ഏറ്റവും മികച്ച നടന്മാരിലൊരാള്‍, അയാളോടൊപ്പം ഏറ്റവും മികച്ച സംവിധായകരിലൊരാള്‍. ഇവര്‍ രണ്ടുപേരും ചേരുമ്പോള്‍ നല്ലൊരു സിനിമാനുഭവം തന്നെയാകും എല്ലാവരും പ്രതീക്ഷിക്കുക. റെട്രോ എന്ന സിനിമക്കായി കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ഘടകം ഇതുതന്നെയായിരുന്നു. സിനിമയുടേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ആ പ്രതീക്ഷ കൂട്ടുകയല്ലാതെ എവിടെയും കുറച്ചിട്ടില്ലായിരുന്നു.
സൂര്യ എന്ന നടന്റെ മികച്ച പെര്‍ഫോമന്‍സ്, സന്തോഷ് നാരായണന്‍ അയാളുടെ കഴിവിനുമപ്പുറം ഒരുക്കിയ സംഗീതം, കേച്ചയുടെ തീപാറുന്ന സംഘട്ടനം, അതിഗംഭീരമായ മേക്കിങ്. ഇവയെല്ലാം ചേര്‍ത്ത് വെക്കുമ്പോള്‍ പോലും പ്രേക്ഷകരിലേക്ക് കണക്ടാക്കാന്‍ സാധിക്കാത്ത ഒരു നല്ല കഥയുടെ അഭാവമാണ് റെട്രോ എന്ന സിനിമയുടെ പ്രധാന നെഗറ്റീവായി അനുഭവപ്പെട്ടത്.
1960 മുതല്‍ 85 വരെയുള്ള കാലഘട്ടത്തിലൂടെയാണ് സിനിമ അതിന്റെ കഥ പറയുന്നത്. ചിരിക്കാനറിയാത്ത, വയലന്‍സ് കൈവിടാനാകാത്ത നായകന്‍. തന്റെ പ്രണയത്തിനായി വയലന്‍സ് ഉപേക്ഷിക്കുന്നു. എന്നാല്‍ അതിനിടയില്‍ നടക്കുന്ന പ്രശ്‌നം കാരണം അയാള്‍ക്ക് പഴയ പാതയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുന്നു. കണ്ടുശീലിച്ച ഈ ടെംപ്ലേറ്റിനെ മനോഹരമായി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച കനിമാ എന്ന പാട്ടിന്റെ മേക്കിങ് ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച സിനിമാനുഭവമായിരുന്നു. 17 മിനിറ്റ് സിംഗിള്‍ ഷോട്ട് സീന്‍ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പാട്ട്, ഫൈറ്റ്, ഇമോഷണല്‍ ഡയലോഗ്, ടെന്‍ഷന്‍ ബില്‍ഡിങ് എല്ലാം കൃത്യമായി ബ്ലെന്‍ഡ് ചെയ്യാന്‍ ഈയൊരൊറ്റ സീനില്‍ സാധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കഥയിലേക്ക് വരുന്ന മിത്തോളജി എലമെന്റും അതിന്റെ തുടര്‍ച്ചയും സിനിമയെ വല്ലാതെ പിന്നോട്ടുവലിച്ചു. നേരിട്ടുപറഞ്ഞാല്‍ ബഹിഷ്‌കരണ ഭീഷണി നേരിടേണ്ടി വരുമെന്ന ചിന്തയില്‍ ഇന്‍ഡയറക്ടായി ഫാസിസത്തെനെതിരായ പോരാട്ടം കാണിച്ചതും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും മനസിലാകാത്തത് വലിയ തിരിച്ചടിയായി മാറി.
