| Friday, 13th December 2024, 4:36 pm

കറുപ്പിനും വെളുപ്പിനുമിടയിൽ ഒരു നിറമുണ്ട് 'രുധിരം'

നവ്‌നീത് എസ്.

കാരണമറിയാതെ നാളുകളോളം ഒരാൾ നിങ്ങളെ ഒരു റൂമിൽ പൂട്ടിയിട്ടാൽ എങ്ങനെയിരിക്കും? മുഖംപോലും അറിയാത്ത ഒരാൾ വന്ന് ഇടക്കിടക്ക് ആക്രമിച്ചാൽ എങ്ങനെയിരിക്കും? പുറത്തെന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ ഒരാളുടെ ദേഷ്യത്തെ മുഴുവൻ തീർക്കാനുള്ള ഒന്നായി മാറുന്ന വല്ലാത്ത അവസ്ഥ…

പറഞ്ഞു വരുന്നത് ജിഷോ ലോൺ ആന്റണിയുടെ സംവിധാനത്തിൽ ഇന്ന് റിലീസായ രുധിരത്തെ കുറിച്ചാണ്. മലയാളത്തിലെ സർവൈവൽ ത്രില്ലറിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് രുധിരം. പതിവ് സർവൈവൽ ത്രില്ലറുകളിൽ നിന്ന് രുധിരത്തെ മാറ്റി നിർത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വില്ലനെയും നായകനെയുമെല്ലാം തുടക്കത്തിൽ തന്നെ കാണിക്കുന്ന സിനിമയിൽ പ്രേക്ഷകർ തേടുന്ന ഉത്തരം പ്രതികാരത്തിനുള്ള മോട്ടീവാണ്.

അവസാനം വരെ അത് സൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യ സീൻ മുതൽ നിഗൂഢത ജനിപ്പിച്ചാണ് രുധിരം മുന്നോട്ടുപോവുന്നത്. കഥ പരിസരവും അത്തരത്തിൽ ബിൽഡ് ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. പല സിനിമകളിൽ കണ്ടിട്ടുള്ള ഒരു മലയോരഗ്രാമത്തെ ഒറ്റപ്പെട്ട ബംഗ്ലാവ് തന്നെയാണ് രുധിരവും കഥ പറയാൻ തെരഞ്ഞെടുത്തത്. ഇൻഡോർ ഷോട്ടുകളിലൂടെ കൂടുതൽ കഥപറയുമ്പോഴും എൻഗേജിങ്ങായി അവതരിപ്പിക്കപ്പെടുന്നുണ്ട് രുധിരം.

ടർബോക്ക് ശേഷം രാജ് ബി.ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് രുധിരം. കന്നഡക്കാരൻ തന്നെയായിട്ടാണ് രാജ് ബി .ഷെട്ടി സിനിമയിൽ എത്തുന്നത്. ഗരുഡ ഗമന വൃഷഭ വാഹന എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് അദ്ദേഹം. രാജ് ബി. ഷെട്ടിക്ക് അഴിഞ്ഞാടാനുള്ള എല്ലാം രുധിരവും സമ്മാനിക്കുന്നുണ്ട്. ഡോക്ടർ മാത്യുവായി ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

അപർണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രം. മുമ്പൊന്നും കാണാത്ത വിധത്തിൽ ചെയ്യേണ്ട ഒരു കഥാപാത്രമാണ് സ്വാതി. അപർണയും രുധിരത്തെ മികച്ചതാക്കുന്നുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ ആക്ഷൻ രംഗങ്ങൾ അപർണ കഴിയുന്ന രീതിയിൽ മികച്ചതാക്കൻ ശ്രമിച്ചിട്ടുണ്ട്. സർവൈവൽ ത്രില്ലറാവുമ്പോൾ വയലൻസ് ഇല്ലാതെ പറ്റില്ലല്ലോ. ആവശ്യത്തിന് വയലൻസ് ഉള്ള ചിത്രം തന്നെയാണ് രുധിരം.

