തെളിവെടുപ്പിനെന്ന പേരില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ആ ഏഴുദിവസം- രശ്മി ആര്‍ നായര്‍ എഴുതുന്നു
Human Rights
തെളിവെടുപ്പിനെന്ന പേരില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ആ ഏഴുദിവസം- രശ്മി ആര്‍ നായര്‍ എഴുതുന്നു
രശ്മി
Saturday, 15th September 2018, 8:36 pm

കേസന്വേഷണത്തിനായി ബാംഗ്ലൂരിലേക്കൊക്കെ കൊണ്ട് പോകണം എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഏഴു ദിവസം എന്നെ കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ആറുദിവസം എന്നെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രലോഭനങ്ങളില്‍ വീഴാതെ നിന്നു എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നിമിഷങ്ങള്‍ ആ ഏഴു ദിവസങ്ങള്‍ ആയിരുന്നു. രാവിലെ മുതല്‍ രാത്രി വനിതാ സെല്ലിന് കൈമാറുന്നത് വരെ ഉള്ള പത്തു പന്ത്രണ്ടു മണിക്കൂര്‍ ഐ.ജി ഓഫീസിലെ ഒരു ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് അടച്ചിടും പച്ച വെള്ളം കുടിക്കാന്‍ കിട്ടില്ല.

രാത്രി എട്ടു മണി ആകുമ്പോള്‍ ഐ.ജി ശ്രീജിത്തിനു മുന്നില്‍ കൊണ്ട് പോകും ഒരു രാത്രിയും പകലും വെള്ളം പോലും കുടിക്കാതെ നില്‍ക്കുന്ന ഒരാളുടെ മുന്നില്‍ അത്യാവശ്യം കൊതി തോന്നുന്ന ഭക്ഷണ സാധനങ്ങള്‍ ഒക്കെ നിരത്തി വയ്ക്കും വളരെ ഔപചാരികമായി പുള്ളി ഇരിക്കാന്‍ ഒക്കെ ക്ഷണിക്കും. എന്നിട്ട് ചില ഡീലുകള്‍ മുന്നോട്ടു വയ്ക്കും .

പിറ്റേ ദിവസം മാധ്യമങ്ങള്‍ മൈക്കുമായി വരുമ്പോള്‍ ഏതാനും ചില വാക്കുകള്‍ ചില പേരുകള്‍ പറയണം അത്ര മാത്രമാണു ആവശ്യം. ഇത്തരമൊരു സാഹചര്യത്തില്‍ കഴിയുന്ന ആരെയും മോഹിപ്പിക്കുന്ന പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. പിന്നേ കേസില്‍ നിന്നും പതിയെ ഒഴിവാക്കാം എന്ന വാഗ്ദാനവും.

 

ഏഴു ദിവസം ഇത് ആവര്‍ത്തിച്ചു ശരിക്കും പകല്‍ വെളിച്ചം പോലും കാണാതെ ഞാന്‍ മാനസികമായി അങ്ങേയറ്റം തകര്‍ന്നിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രലോഭനം ഭീഷണി ആയൊക്കെ മാറുന്നുണ്ടായിരുന്നു. ഭീഷണിപെടുത്തിയ പോലെ അതേ കേസ് വേറൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്യുകയും ചെയ്തു എന്നത് അതിന്റെ ബാക്കി പത്രം.

“ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടി വരുന്ന ഒരു ദിവസം വരും ” എന്ന് ഒരുതവണ അയാളോട് പറഞ്ഞു. അന്നയാള്‍ ചിരിച്ചുകൊണ്ട് കൊണ്ട് പറഞ്ഞ രണ്ടു പേരുകള്‍ ആണ് പേരറിവാളനും നമ്പി നാരായണനും. “പോലീസ് അങ്ങ് തീരുമാനിച്ചാല്‍ അത്രേയുള്ളൂ, പിന്നെ നടന്നു ഒരു മൈരും പുടുങ്ങാന്‍ പറ്റില്ല” എന്നാണു ശ്രീജിത്ത് പറഞ്ഞ വാചകം.

ഇങ്ങനെ ഭക്ഷണം തരാതെ ഇരുട്ടുമുറിയില്‍ അടച്ചിടുകയാണ് എന്ന് ഞാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നു. അത് മനോരമ ന്യൂസ് അന്ന് റിപ്പോര്‍ട്ട് ചെയ്തത് “ജയിലില്‍ സൗകര്യങ്ങള്‍ പോരെന്നു രശ്മീ നായര്‍” എന്ന രീതിയിലായിരുന്നു.

