| Wednesday, 12th February 2025, 8:46 pm

ഞാന്‍ വീണ്ടും കണ്ടെടോ വാരണം ആയിരത്തിലെ സൂര്യയെ, ചര്‍ച്ചയായി റെട്രോ സോങ് പ്രൊമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. പിന്നീട് വന്ന ഓരോ അപ്‌ഡേറ്റും ചിത്രത്തിന്റെ ക്വാളിറ്റി വിളിച്ചോതുന്നതായിരുന്നു. പൊങ്കല്‍ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ടൈറ്റില്‍ ടീസറിനും വന്‍ വരവേല്‍പായിരുന്നു.

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനമായതുകൊണ്ട് റെട്രോയും ഗ്യാങ്‌സ്റ്റര്‍ ചിത്രമായിരിക്കുമെന്നായിരുന്നു പലരും ധരിച്ചത്. എന്നാല്‍ ചിത്രം റൊമാന്റിക് ഡ്രാമയില്‍ ആക്ഷന്‍ ഴോണര്‍ മിക്‌സ് ചെയ്ത സിനിമയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. 1970-80 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് ടീസര്‍ നല്‍കിയ സൂചന.

ഇപ്പോഴിതാ വാലൈന്റന്‍സ് ഡേയോട് അനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറക്കാന്‍ പോവുകയാണ്. സോങ് റിലീസിനോടനുബന്ധിച്ച് ചെറിയൊരു പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 40 സെക്കന്‍ഡ് മാത്രമുള്ള പ്രൊമോയില്‍ സൂര്യയുടെ ഗെറ്റപ്പും പാട്ടിന്റെ മൂഡുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പ്രണയഗാനമായിരിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് കിട്ടിയത് ലവ് ഫെയിലിയര്‍ മൂഡിലുള്ള പാട്ടാണ്.

സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ വാരണം ആയിരത്തിലെ ‘അവ എന്ന എന്ന’ എന്ന പാട്ടിന്റെ മൂഡാണ് ഇന്ന് പുറത്തിറങ്ങിയ പ്രൊമോയ്ക്കും ഉള്ളത്. സൂര്യയുടെ ഗെറ്റപ്പും വാരണം ആയിരത്തിലെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ്. രണ്ട് പാട്ടുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സന്തോഷ് നാരായണന്റെ ശബ്ദത്തില്‍ പുറത്തിറങ്ങുന്ന പാട്ടിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയത്. മലയാളി താരങ്ങളായ ജോജു ജോര്‍ജും ജയറാമും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ അച്ഛനായാണ് ജോജു വേഷമിടുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, തമിഴ് തുടങ്ങി വന്‍ താരനിര റെട്രോയില്‍ അണിനിരക്കുന്നുണ്ട്.

സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്‌റ്റോണ്‍ ബെഞ്ച് പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മലയാളിയായ ഷഫീഖ് മുഹമ്മദ് അലിയാണ്. സമ്മര്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Retro movie first single promo viral on social media

We use cookies to give you the best possible experience. Learn more