്‍ ഒന്നാണ്.
സ്റ്റാറ്റിയൂട്ടറി സമ്പ്രദായവും പങ്കാളിത്ത പെന്‍ഷനും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ് സംസ്ഥാനത്തിന് നല്ലതെന്ന് പരിശോധിക്കേണ്ടിവരും. ഇതേക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ചിത്രമില്ല. പങ്കാളിത്ത പെന്‍ഷനില്‍നിന്ന് മാറിയാല്‍ പെന്‍ഷന്‍ പ്രായത്തെപ്പറ്റി തര്‍ക്കം ഉടലെടുക്കും. പങ്കാളിത്ത പെന്‍ഷന്‍ ബാധകമായവര്‍ക്ക് 60 വയസ്സാണ് വിരമിക്കല്‍ പ്രായം. പഴയ പെന്‍ഷന്‍ സമ്പ്രദായത്തില്‍ തുടരുന്നവര്‍ക്ക് 56-ഉം. പങ്കാളിത്ത പെന്‍ഷന്‍ മാറ്റിയാല്‍ അതില്‍ ഉള്‍പ്പെടുന്നവരുടെ വിരമിക്കല്‍ പ്രായം മറ്റുള്ളവരുമായി ഏകീകരിക്കേണ്ടിയും വരും. അല്ലെങ്കില്‍ എല്ലാവരുടെയും വിരമിക്കല്‍ പ്രായം 60 ആക്കണം.
സര്‍ക്കാരിന് ഉണ്ടാകുക അധിക ബാധ്യത 
നിലവില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% തുകയും തുല്യമായ സംസ്ഥാന വിഹിതവുമാണു പി.എഫ്.ആര്‍.ഡി.എയിലേക്ക് സര്‍ക്കാര്‍ നല്‍കുന്നത്. 71876 ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 908 കോടി രൂപ സര്‍ക്കാര്‍ ഈ ഫണ്ടില്‍ അടച്ചിട്ടുണ്ട്.  വിരമിക്കുമ്പോള്‍ അക്കൗണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാമെന്നാണു വ്യവസ്ഥ. ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.
പങ്കാളിത്ത പെന്‍ഷനെ കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍ 
കൃത്യമായ പെന്‍ഷന്‍ ഉറപ്പാക്കാന്‍ പദ്ധതിക്കാകില്ലെന്നതാണ് പദ്ധതിയെ കുറിച്ച് ഉയരുന്ന ആദ്യ വിമര്‍ശനം. പെന്‍ഷന്‍ ജീവനക്കാരന്റെ അവകാശം, സാമൂഹ്യസുരക്ഷാ സംവിധാനം എന്നീ നിലകളില്‍ നിന്ന് പെന്‍ഷന്‍ മാറുകയും അത് ജീവനക്കാരന്റെ ബാധ്യതയായി തീരുമെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നുണ്ട്.
പെന്‍ഷന്‍ ഫണ്ടിലേക്ക് ഓരോ ജീവനക്കാരനും തന്റെ ശമ്പളത്തിന്റെ പത്തുശതമാനം നിക്ഷേപിക്കണം എന്ന വ്യവസ്ഥ ജീവനക്കാരുടെ നിലവിലുള്ള വേതനം വെട്ടിക്കുറയ്കുന്നതിന് തുല്യമാണെന്നും നിലവിലുള്ള ഓരോ ജീവനക്കാരന്റെയും പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതമായും പത്തുശതമാനം തുക നിക്ഷേപിക്കണം. മുന്‍പ്, വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ മാത്രം സര്‍ക്കാര്‍ ബാധ്യതയായിരുന്നെങ്കില്‍ ഇപ്പോള്‍, വിരമിക്കാനിരിക്കുന്ന ജീവനക്കാരുടെ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുന്നു. വിരമിക്കുന്നവരുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം. ഫലത്തില്‍ സര്‍ക്കാരിന് പറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാകുന്നില്ല.  ഇതുവഴി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിനായി പണം ലഭ്യമാക്കാമെന്നല്ലാതെ മറ്റ് നേട്ടങ്ങളൊന്നുമില്ല എന്നാണ് പങ്കാളിത്ത പെന്‍ഷനെ കുറിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷണേര്‍സ് അസോസിയേഷന്‍ മെമ്പറായ സുരേന്ദ്രന്‍ നായര്‍ പറയുന്നത്.
ഭാവിയില്‍ പെന്‍ഷന് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്ന ഭയമായിരുന്നു പല ജീവനക്കാരെയും അഴിമതി തുടങ്ങിയ ദുഷ്പ്രവണതകളില്‍ നിന്നും അകറ്റിയിരുന്നത്. പെന്‍ഷന്‍ ഓരോരുത്തരുടെയും ബാധ്യതയായി മാറുമ്പോഴും, അത് തുച്ഛമായ തുകയായി മാറുമ്പോഴും സര്‍വ്വീസിലിരിക്കുമ്പോള്‍ അഴിമതി നടത്തി പണമുണ്ടാക്കുവാനുള്ള വ്യഗ്രത വര്‍ധിക്കാമെന്ന് ഗുരുതര ആരോപണങ്ങളും തൊഴിലാളി സംഘടനകള്‍ ചൂണ്ടികാണിക്കുന്നു.
അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.