കസ്റ്റഡിയില്‍ കഴിയുമ്പോള്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ “”ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ “” വിളിപ്പിക്കുന്ന സമയങ്ങളില്‍ എല്ലാം തൊട്ടടുത്ത കസേരയില്‍ മനോരമ ന്യൂസിന്റെ ഐ.ഡി കാര്‍ഡോടു കൂടി ഒരു യുവതി ഉണ്ടായിരുന്നു. എന്നെ വിളിപ്പിച്ചിരുന്നത് കേസിനെക്കുറിച്ചു ഒരക്ഷരം ചോദിക്കാന്‍ ആയിരുന്നില്ല. മനോരമയ്ക്ക് ഇന്റര്‍വ്യൂ കൊടുക്കാനുള്ള റെക്കമെന്റേഷനുമായി ആയിരുന്നു. പോലീസ് കസ്റ്റഡിയില്‍ അങ്ങനെ മാധ്യമങ്ങളെ ക്ഷണിച്ചിരുത്തി പ്രതികളുമായി സംസാരിപ്പിക്കുമോ എന്നു ചോദിക്കരുത്.

ഞാന്‍ നല്‍കിയ മുഖാമുഖത്തില്‍ നിന്ന് എന്ന തരത്തില്‍ മനോരമ അന്ന് എഴുതിവിട്ട കഥകളെല്ലാം വെറും ഭാവനാ സൃഷ്ടികള്‍ മാത്രമായിരുന്നു. അഭിമുഖം തരാന്‍ പറ്റില്ലയെന്ന് തീര്‍ത്തുപറയുമ്പോള്‍ തന്നെ ഇത്തരം മഞ്ഞകള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

 

 

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി എന്ന പേരില്‍ വാങ്ങിയ കസ്റ്റഡി ദിനങ്ങളില്‍ ഒരുദിവസം മാത്രമാണ് എന്നെ പുറത്തേക്ക് കൊണ്ടുപോയത്. എന്നെയും രാഹുലിനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിച്ചു.

ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് ഐ.ജി ശ്രീജിത്ത് മാധ്യമങ്ങളുടെ മുന്നില്‍ ആധികാരികമായി പറഞ്ഞത് അപ്പോള്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞു കുറേ സ്ഥലങ്ങള്‍ ഹോട്ടലുകള്‍ എയര്‍പോര്‍ട്ട് അങ്ങനെ പല സ്ഥലത്തും രാവിലെ മുതല്‍ വൈകിട്ട് വരെ പ്രകടനം നടത്താനുള്ള ഷെഡ്യൂള്‍ ഇട്ടാണ് പോയത്.

ആദ്യത്തെ ഷോക്കില്‍ നിന്നും രണ്ടുമൂന്നു ദിവസത്തില്‍ റിക്കവര്‍ ആയിവരുന്ന രാഹുല്‍ പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആയിരുന്നു. പോകുന്ന വഴി തന്നെ വാഹനത്തിനുള്ളില്‍ വച്ചും മറ്റും പൊലീസുകാരില്‍ പലരും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. ചിലര്‍ ലൈവ് ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നു. വീട്ടിലും സുഹൃത്തുക്കളെയും വിളിച്ചു തങ്ങള്‍ ടി.വി യില്‍ വരും എന്നൊക്കെ പറയുന്നുണ്ടായിരുന്നു. മഫ്തിയില്‍ നല്ല ആക്ഷന്‍ ഹീറോ ബിജുമാരായി ടീ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഒക്കെ വച്ചാണ് പൊലീസുകാര്‍ ഇരിക്കുന്നത്. അതില്‍ ഒരാള്‍ വച്ചിരിക്കുന്നത് ഞങ്ങളുടെ കാറില്‍ ഇരുന്ന രാഹുലിന്റെ ഗ്ലാസ് ആയിരുന്നു.

