| Friday, 18th April 2025, 7:36 pm

പരിഹസിച്ചവരും പുച്ഛിച്ചവരും ഒരുങ്ങിയിരിക്കാന്‍ സൂചന തന്നിട്ടുണ്ട്, 'അന്ത ഒരുത്തന്‍' വരുന്നുണ്ട്, ഗംഭീര ട്രെയ്‌ലറുമായി റെട്രോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ സ്ഥിരം ആക്ഷന്‍ ഴോണറില്‍ നിന്ന് വ്യത്യസ്തമായി റൊമാന്‍സിനും പ്രധാന്യം നല്‍കുന്ന ചിത്രമാണ് റെട്രോ.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി വലിയ ഹിറ്റുകളില്ലാതിരിക്കുന്ന സൂര്യയുടെ ഗംഭീര തിരിച്ചുവരവാകും റെട്രോയെന്ന് ട്രെയ്‌ലറിലൂടെ സൂചന നല്‍കുന്നുണ്ട്. ആക്ഷനും റൊമാന്‍സും സമാസമം ചേര്‍ത്ത പെര്‍ഫക്ട് മാസ് എന്റര്‍ടൈനറാകും ചിത്രമെന്ന് ട്രെയ്‌ലറിലെ ഓരോ ഷോട്ടും അടിവരയിടുന്നുണ്ട്.

സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്ക് വേണ്ടി റൗഡിയിസം വിടേണ്ടി വരുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് ടൈറ്റില്‍ ടീസറിലൂടെ വ്യക്തമായിരുന്നു. എന്നാല്‍ അതിനോടൊപ്പം കാര്‍ത്തിക് സുബ്ബരാജിന്റെ രാഷ്ട്രീയവും ചിത്രം പറയുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആറോളം ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നതും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട്.

പാരിവേല്‍ കണ്ണന്‍ എന്ന കഥാപാത്രമായാണ് സൂര്യ റെട്രോയില്‍ വേഷമിടുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. നാല് ഗെറ്റപ്പിലാണ് സൂര്യ റെട്രോയില്‍ പ്രത്യക്ഷപ്പെടുന്നത്. സമീപകാലത്ത് വന്നവയില്‍ സൂര്യയുടെ ഏറ്റവും മികച്ച ലുക്കുകള്‍ റെട്രോയിലേതാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. തന്റെ കരിയറിലെ ഏറ്റവും

ശക്തമായ വേഷമാണ് റെട്രോയിലേതെന്ന് പൂജ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് പലരും കരുതുന്നത്.

മലയാളി താരങ്ങളായ ജയറാം, ജോജു ജോര്‍ജ്, സുജിത ശങ്കര്‍ എന്നിവരും റെട്രോയുടെ ഭാഗമാകുന്നുണ്ട്. സൂര്യയുടെ അച്ഛനായി ജോജു വേഷമിടുമ്പോള്‍ സൂര്യയുടെ സഹായിയായാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, നാസര്‍, കരുണാകരന്‍, തമിഴ് തുടങ്ങി വന്‍ താരനിര റെട്രോയില്‍ അണിനിരക്കുന്നുണ്ട്. സൂര്യയുടെ 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Retro movie trailer out now

Latest Stories

We use cookies to give you the best possible experience. Learn more