പ്രതിഛായ; ഒരു ഡീസന്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍
D-Review
പ്രതിഛായ; ഒരു ഡീസന്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 26th March 2026, 4:54 pm

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കോണ്‍ഗ്രസ് നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടിയുടെ കഥ പറയുന്ന ചിത്രമെന്ന അഭ്യൂഹങ്ങളോടെ റിലീസിന് മുമ്പ് ചര്‍ച്ചകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി തിയേറ്ററുകളിലെത്തിയ പ്രതിഛായ. ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ റിലീസാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന പ്രത്യേകതയും പ്രതിഛായക്കുണ്ടായിരുന്നു.

സര്‍വ്വം മായയെന്ന ഹിറ്റിനും ബേബി ഗേള്‍ എന്ന പരാജയ ചിത്രത്തിനും ശേഷം നിവിന്‍ പോളി നായകനായെത്തിയ ചിത്രം ‘സഖാവി’ന് ശേഷം താരത്തിന്റെ കരിയറിലെ മറ്റൊരു ഡീസന്റ് പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് നിസംശയം പറയാം. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച കേരള മുഖ്യമന്ത്രി കെ.എന്‍ വര്‍ഗീസിന്റെ ഇളയ മകനായ ജോണ്‍ വര്‍ഗീസായിട്ടാണ് ചിത്രത്തില്‍ നിവിന്‍ വേഷമിട്ടിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം രാഷ്ട്രീയത്തിലേക്കിറങ്ങേണ്ടി വരുന്ന ജോണ്‍ തന്റെ പിതാവിന് നേരെ ഉയര്‍ന്ന ആരോപണങ്ങളിലെ വസ്തുത തെളിയിക്കുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

പ്രതിഛായ. Photo: Book My Show

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിവാദത്തിലാക്കിയ ബാര്‍കോഴയും കേരള രാഷ്ട്രീയത്തിലുണ്ടായ ചരിത്രപ്രധാന സംഭവമായ സെക്രട്ടറിയേറ്റ് വളയലും കാണിച്ചുകൊണ്ടാണ് പ്രതിഛായ ആരംഭിക്കുന്നത്. കെ.എന്‍ വര്‍ഗീസിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപാര്‍ട്ടിയുടെ നേതാവായ സായികുമാറിന്റെ കഥാപാത്രം എന്‍.പി. ജയദേവന്‍ നടത്തുന്ന ശക്തമായ പ്രസംഗങ്ങളും മുഖ്യമന്ത്രിക്കെതിരെ സ്വന്തം പക്ഷത്ത് തന്നെയുള്ള നേതാക്കള്‍ നടത്തുന്ന കരുനീക്കങ്ങളുമെല്ലാം മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

മുന്‍മുഖ്യമന്ത്രിയുടെ ഭരണകാലത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ജനസമ്പര്‍ക്കപരിപാടിയെ ബഹുജനസമ്പര്‍ക്കമാക്കിയും മറ്റ് ഒട്ടനവധി സംഭവവികാസങ്ങളും 2016 ന് മുമ്പുള്ള കേരള രാഷ്ട്രീയത്തെ അനുസ്മരിപ്പിക്കും വിധം സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ പല പ്രതിഷേധ രംഗങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തികൊണ്ടുള്ള സീനുകളുമെല്ലാം വലിയ സ്‌കെയിലില്‍ തന്നെയാണ് പ്രതിഛായയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഥാപശ്ചാത്തലത്തെ കൂടുതല്‍ വിശ്വസിനീയമാക്കുന്നതില്‍ ഈ അവതരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഭരണത്തില്‍ ഒട്ടനവധി നെറികേടുകള്‍ കാണിച്ചിട്ടുണ്ടെങ്കിലും നൂറ് തെറ്റുകള്‍ ചെയ്യുന്നതോടൊപ്പം തന്നെ നൂറ് ശരിയും താന്‍ ചെയ്യുമെന്ന ന്യായീകരണത്തോടെയാണ് മുഖ്യമന്ത്രി കഥാപാത്രത്തെ ഉണ്ണികൃഷ്ണന്‍ ബാലന്‍സ് ചെയ്യുന്നത്. മുഖ്യമന്ത്രി കെ.എന്‍ വര്‍ഗീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു സ്ത്രീ രംഗത്തെത്തുന്നതോടെയാണ് കഥാഗതി മാറിമറിയുന്നതും ചിത്രം പുതിയ ഒരു തലത്തിലേക്ക് കടക്കുന്നതും.

