കൊച്ചിക്കാരുടെ ക്വിന്റലിടി; ആവേശം നിറച്ച് ചത്താ പച്ച
D-Review
കൊച്ചിക്കാരുടെ ക്വിന്റലിടി; ആവേശം നിറച്ച് ചത്താ പച്ച
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 22nd January 2026, 6:11 pm

ഫീല്‍ഗുഡായി എത്തിയ സര്‍വ്വം മായക്കും ത്രില്ലടിപ്പിച്ച കളങ്കാവലിനും ശേഷം ഏറെ പ്രതീക്ഷയിലും ഹൈപ്പിലും തിയേറ്ററിലെത്തിയ ചിത്രമാണ് അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച. റെസ്‌ലിങ്ങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം അണിയറപ്രവര്‍ത്തകരുടെ അവകാശവാദം പോലെ തന്നെ എല്ലാ വിധത്തിലും നീതി പുലര്‍ത്തുന്നതായിരുന്നു.

മൂന്ന് ഉറ്റസുഹൃത്തുക്കളായ വെട്രി സാവി, ലിറ്റില്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ തുടങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ടി.വിയില്‍ മാത്രം കണ്ടുപരിചിയിച്ചിട്ടുള്ള റിങ് റെസലിങ്ങിനെ മട്ടാഞ്ചേരിയില്‍ അവതരിപ്പിക്കാനുള്ള ലിറ്റിലിന്റയും സാവിയുടെയും മറ്റ് സുഹൃത്തുക്കളുടെയും പരിശ്രമങ്ങള്‍ കാണിച്ചാണ് കഥ പുരോഗമിക്കുന്നത്.

Photo: T series

ഇതിനിടയില്‍ ചിത്രത്തിലെ ബിഗ് സര്‍പ്രൈസായ ബുള്ളറ്റ് വാള്‍ട്ടറിനെയും ‘അന്തറി’ല്‍ പോയ റോഷന്‍ മാത്യൂവിന്റെ വെട്രിയെക്കുറിച്ചുമുള്ള സൂചന പലയിടങ്ങിളിലായി സംവിധായകന്‍ പ്രേക്ഷകര്‍ക്ക് കൈമാറുന്നുണ്ട്. 90’s കിഡ്‌സിന്റെ ഇമോഷനായ റിങ് റെസലിങ്ങിലേക്കുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ശങ്കര്‍-എഹ്‌സാന്‍-ലോയി കോംബോയുടെ സംഗീതത്തിന്റെ അകമ്പടിയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലറുകളിലൂടെയും പോസ്റ്ററുകളിലൂടെയും നല്‍കിയ ഹൈപ്പിനോട് നൂറുശതമാനവും നീതി പുലര്‍ത്തിയാണ് ഇടവേളക്ക് മുമ്പുള്ള റിങ് ഫൈറ്റ് ചത്താ പച്ചയില്‍ ഒരുക്കിയിട്ടുള്ളത്. ഡബ്ല്യൂ.ഡബ്ല്യൂ. ഇ ആരാധകരുടെ ഇഷ്ട ഫിനിഷിങ്ങ് മൂവുകളായ ചോക്ക് സ്ലാമും, 619ഉം, ഫ്രോഗ് സ്പ്‌ളാഷും, ആര്‍.കെ.ഒയും സൗന്ദര്യം ഒട്ടും ചോരാതെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

റിങ്ങിനുള്ളിലെ ഹൈ എനേര്‍ജി അറ്റ്‌മോസ്ഫിയര്‍ ഇരട്ടിയാക്കുന്നതില്‍ താരങ്ങളുടെ പെര്‍ഫോമന്‍സും കോസ്റ്റിയൂമും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കടല്‍ കൊമ്പന്‍, നൈട്രോ കിളി, ജാങ്കോ സുല്‍ത്താന്‍, ഭസ്മാസുരന്‍, ലോക്കോ ലോബോ, തൂഫാന്‍ തുടങ്ങിയ റിങ്ങ് നെയിമുകളും ഓരോരുത്തരുടെയും വേഷവിധാനങ്ങളും ചത്താ പച്ചയെ മറ്റ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്.

Photo: T series/ screen grab/ youtube.com

കഴിഞ്ഞ വര്‍ഷം തിയ്യേറ്ററിലെത്തി വലിയ ഹിറ്റായി മാറിയ മാര്‍ക്കോയുടെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്‌സണാണ് ചത്താ പച്ചയുടെയും സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായിരിക്കും ചത്താ പച്ചയെന്ന് നിസ്സംശയം പറയാം. ചിത്രത്തിനായി മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ നടത്തിയ മൊത്തം ടീമിന്റെയും പരിശ്രമത്തിന്റെ ഫലം സ്‌ക്രീനില്‍ പ്രകടമാണ്.

