സിനിമയ്ക്കുള്ളിലെ സിനിമയുടെ മാജിക്......മനസ് നിറക്കുന്ന ആശാന്‍
D-Review
സിനിമയ്ക്കുള്ളിലെ സിനിമയുടെ മാജിക്......മനസ് നിറക്കുന്ന ആശാന്‍
ഐറിന്‍ മരിയ ആന്റണി
Thursday, 5th February 2026, 7:30 pm
ഷൂട്ടിങ് സെറ്റിലെ രസകരമായ സംഭവങ്ങളും സിനിമയെടുത്ത് പൂര്‍ത്തിയാക്കാനായി ക്രൂവിലെ അംഗങ്ങള്‍ നടത്തുന്ന തത്രപ്പാടുകളുമാണ് ചിത്രത്തിന്റെ ആദ്യപകുതി. അഭ്രപാളിക്ക് പുറത്തുള്ള സിനിമാപ്രവര്‍ത്തകരുടെ അധ്വാനവും കഷ്ടപ്പാടുകളുമെല്ലാം നര്‍മത്തില്‍ പൊതിഞ്ഞുകൊണ്ട് ജോണ്‍ പോള്‍ ജോര്‍ജ് അവതരിപ്പിച്ചിട്ടുണ്ട്.

അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശാന്‍. ഇന്ദ്രന്‍സിനെ നായകനാക്കി ജോണ്‍ പോള്‍ ഒരുക്കിയ ചിത്രത്തില്‍ ജോമോന്‍ ജ്യോതിറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന അനന്തന്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ആശാന്റെ കഥ വികസിക്കുന്നത്. തന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കൊച്ചിയില്‍ എത്തിച്ചേരുന്ന അനന്തന്‍, മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ നല്‍കിയ സംവിധായകന്‍ കെ.എസ്.ആറിന്റെ പുതിയ ചിത്രത്തില്‍ ഭാഗമാകാന്‍ അവസരം ലഭിക്കുന്നു.

Photo: ജോമോന്‍ ജ്യോതിറും ഇന്ദ്രന്‍സും ആശാനില്‍ നിന്നുള്ള രംഗം

കെ.എസ് ആറിന്റെ സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ അനന്തന് മുമ്പിലുള്ള കടമ്പ ഒരു ബില്‍ഡിങ്ങിന്റെ മധ്യേ കിണര്‍ വരുന്ന ഫ്‌ളാറ്റ് സമുച്ചയം കണ്ടെത്തുകയെന്നതാണ്. അങ്ങനെ തന്റെ സുഹൃത്ത് വഴി അനന്തന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ലൊക്കേഷന്‍ കണ്ടെത്തുകയും ഫ്‌ളാറ്റ് അസോസിയേറ്റ്
പ്രസിഡന്റും സര്‍വ്വോപരി ഏവര്‍ക്കും പ്രിയങ്കരനുമായ ആശാനെ കണ്ടുമുട്ടുകയും ചെയ്യുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി ആശാന്‍ ആ ഫ്‌ളാറ്റ് സമുച്ചയം ഏവര്‍ക്കും സജ്ജമാക്കി കൊടുക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം സംസാരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രം പൊട്ടിച്ചിരിയുടെ മേമ്പൊടിയോട് കൂടിയാണ് മുന്നോട്ട് പോകുന്നത്.

ഷൂട്ടിങ് സെറ്റിലെ രസകരമായ സംഭവങ്ങളും സിനിമയെടുത്ത് പൂര്‍ത്തിയാക്കാനായി ക്രൂവിലെ അംഗങ്ങള്‍ നടത്തുന്ന തത്രപ്പാടുകളുമാണ് ചിത്രത്തിന്റെ ആദ്യപകുതി. അഭ്രപാളിക്ക് പുറത്തുള്ള സിനിമാപ്രവര്‍ത്തകരുടെ അധ്വാനവും കഷ്ടപ്പാടുകളുമെല്ലാം നര്‍മത്തില്‍ പൊതിഞ്ഞുകൊണ്ട് ജോണ്‍ പോള്‍ ജോര്‍ജ് അവതരിപ്പിച്ചിട്ടുണ്ട്.