നേടുമ്പാശേരിയില്‍ വാഹനം എത്തുമ്പോള്‍ കൃത്യമായി ദേശീയ മാധ്യമങ്ങള്‍ അടക്കം സ്ഥലത്തുണ്ടായിരുന്നു. ഞങ്ങളെ പുറത്തിറക്കി അവിടെ ഒരു ഹോട്ടലില്‍ കയറ്റി പ്രഹസന “തെളിവെടുപ്പ്” നടത്തുകയായിരുന്നു ഉദ്ദേശം. ഈ മാധ്യമ ശ്രദ്ധയില്‍ ഏറെ അസ്വസ്ഥനായിരുന്നു ഒന്നാം പ്രതി. വണ്ടി വന്നു നിന്നയുടന്‍ രാഹുല്‍ ഒന്നാം പ്രതിയോട് നീ ഞാന്‍ പറയുന്നത് പോലെ പറഞ്ഞാല്‍ ഇനി നിന്റെ മുഖം ഇവര്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കില്ല എന്ന് പറഞ്ഞു, ഞാന്‍ എന്തും ചെയ്യാം എന്ന് അവനും പറഞ്ഞു.

 

 

മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ മൈക്കുമായി വണ്ടിക്കടുത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു. “അഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇതുമായി ബന്ധമുണ്ട്” എന്ന് ഒന്നാം പ്രതി വിളിച്ചു പറഞ്ഞു. മാതൃഭൂമി അത് ലൈവ് ആയി ബ്രേക്ക് ചെയ്തു. പിന്നെ സംഭവിച്ചതെല്ലാം ഒരു ഫയര്‍ ഡ്രില്‍ പോലെ ആയിരുന്നു.

പോലീസ് വണ്ടിയുമായി കാണുന്ന വഴി പരക്കം പാഞ്ഞു. ചാലക്കുടിയില്‍ ഏതോ ഉള്‍ വഴിയൊക്കെ ഞങ്ങളുമായി ഓടി. മാധ്യമങ്ങള്‍ പിറകെയും. “സാറേ ഈ പോകുന്ന വഴിയൊന്നും ഒരു നിശ്ചയവും ഇല്ല” എന്ന് ഡ്രൈവര്‍ പലവട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഡി.വൈ.എസ്.പിയുടെയും സി.ഐയുടെയുമൊക്കെ ഫോണുകള്‍ നിര്‍ത്താതെ അടിക്കുന്നുണ്ട്. നല്ല തെറിയാണ് മറുഭാഗത്തുനിന്നും കേള്‍ക്കുന്നത് എന്ന് പൊലീസുകാരുടെ മുഖം കണ്ടാല്‍ അറിയാം.

ഒടുവില്‍ IO വന്നു ഞങ്ങളോട് സംസാരിച്ചു- “നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ കോടതിയില്‍ പറ, ഇങ്ങനെ വിളിച്ചു പറയരുത്” എന്ന്. ഒന്നും പറയാനില്ല ഒരു കാരണവും ഇല്ലാതെ ആവശ്യത്തില്‍ കൂടുതല്‍ സഹിച്ചിരിക്കുകയാണ് ഇനി മാധ്യമങ്ങളുടെ മുന്നില്‍ ഞങ്ങളെ കൊണ്ടുപോയാല്‍ വായില്‍ തോന്നിയത് വിളിച്ചു പറയിക്കും എന്ന് രാഹുല്‍ പ്രതികരിച്ചു.

ഒടുവില്‍ ഡ്രൈവര്‍ പ്രതീക്ഷിച്ചത് പോലെ വണ്ടി ഒരു ഡെഡ് എന്‍ഡില്‍ പോയി മുട്ടി. നീയൊക്കെ ഇവരെയും കൊണ്ട് ഓടുന്നത് എന്നൊക്കെ വളഞ്ഞിട്ട് വിളിച്ച് മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനെ തെറിവിളിക്കുകയായിരുന്നു. വണ്ടിക്കുള്ളിലേക്ക് നിറയെ മൈക്കുകളും. IO ദയനീയമായി നോക്കുന്നുണ്ട്. ആരും ഒന്നും മിണ്ടിയില്ല. അതോടെ തെളിവെടുപ്പ് മതിയായി ഞങ്ങളെയും കൊണ്ട് തിരികെ പോന്നു.

പിന്നെ ഏഴു ദിവസം കസ്റ്റഡിയിലിട്ട് ഐ.ജി ശ്രീജിത്തിന്റെ ഭാവനയില്‍ വിരിയുന്ന തിരകഥ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു എന്നതല്ലാതെ ഞങ്ങളെ ആ ഓഫീസ് വിട്ടു പുറത്തിറക്കിയില്ല. ഡെഡ് എന്‍ഡില്‍ വണ്ടി നിര്‍ത്തി എന്ന കുറ്റത്തിന് ആ ഡ്രൈവര്‍ക്ക് സെന്‍കുമാര്‍ ഒരു മെമ്മോയും കൊടുത്തു.