സിനിമയുടെ മൂഡിന് ചേർന്ന രീതിയിൽ അത് ബ്ലെൻഡ് ചെയ്യാൻ സംവിധായകൻ ജിഷോ ലോൺ ആന്റണിക്ക് കഴിയുന്നുണ്ട്. ഡയലോഗുകൾ കുറവുള്ള സിനിമയെ പിടിച്ചു നിർത്തുന്നത് സംവിധായകനും ജോസഫ് കിരൺ ജോർജും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ്. അതിനോടൊപ്പം ടെക്നിക്കൽ മികവ് കൂടെ ചേരുമ്പോൾ മികച്ച എക്സ്പീരിയന്സായി മാറുന്നുണ്ട് രുധിരം.

പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് സിനിമയിലെ വി.എഫ്.എക്സുകളാണ്. എലി, തേനീച്ച പിന്നെ പട്ടിയുടെ ചില സീനുകളെല്ലാം നന്നായി വർക്കായിട്ടുണ്ട്. പിക്കു എന്ന് വിളിപ്പേരുള്ള ഒരു പട്ടിയും സിനിമയിലെ പ്രധാന കഥാപാത്രമാണ്. ഒരുപാട് പുതുമുഖങ്ങളെ കാണാൻ കഴിഞ്ഞൊരു സിനിമ കൂടിയാണ് രുധിരം. എന്നാൽ ചിലരുടെ അഭിനയവും ഡയലോഗ് ഡെലിവറിയും ഒന്നുകൂടെ നന്നാക്കാമായിരുന്നുവെന്ന് വ്യക്തിപരമായി തോന്നി. 4 മ്യൂസിക്കിന്റെ സംഗീതം മികച്ച് നിന്നെങ്കിലും മുമ്പ് പല ത്രില്ലറുകളിലും കേട്ടിട്ടുള്ള പതിവ് പാറ്റേൺ ഫീലാവുന്നുണ്ടായിരുന്നു. സജാദ് കാക്കുവിന്റെ ക്യാമറ കണ്ണുകളും ഭവൻ ശ്രീകുമാറിന്റെ എഡിറ്റിങ്ങുമെല്ലാം രുധിരത്തെ പിടിച്ച് നിർത്തിയ ഘടകങ്ങളാണ്.

ചില സ്പാനിഷ് ത്രില്ലറുകളൊക്കെ പോലെയാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ സർവൈവൽ ത്രില്ലർ എന്നതിനേക്കാൾ പ്രധാന പ്ലോട്ടിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ സിനിമ ഒന്നുകൂടെ ആസ്വാദനമായി മാറിയേനെ. ചിലയിടങ്ങളിൽ അത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റും നല്ല രീതിയിൽ റിവീൽ ചെയ്യാൻ സംവിധായകന് സാധിക്കുന്നുണ്ട്. പക്ഷെ അങ്ങോട്ട് എത്തിക്കാൻ ഇത്രയധികം സമയം വേണമായിരുന്നോ എന്നാണ് തോന്നിയത്.

ബോഗെയ്ൻവില്ല, വരത്തൻ തുടങ്ങിയ സിനിമകളിലെല്ലാം പ്രേക്ഷകർ കണ്ട കഥ പരിസരം തെരഞ്ഞെടുക്കുമ്പോൾ തന്നെ സിനിമയുടെ സ്വഭാവവും രീതിയുമെല്ലാം ഇന്നത്തെ പ്രേക്ഷകർക്ക് മനസിലാവും. കറുപ്പിനും വെളുപ്പിനും ഇടയിലൊരു നിറമുണ്ട്, അതാണ് ചുവപ്പ് എന്ന് പറഞ്ഞ് സിനിമ അവസാനിക്കുമ്പോൾ നല്ലൊരു തിയേറ്റർ അനുഭവമായി മാറാൻ രുധിരത്തിന് സാധിക്കുന്നുണ്ട്. തീർച്ചയായും ഒരുപാട് പ്രേക്ഷകരെ അർഹിക്കുന്ന വ്യത്യസ്തത ത്രില്ലറാണ് രുധിരം.

Content Highlight: Review Of New Malayalam  Movie Rudhiram

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more