| Saturday, 23rd May 2026, 8:03 am

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് റസൂല്‍ പൂക്കുട്ടി

നിഷാന. വി.വി

തിരുവനന്തപുരം: സംവിധായകനും ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു അദ്ദേഹം ചെയര്‍മാനായി സ്ഥാനമേറ്റത്. എന്നാല്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ രാജിവെക്കുകയായിരുന്നു. സ്ഥാനത്ത് തുടരണമെന്ന് പുതിയ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നില്ല.

കഴിഞ്ഞ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതോടെയായിരുന്നു റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത്. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്‍മാന്‍.

ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുമ്പ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

പ്രേംകുമാറിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അദ്ദേഹവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം ജഗദീഷ്, സലീംകുമാര്‍, ദീപു കരുണാകരന്‍ തുടങ്ങിയവരെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Resul Pookutty resigns from the post of Chairman of the Chalachitra Academy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more