അന്യായമെന്ന് തോന്നിയാല്‍ അപലപിക്കും; ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ ചിത്രമുയര്‍ത്തി മാര്‍പ്പാപ്പ ട്രംപിന് മറുപടി
World
അന്യായമെന്ന് തോന്നിയാല്‍ അപലപിക്കും; ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ ചിത്രമുയര്‍ത്തി മാര്‍പ്പാപ്പ ട്രംപിന് മറുപടി
മുഹമ്മദ് നബീല്‍
Friday, 24th April 2026, 1:02 pm

വത്തിക്കാൻ: ഇറാനിലെ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ച് പോപ്പ്. കഴിഞ്ഞയാഴ്ച യു.എസ് – ഇസ്രഈൽ യുദ്ധത്തിനെതിരെ സംസാരിച്ചപ്പോൾ ഇറാനിലെ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെയാണ് പോപ്പ് ലിയോയുടെ പ്രതികരണം.

ആഫ്രിക്കൻ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ലിയോ പ്രതികരിച്ചത്. യുദ്ധത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അദ്ദേഹം അപലപിക്കുകയും യു.എസ് – ഇറാൻ സമാധാന ചർച്ചകൾ തകർന്നതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

‘അന്യായമായ എല്ലാ നടപടികളെയും ഞാൻ അപലപിക്കുന്നു. മനുഷ്യജീവൻ കവരുന്നത് ഞാൻ അപലപിക്കുന്നു,’മാർപ്പാപ്പ പറഞ്ഞു.

‘ഒരു ഭരണകൂടമോ ഒരു രാജ്യമോ മറ്റുള്ളവരുടെ ജീവൻ അന്യായമായി കവരുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ, അത് തീർച്ചയായും അപലപിക്കപ്പെടേണ്ട ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.

ഇറാൻ യുദ്ധത്തെയും ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളെയും മാർപ്പാപ്പ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് ഏപ്രിൽ 12 ന് സോഷ്യൽ മീഡിയയിലൂടെ ട്രംപ് ലിയോയെ ഭീകരൻ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.

രണ്ടു ദിവസത്തിനുശേഷം പങ്കുവെച്ച ഒരു പോസ്റ്റിൽ, ഇറാനിലെ പ്രതിഷേധക്കാരുടെ മരണത്തെക്കുറിച്ച് ആരെങ്കിലും ദയവായി പോപ്പ് ലിയോയോട് പറഞ്ഞു കൊടുക്കുമോ എന്ന് ട്രംപ് ചോദിച്ചിരുന്നു.

എന്നാൽ ഇന്നലെ നടത്തിയ പരാമർശങ്ങളിൽ ലിയോ ട്രംപിനെക്കുറിച്ച് പരാമർശിച്ചില്ല. 140 കോടി അംഗങ്ങളുള്ള കത്തോലിക്കാ സഭയുടെ നേതാവ് എന്ന നിലയിൽ താൻ യുദ്ധത്തെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു വൈദികൻ എന്ന നിലയിൽ തനിക്ക് യുദ്ധത്തെ അനുകൂലിക്കാനാവില്ല എന്ന് പറഞ്ഞ അദ്ദേഹം, ലെബനനിൽ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുട്ടിയുടെ ചിത്രം തന്റെ പക്കലുണ്ടെന്നും കൂട്ടിച്ചേർത്തു.

മാർപ്പാപ്പയുടെ ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായി നവംബർ, ഡിസംബർ മാസങ്ങളിൽ അദ്ദേഹം ലെബനൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തിൽ ആ കുട്ടിയും ഉണ്ടായിരുന്നുവെന്ന് ലിയോ പറഞ്ഞു.

തങ്ങൾ വലിയ പ്രഖ്യാപനങ്ങൾ നടത്താറില്ലെന്നും പക്ഷെ നീതിക്കുവേണ്ടി തിരശീലക്കുപിറകിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight:Responding to Trump’s criticism; Pope Leo condemns regime repression in Iran

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം