| Thursday, 6th March 2025, 6:32 pm

യക്ഷിക്ക് അമ്പലമുള്ള ഒരേയൊരു സ്ഥലം; ഹൊറര്‍ ചിത്രങ്ങള്‍ ഞാന്‍ മനപൂര്‍വം ഒഴിവാക്കി: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ മലയാളി ശബ്ദമാണ് റസൂല്‍ പൂക്കുട്ടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും യഷസ് വാനോളമുയര്‍ത്തി സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് അദേഹം.

നാളെ (വെള്ളിയാഴ്ച) പുറത്തിറങ്ങാന്‍ പോകുന്ന വടക്കന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയാണ് അദ്ദേഹം.

‘ഹൊറര്‍ ചിത്രങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയിട്ടുള്ള വ്യക്തിയാണ് ഞാന്‍ എന്നാല്‍ ‘വടക്കന്‍’ എന്ന ചിത്രത്തില്‍ സൗണ്ടിങ്ങിന് അതിന്റേതായ ലാന്‍ഡ്സ്‌കേപ്പും, ഫങ്ഷനിങ്ങുമുണ്ട്. ഈ ചിത്രത്തിനെ ഹൊറര്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതൊരു സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറാണ്.

പാശ്ചാത്ത്യ നാടുകളില്‍ യക്ഷി എന്ന ആശയത്തെ സാത്താനിക്കായിട്ടാണ് കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വിശ്വാസ വ്യവസ്ഥകളില്‍ യക്ഷി, പ്രേതം എന്നീ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുന്നു. നമ്മളവയെ ആരാധിക്കുന്നു. യക്ഷിക്ക് അമ്പലമുള്ള ഒരേയൊരു സ്ഥലം ഇന്ത്യയാണ്,’ റസൂല്‍ പൂക്കുട്ടി പറയുന്നു.

താന്‍ സിനിമ തെരഞ്ഞെടുക്കുന്നതിലുപരി സിനിമ തന്നെയാണ് തെരഞ്ഞെടുക്കുന്നതെന്നും ഒരു സിനിമയിലേക്ക് തന്നെ വിളിക്കുന്നുണ്ടെങ്കില്‍ അവര്‍ അവിടെ തനിക്കൊരു സ്ഥാനം നല്‍കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നതിലുപരി സിനിമ എന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഒരു സിനിമയിലേക്ക് എന്നെ വിളിക്കുന്നുണ്ടെങ്കില്‍ അവര്‍ അവിടെ എനിക്കൊരു സ്ഥാനം നല്‍കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ പരമാവധി എക്സ്‌പ്ലോര്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

സിനിമയിലെ സൗണ്ട് ഡിസൈയ്‌നിങ്ങിന്റെ ഉപയോഗത്തെക്കുറിച്ചും റസൂല്‍ പൂക്കുട്ടിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ട്. ഒരു ചിത്രത്തിന്റെ നെറയിറ്റിവ് ഗ്രാഫിനനുസരിച്ചാകണം ലൗഡ് ഗ്രാഫും പ്രവര്‍ത്തിക്കേണ്ടതെന്നും ഒരുപാട് ലൗഡ്‌നെസ് സിനിമക്കകത്ത് വരുകയാണെങ്കില്‍ അത് കാണികളെ സിനിമക്കകത്തേക്ക് കൊണ്ടുവരുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറയുന്നു.

Content Highlight: Resul Pookutty Talks About Horror Films

We use cookies to give you the best possible experience. Learn more