| Thursday, 6th March 2025, 3:03 pm

ഓസ്‌കറിന് ശേഷം ഹിന്ദിയില്‍ നിന്ന് ആരും വിളിച്ചില്ല; അന്ന് ലഭിച്ചത് സൗത്തിന്ത്യന്‍ സിനിമകള്‍ മാത്രം: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2008ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദ മിശ്രണത്തിന് ഓസ്‌കര്‍ നേടിയ സൗണ്ട് ഡിസൈനറാണ് റസൂല്‍ പൂക്കുട്ടി. ബ്രിട്ടീഷ് സിനിമകളിലും മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.

മലയാളത്തില്‍ കേരള വര്‍മ പഴശ്ശി രാജ, ആദമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, ദ സൗണ്ട് സ്റ്റോറി, കമ്മാര സംഭവം, കോളാമ്പി, ട്രാന്‍സ്, ആടുജീവിതം തുടങ്ങിയ സിനിമകളില്‍ റസൂല്‍ പൂക്കുട്ടി പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഓസ്‌കര്‍ ലഭിച്ച ശേഷം രണ്ട് വര്‍ഷത്തേക്ക് ബോളിവുഡില്‍ വര്‍ക്കുകളൊന്നും ലഭിച്ചില്ലെന്ന് പറയുകയാണ് റസൂല്‍ പൂക്കുട്ടി.

ഓസ്‌കര്‍ പോലെയൊരു അംഗീകാരം കിട്ടിയാല്‍ ആളുകള്‍ നമ്മള്‍ ‘അണ്‍അപ്രോച്ചബിളും ആക്‌സസബിളും’ ആകുമെന്നാണ് കരുതുകയെന്നും ചിലപ്പോള്‍ വലിയ തുക പറയുമെന്നും കരുതുമെന്നും അദ്ദേഹം പറയുന്നു.

‘ഓസ്‌കറിന് ശേഷം രണ്ട് വര്‍ഷത്തേക്ക് സിനിമകളൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എനിക്ക് ശരിക്കും നല്ല പണി കിട്ടിയതാണ് അപ്പോള്‍ (ചിരി). ഓസ്‌കര്‍ കിട്ടിയതിന് ശേഷം അക്കാദമി മെമ്പേഴ്‌സിന്റെ മീറ്റിങ്ങില്‍ എന്നോട് ‘നിങ്ങളുടെ വര്‍ക്കൊക്കെ എങ്ങനെ പോകുന്നു’ എന്ന് ചോദിച്ചു.

അപ്പോള്‍ ഞാന്‍ ‘എന്റെ വര്‍ക്കൊക്കെ ഓക്കെയാണ്. എന്താണ് അങ്ങനെ ചോദിച്ചത്’ എന്ന് തിരികെ ചോദിച്ചു. ‘ ഈ ഓസ്‌കറിന് ഒരു ശാപമുണ്ട്. അത് നിങ്ങള്‍ക്ക് അറിയുമോ’ എന്നായിരുന്നു അവരുടെ മറുചോദ്യം. എന്താണ് അതെന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ ആ കാര്യം അറിയുന്നത്.

അതായത് ഓസ്‌കര്‍ കിട്ടിയാല്‍ പിന്നെ നമുക്ക് വര്‍ക്കൊന്നും കിട്ടില്ല (ചിരി). അപ്പോഴാണ് എനിക്കും ആ കാര്യം റിലേറ്റ് ചെയ്യാന്‍ ആയത്. സത്യമാണ്, ഓസ്‌കറിന് ശേഷം എനിക്ക് ഹിന്ദിയില്‍ നിന്ന് വര്‍ക്കൊന്നും കിട്ടിയിരുന്നില്ല. എന്നെ സൗത്തിന്ത്യയില്‍ നിന്നുള്ളവരായിരുന്നു വിളിച്ചിരുന്നത്. അവര്‍ക്കായിരുന്നു എന്റെ വര്‍ക്ക് ആവശ്യമായിരുന്നത്.

ആ സമയത്ത് എനിക്ക് മോശം സമയമായിരുന്നു. ഓസ്‌കര്‍ പോലെയൊന്ന് കിട്ടിയാല്‍ ആളുകള്‍ ചിന്തിക്കുക നിങ്ങള്‍ അണ്‍അപ്രോച്ചബിളായിരിക്കുമെന്നും ആക്‌സസബിളാകില്ല എന്നുമാണ്. അല്ലെങ്കില്‍ നിങ്ങള്‍ വലിയ തുക പറയുമെന്നും അവര്‍ കരുതും,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.


Content Highlight: Resul Pookutty Talks About Hindi Films After Oscar Awards

We use cookies to give you the best possible experience. Learn more