സ്‌ട്രോങ് റൂം തുറന്നിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് റിട്ടേണിങ് ഓഫീസര്‍
Kerala News
സ്‌ട്രോങ് റൂം തുറന്നിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് റിട്ടേണിങ് ഓഫീസര്‍
ആദര്‍ശ് വി.സി
Monday, 20th April 2026, 1:55 pm

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂം തുറന്നെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് റിട്ടേണിങ് ഓഫീസര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

ആശയക്കുഴപ്പം മൂലമാകാം നേതാക്കള്‍ പരാതി ഉന്നയിച്ചത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നേരത്തെ സ്‌ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.ടിയിലെ സ്‌ട്രോങ് റൂം തുറന്നുവെന്നായിരുന്നു ഇവരുടെ പരാതി.

Content Highlight: Returning Officer denies reports of strong room opening