പൂര്‍ണമായും മാസ് എലമെന്റുകള്‍ ചേര്‍ത്തുകൊണ്ടുള്ള കഥയായി വന്നിരുന്നെങ്കില്‍ വമ്പന്‍ ഹിറ്റാകേണ്ട സിനിമയെ ശരാശരിയിലൊതുക്കിയത് ഈ ഘടകങ്ങളായിരുന്നു. എന്നിരുന്നാല്‍ പോലും സൂര്യയുടെ മുന്‍ ചിത്രമായ കങ്കുവയെക്കാള്‍ പത്ത് മടങ്ങ് മികച്ച സിനിമയായി റെട്രോ മാറുന്നുണ്ട്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ ഒരു സിനിമയുടെ കഥയെ അതുപോലെ എടുത്ത് രണ്ടാം പകുതിയില്‍ അവതരിപ്പിച്ചത് മഹാ അബദ്ധമെന്നേ പറയാന്‍ സാധിക്കുള്ളൂ.
വലിയ മെറ്റഫറുകള്‍ ഉപയോഗിച്ച് കാര്‍ത്തിക് സുബ്ബരാജ് പറയാന്‍ ശ്രമിച്ച രാഷ്ട്രീയം ആരിലേക്കും എത്തിയില്ല. എന്നിരുന്നാലും ‘അടിമകള്‍ ഒരിക്കലും രാജാവുമായി ചങ്ങാത്തത്തിലാകരുത്’, ‘ജനങ്ങള്‍ ചിരിച്ചുതുടങ്ങിയാല്‍ അധികാരികള്‍ ഭയക്കും’ തുടങ്ങിയ വണ്‍ലൈനറുകള്‍ വളരെ ശക്തമായ രാഷ്ട്രീയം സംസാരിച്ചവയിരുന്നു.
ചെറുപ്രായത്തില്‍ തന്നെ അനാഥനാകേണ്ടി വന്ന, നാട്ടിലെ വലിയ ഗ്യാങ്സ്റ്ററുടെ വളര്‍ത്തുമകനായി മാറിയ പാരിവേല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിരിക്കാനറിയാത്ത, എന്തിനും ഏതിനും ദേഷ്യപ്പെടുന്ന കഥാപാത്രം സൂര്യയുടെ കൈയില്‍ ഭദ്രമായിരുന്നു. സൂരറൈ പോട്രിന് ശേഷം സൂര്യയിലെ അഭിനേതാവിന് വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രം തന്നെയാണ് പാരിവേല്‍ കണ്ണന്‍.
ആദ്യപകുതിയില്‍ കണ്ണാടിയില്‍ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്ന സീനിലൂടെ തന്നോളം മികച്ചൊരു നടന്‍ വേറെയില്ലെന്ന് സൂര്യ തെളിയിക്കുകയായിരുന്നു. സോ കോള്‍ഡ് റിവ്യൂ സിംഹങ്ങള്‍ വലിച്ചു കീറിയ ആ രംഗം മറ്റൊരു നടനെ വെച്ച് സങ്കല്പിച്ചാല്‍ സൂര്യയുടെ കഴിവ് എത്രത്തോളമുണ്ടെന്ന് മനസിലാകും. ആക്ഷന്‍ രംഗങ്ങളിലും സൂര്യ മികച്ചു നിന്നു. അയന് ശേഷം സൂര്യക്ക് ലഭിച്ച ഏറ്റവും ഗംഭീരമായ ആക്ഷന്‍ സീനുകളാണ് റെട്രോയിലേത്. പാരിവേല്‍ കണ്ണന്റെ ഗെറ്റപ്പുകളും മികച്ചതായിരുന്നു.
രുക്മിണി എന്ന കഥാപാത്രമായെത്തിയ പൂജ ഹെഗ്‌ഡേ മികച്ച പ്രകടനം കാഴ്ചവെച്ചു. സൂര്യയോടൊപ്പമുള്ള രംഗങ്ങളില്‍ മികച്ച കെമിസ്ട്രിയായിരുന്നു ഇരുവരും. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഡെപ്ത് അവസാനമാകുമ്പോള്‍ കുറഞ്ഞുവന്നതായാണ് തോന്നിയത്. ലവ് സ്‌റ്റോറി എന്ന് സംവിധായകന്‍ അവകാശപ്പെട്ട സിനിമയുടെ ക്ലൈമാക്‌സില്‍ ആ ലവിന് പ്രാധാന്യമില്ലാതായതുപോലെ അനുഭവപ്പെട്ടു.