രണ്ടാം പകുതിയില്‍ വെട്രിയുടെ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ ചിത്രത്തിന്റെ പ്ലോട്ട് കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളും ആദ്യ പകുതിയില്‍ കോമഡി കഥാപാത്രമായ വിശാഖിന്റെ ചെറിയാന്‍ രണ്ടാം പകുതിയില്‍ പ്രതിനായകനിലേക്ക് രൂപാന്തരം പ്രാപിക്കുന്നതും മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കിഷ്‌കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതം എടുത്തുപറയത്തക്ക സ്വാധീനം ചിത്രത്തില്‍ വരുത്തിയിട്ടില്ലെങ്കിലും ആക്ഷന്‍ മൂഡ് നിലനിര്‍ത്തുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടില്ല. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് എപ്പോഴും ഒരുപടി മുകളില്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നില്‍ക്കുന്നുണ്ടെന്ന് പറയാം.

റോഷന്‍ മാത്യുവിന്റെയും വിശാഖ് നായരുടെയും ആക്ഷന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മറ്റ് ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ ഫിസിക്കും സംഘട്ടന രംഗങ്ങളിലെ പെര്‍ഫെക്ഷനും വലിയ കൈയ്യടി അര്‍ഹിക്കുന്നു. ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ പല ആക്ഷന്‍ രംഗങ്ങളും മാനറിസങ്ങളും ആവര്‍ത്തനമെന്നോ അനുകരണമെന്നോ തോന്നിക്കാത്ത വിധത്തില്‍ കൃത്യതയോട് കൂടിയാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഹൈപ്പില്‍ ഭൂരിഭാഗവും വാള്‍ട്ടര്‍ എന്ന കാമിയോ റോളിലെത്തുന്ന സൂപ്പര്‍താരം മമ്മൂട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു. ആരാധകരുടെ ആവേശത്തെ ഇരട്ടിയാക്കിയാണ് ക്ലൈമാക്‌സില്‍ താരമെത്തുന്നത്. ഇവിടെയായിരിക്കണം മമ്മൂട്ടിയുടെ എന്‍ട്രി എന്ന് പ്രേക്ഷകര്‍ കരുതുന്ന പീക്ക് മൊമന്റില്‍ തന്നെ താരം രംഗപ്രവേശം നടത്തുന്നുണ്ട്. ബുള്ളറ്റ് വാള്‍ട്ടറായി മമ്മൂട്ടി എത്തുന്നിടത്ത് ചിത്രത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുന്നുണ്ടെന്ന് കാണാം.

എന്നാല്‍ വാള്‍ട്ടറിന്റെ കോസ്റ്റിയൂമും സംഭാഷണത്തിലെ സ്ലാങ്ങും ഏറെ ഹൈപ്പിലെത്തിയ കഥാപാത്രത്തിന്റെ പോരായ്മകളില്‍ ഒന്നാണ്. തനത് കൊച്ചി സ്ലാങ്ങിലെ മാസ് ഡയലോഗുകളും ഹെയര്‍ സ്‌റ്റൈലും കഥാപാത്രത്തെ കണ്‍വിന്‍സിങ്ങ് ആക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഏറെ ആവേശത്തോടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന് തുടര്‍ന്നും ഈ എനര്‍ജി നിലനിര്‍ത്താന്‍ കഴിയാത്തത് മമ്മൂട്ടി എന്ന നടനെ പൂര്‍ണമായും സംവിധായകന് ഉപയോഗിക്കാനാകാത്തതിന്റെ സൂചനയാണ്.

വെട്രിയുടെ മകളായ റോസമ്മയായി വേഷമിട്ട വേദിക ശ്രീകുമാറടക്കം ചിത്രത്തില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളും തങ്ങളുടെതായ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തെങ്കിലും സംവിധായകനായ അദ്വൈത് നായരും ചിത്രത്തില്‍ മുഖം കാണിച്ച് പോകുന്നുണ്ട്.

ഏറെ നാടകീയത നിറഞ്ഞ കഥാപശ്ചാത്തലമില്ലെങ്കിലും ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചത്താ പച്ചക്ക് സാധിച്ചിട്ടുണ്ട്. കണ്ട് മടുത്ത പതിവ് ആക്ഷന്‍ രംഗങ്ങളില്‍ നിന്നും മാറി ചിന്തിച്ച് പുതിയൊരു പരീക്ഷണത്തില്‍ വിജയിച്ച ചത്താ പച്ചയുടെ മുഴുവന്‍ ടീമും കൈയ്യടി അര്‍ഹിക്കുന്നു.

Content Highlight: Review of newly released Chatha Pacha Movie

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.