ഷൂട്ടിങ് സെറ്റില്‍ സിനിമാപ്രവര്‍ത്തകരുടെയൊപ്പം ആശാനും ലൊക്കേഷനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആശാനായി ഇന്ദ്രന്‍സ് എത്തുന്നത് മുതല്‍ സ്‌ക്രീനില്‍ മാജിക്കാണെന്ന് പറയാം. അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുള്ളിലുള്ള ആശാനിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം പകുതി നീങ്ങുന്നത്. തുടക്കത്തില്‍ പൊട്ടിച്ചിരി സമ്മാനിച്ച പ്രേക്ഷകന് രണ്ടാം പകുതിയില്‍ വൈകാരിക മൂഹൂര്‍ത്തങ്ങളാണ് ആശാന്‍ നല്‍കുന്നത്.

നര്‍മമായാലും ഗൗരവമുള്ള വേഷമാണെങ്കിലും അത് ഇന്ദ്രന്‍സിന്റെ കയ്യില്‍ ഭദ്രമാണെന്ന് ആശാന്‍ എന്ന ചിത്രം വീണ്ടും തെളിയിക്കുന്നു. അത്ര കയ്യടക്കത്തോട് കൂടിയാണ് ആശാനെ ഇന്ദ്രന്‍സ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. തന്റെ നീണ്ട 40 വര്‍ഷത്തെ കരിയറില്‍ ആദ്യമായി ഇന്ദ്രന്‍സ് നായകവേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു ആശാന്‍. പെര്‍ഫോമന്‍സ് കൊണ്ട് അദ്ദേഹം ഞെട്ടിച്ചുവെന്ന് തന്നെ പറയാം.

അനന്തനായെത്തിയ ജോമോന്‍ ജ്യോതിറിന്റെ പ്രകടനമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു വേഷം. ഹാസ്യം മാത്രമല്ല തനിക്കിണങ്ങുകയെന്ന് ഈ ഒരൊറ്റ സിനിമയിലൂടെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ജോമോന്‍ ഗുരുവായൂര്‍ അമ്പലനടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷങ്ങളിലാണ് എത്തിയത്.

സംവിധായകന്‍ കെ.എസ്.ആര്‍ ആയെത്തിയ ഷോബി തിലകനും ആശാനില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പലപ്പോഴും തിലകന്റെ മാനറിസങ്ങള്‍ ഓര്‍മപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

സിനിമയുടെ സംഗീതം എടുത്ത് പറയണം. ജോണ്‍ പോള്‍ ജോര്‍ജ് ആദ്യമായി സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണെന്ന് തോന്നുകയേ ഇല്ല. അത്ര മനോഹരമായിരുന്നു സിനിമയിലെ ഗാനങ്ങള്‍. ആ കഥയോട് ഇണങ്ങുന്ന വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്ന എന്തോ ഒരു ഘടകം ആ പാട്ടുകളില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അജീഷ് ആന്റോയുടെ പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു.

വിമല്‍ ജോസ് തച്ചിലിന്റെ ഛായാഗ്രഹണമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. മനോഹരമായ ഫ്രെയിമുകളും യൂണിക്കായ ഷോട്ടുകളും ആശാനെ മറ്റൊരുതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ ഭംഗി നിലനിര്‍ത്തിയ ഛായാഗ്രഹണം പ്രത്യേക കയ്യടി അര്‍ഹിക്കുന്നു. കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും മികച്ച് നിന്നു.

ഗപ്പി, അമ്പിളി എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജോണ്‍ പോളിന്റെ ആശാന്‍ കണ്ണും മനസും നിറക്കുമ്പോഴും രണ്ടാം പകുതിയില്‍ ചെറിയ വലിച്ച് നീട്ടല്‍ അനുഭവപ്പെടുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ആശാന്‍ പൂര്‍ണ്ണമായും വിജയിച്ചുവെന്ന് പറയാന്‍ കഴിയുന്നില്ല. പല ഭാഗങ്ങളിലും ഒരു മിസിങ് ഫീല്‍ വന്നത് പോലെ തോന്നി.

ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍, ഷോബി തിലകന്‍ എന്നിവര്‍ക്ക് പുറമെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഗപ്പി സിനിമാസിന്റെ ബാനറില്‍ ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെററര്‍ ഫിലിംസാണ്.

Content Highlight: Review of Indrans’ Aashan movie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.