ജോജു ജോര്‍ജിന്റെ തിലകന്‍ സ്‌ക്രീന്‍ പ്രസന്‍സും ഡയലോഗ് ഡെലിവറിയും കൊണ്ട് മികച്ചതായപ്പോള്‍ അപൂര്‍ണമായ കഥാപാത്ര സൃഷ്ടിയായി അവസാനം മാറി. ആ കഥാപാത്രത്തിന്റെ ടെറര്‍ ഫീല്‍ പൂര്‍ണമായും കാണിച്ചിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെ.
ജയറാം അവതരിപ്പിച്ച ഡോക്ടര്‍ ചാപ്ലിന്‍, അദ്ദേഹത്തെപ്പോലെ വലിയൊരു നടന് ചെയ്യാനുള്ള യാതൊരു പ്രാധാന്യവും ആ കഥാപാത്രത്തിനില്ല. കണ്ടുശീലിച്ച തമിഴ് സിനിമകളില്‍ സോ കോള്‍ഡ് കോമഡി നടന്മാര്‍ ചെയ്യേണ്ട കഥാപാത്രമായിരുന്നു അത്.
പ്രധാന വില്ലനായെത്തിയ വിധുവിന്റെ മൈക്കിളും മറ്റ് നടന്മാരെപ്പോലെ തന്നെ. ആറ്റിറ്റിയൂഡ്, സ്‌ക്രീന്‍ പ്രസന്‍സ് എന്നിവയില്‍ മികച്ചതായിരുന്നെങ്കിലും ആ കഥാപാത്രത്തിനും പൂര്‍ണതയില്ലാതായി. നാസറിന്റെ കഥാപാത്രത്തിനും അതേ അവസ്ഥ തന്നെയായിരുന്നു. സുജിത് ശങ്കര്‍ കോമഡി വില്ലന്‍ എന്ന ഫീല്‍ മാത്രമാണ് സമ്മാനിച്ചത്.
സന്തോഷ് നാരായണന്‍. ആദ്യാവസാനം തന്റെ സംഗീതം കൊണ്ട് സിനിമയോടൊപ്പം സഞ്ചരിച്ചു. ഓരോ സീനിനും കൊടുത്ത ബി.ജി.എമ്മും പാട്ടുകളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ഭോജ്പുരി പാട്ടിന്റെ പ്ലേസ്‌മെന്റെല്ലാം അതിഗംഭീരമായിരുന്നു. വിധുവിന്റെ കഥാപാത്രത്തിന് രണ്ടാം പകുതിയില്‍ കൊടുത്ത ബി.ജി.എമ്മിന്റെ തിയേറ്റര്‍ ഇഫക്ട് ഗംഭീരമായിരുന്നു.
കേച്ച കെംപക്‌ദേ. തീപാറുന്ന സംഘട്ടന രംഗങ്ങളായിരുന്നു കേച്ച റെട്രോക്കായി ഒരുക്കിയത്. ടൈറ്റില് സീനിലെ ഫൈറ്റായാലും ക്ലൈമാക്‌സ് ഫൈറ്റായാലും ഒരു പോയിന്റില്‍ പോലും ലോജിക്കില്ലായ്മ അനുഭവപ്പെട്ടില്ല. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്, ജാക്കി, മായപ്പാണ്ടി എന്നിവരുടെ ആര്‍ട്ട് ഡയറക്ഷന്‍ എല്ലാം മികച്ചതായിരുന്നു.
ഫാസിസ്റ്റ് ഭരണത്തിലൂടെ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി, അവരെ തമ്മിലടിപ്പിക്കുകയും, അവരുടെ ആരാധനാലയങ്ങളെ ഇല്ലാതാക്കിയും മുന്നോട്ടുപോകുന്ന ഭരണകര്‍ത്താക്കളെയാണ് നാസര്‍, വിധു എന്നിവരുടെ കഥാപാത്രങ്ങളിലൂടെ സംവിധായകന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അധികമായാല്‍ മെറ്റഫറും വിഷം എന്ന രീതിയില്‍ ഇതെല്ലാം തിരിച്ചടിയായി മാറി. ശരാശരിയായ തിരക്കഥയും മികച്ച മേക്കിങ് എന്ന് റെട്രോയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
Content Highlight: Retro movie review