പ്രതിഛായ. Photo: X.com

ആരോപണങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയത്തിന് പുറത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിനുണ്ടാകുന്ന മനോവിഷമങ്ങളും പ്രതിസന്ധികളും തുടര്‍ന്ന് പിതാവിന്റെ വഴിയെ മകന്‍ ജോണ്‍ മുഖ്യമന്ത്രി പദത്തിലേക്ക് കടന്നുവരുന്നതുമടക്കം സംഭവബഹുലമായാണ് ആദ്യപകുതി കടന്നുപോകുന്നത്. പ്രേക്ഷകരെ ചിത്രത്തിലേക്ക് മികച്ച രീതിയില്‍ ‘ഇന്‍’ ചെയ്യിക്കാനും സംവിധായകന് കഴിയുന്നുണ്ട്.

രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ കേവലം മൂന്നാംകിട രാഷ്ട്രീയത്തില്‍ നിന്നും മാറി ഭീമന്‍ കോര്‍പ്പറേറ്റുകള്‍ സമൂഹമാധ്യമങ്ങളിലെ അല്‍ഗോരിതം വഴി സമൂഹത്തിലും ഭരണത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെയും ടെലിവിഷന്‍ ന്യൂസ് ചാനലുകളടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന നരേറ്റീവുകളെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രതിഛായയില്‍ പ്രധാന വില്ലനായി എത്തുന്ന ഷറഫുദ്ദീന്‍ എന്നത്തെയും പോലെ തന്റെ റോള്‍ മികച്ചതാക്കിയിട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തിന് നല്‍കുന്ന ഹൈപ്പും ബില്‍ഡപ്പും പാഴായിപോകുന്ന തരത്തില്‍ ക്ലൈമാക്‌സില്‍ പ്രത്യേകിച്ചൊരു റോളുമില്ലാതെയാണ് ഷറഫുദ്ദീന്റെ കഥാപാത്രം രവി വര്‍മയെ സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത് എന്നത് നിരാശ സമ്മാനിക്കുന്നുണ്ട്.

സാധാരണയായി മലയാള സിനിമയിലെ പൊളിറ്റിക്കല്‍ ത്രില്ലറുകളില്‍ കണ്ട് ശീലിച്ച സ്ഥിരം കാസ്റ്റിങിന് പകരം പുതിയ പരീക്ഷണം നടത്തിയ ഉണ്ണികൃഷ്ണന്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയുടെ ഓള്‍റൗണ്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സീനിയര്‍ താരം ബാലചന്ദ്രമേനോന്റെ മികച്ച പ്രകടനത്തിനാണ് പ്രതിഛായയില്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇദ്ദേഹത്തിന് പുറമെ മുഖ്യമന്ത്രിയുടെ വലംകൈയായ രാമകൃഷ്ണനായി എത്തിയ മണിയന്‍ പിള്ള രാജുവും അധികാരമോഹിയായ കെ.എന്‍.പി.സി നേതാവായെത്തിയ ഹരിശ്രീ അശോകനും സംവിധായകന്റെ മികച്ച തെരഞ്ഞെടുപ്പാണ്. നിവിന്റെ മൂത്തസഹോദരനായ ടോബിയായി ചിത്രത്തില്‍ വേഷമിട്ട നിശാന്ത് സാഗറും കഥാപാത്രത്തെ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നു.

പ്രതിഛായ. Photo: X.com

കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്ന വിഷ്വലുകളും ചിത്രത്തിന്റെ ക്യാന്‍വാസ് വലുതാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രത്തിന്റെ മൂഡ് നിര്‍ണയിക്കുന്നതില്‍ ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തലസംഗീതം വഹിച്ച പങ്ക് ചെറുതല്ല. ഷറഫുദ്ദീന്റെ പല അനാവശ്യ സ്ലോ മോഷന്‍ രംഗങ്ങളും മറ്റ് പല നിര്‍ണായക സീനുകളും എലവേറ്റ് ചെയ്യാന്‍ ജസ്റ്റിന്റെ സംഗീതത്തിനാകുന്നുണ്ട്.

സര്‍വ്വം മായയിലെ പ്രഭേന്ദുവും പ്രതിഛായയിലെ ജോണ്‍വര്‍ഗീസും തമ്മില്‍ അഭിനയത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും താരത്തിന്റെ കരിയറിലെ നല്ലൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും പ്രതിഛായയെന്നതില്‍ സംശയമില്ല. മോഹന്‍ലാല്‍ നായകനായ ആറാട്ടിനും മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിനും ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍.ബിയുടെ കരിയറിലെ മറ്റൊരു നല്ല ചിത്രമായി പ്രതിഛായയെ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Content Highlight: Review Of newly released B Unnikrishnan Movie Prathichaya

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.