കുടുംബത്തിന് ഞാൻ വളരെ മോശം വ്യക്തി, എന്റേതായ ചില വസ്തുതകൾ എന്നെ അസ്വസ്ഥപ്പെടുത്തുന്നു: രേവതി
Malayalam Cinema
കുടുംബത്തിന് ഞാൻ വളരെ മോശം വ്യക്തി, എന്റേതായ ചില വസ്തുതകൾ എന്നെ അസ്വസ്ഥപ്പെടുത്തുന്നു: രേവതി
നന്ദന. ടി
Saturday, 25th July 2026, 8:50 am

മലയാളം, തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലകളിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രശസ്ത നടിയും സംവിധായികയുമാണ് രേവതി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രേവതി, തന്റെ ജീവിതത്തെക്കുറിച്ചും ചിന്തകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ്. ജെ.എഫ്.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഏറ്റവും മനോഹരമായിട്ടുള്ള ഒരു വാക്യം എന്താണെന്നു വെച്ചാൽ മാറ്റങ്ങൾ സ്ഥിരമാണ് എന്നതാണ്. കാരണം, നമ്മൾ ഇരുപതു വയസിൽ പറഞ്ഞതോ ചെയ്തതോ ആയിട്ടുള്ള കാര്യങ്ങളായിരിക്കില്ല ചിലപ്പോൾ മുപ്പതു വയസിൽ ചെയ്യുന്നതും പറയുന്നതും. പോകെപ്പോകെ ഞാൻ മനസിലാക്കിയത് പണ്ട് എനിക്ക് ഇഷ്ടപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല എന്നാണ്.

രേവതി.photo.screen grab/youtube

എനിക്ക് സംഭവിച്ച ഏറ്റവും പ്രധാനമായിട്ടുള്ള ഒരു മാറ്റം എന്താണെന്നുവെച്ചാൽ , ഇപ്പോൾ മനുഷ്യരൊന്നും ഇല്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് ഒറ്റയ്ക്ക് പോയി ഇരുന്ന് കുറെ പുസ്തകങ്ങളൊക്കെ വായിച്ചിരിക്കാനാണ് തോന്നുന്നത്. കാരണം എനിക്കിപ്പോൾ കാര്യങ്ങളൊന്നും ഹാൻഡിൽ ചെയ്യാൻ സാധിക്കുന്നില്ല.

കൂടുതൽ സമയവും എന്നോട് എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഞാൻ വളരെ നല്ലൊരു വ്യക്തിയാണെന്ന്. പക്ഷെ ഞാൻ അത്ര നല്ല ആളല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം എന്റേതായ, എന്നെ അസ്വസ്ഥപ്പെടുത്തുന്ന കുറെ വസ്തുതകൾ ഉണ്ട്. എന്നാൽ എന്നെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളെ എന്റെ ഒരു ചീത്ത വശമായിട്ട് കാണാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്കറിയില്ല.

പക്ഷെ എന്റെ കുടുംബത്തിലുള്ളവർക്ക് ഞാൻ വളരെ മോശം വ്യക്തിയായിട്ടായിരിക്കും തോന്നുന്നുണ്ടാവുക. അതുകൊണ്ട് പിന്നെ പുറത്ത് നമ്മൾ എത്ര നല്ല ആളാണെന്ന് പറഞ്ഞിട്ടും എന്ത് പ്രയോജനമാണുള്ളത്. അതിനാൽ ഇനി എനിക്ക് എന്റെ കുടുംബത്തിൽ ഒരു നല്ലവളാകണം എന്നാണ് ആഗ്രഹം.

ഇത്തരത്തിൽ ഞാൻ എന്ന വ്യക്തിയെക്കുറിച്ച് സമൂഹത്തിലും വീട്ടിലും രണ്ടു കാഴ്ചപ്പാടുകൾ ഉള്ളതുകൊണ്ടുതന്നെ, ശരിക്കും ഞാൻ ആരാണ് എന്ന കാര്യത്തിൽ ഞാൻ വളരെ കൺഫ്യൂസ്ഡ് ആണ്. എനിക്ക് തോന്നുന്നു അത് നമ്മൾ തന്നെ കണ്ടെത്തേണ്ട ഒരു കാര്യമാണെന്ന്. അതുകൊണ്ട് ഇനി വരുന്ന കുറച്ചു വർഷങ്ങൾ എന്ന് പറയുന്നത് ആ തേടൽ ആയിരിക്കും,’ രേവതി പറഞ്ഞു.

രേവതി.photo.screen grab/youtube

Content Highlight: Revathi talks on personal growth, self-discovery, and why she wants to become a better person for her family.

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം