ന്യൂദല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. ലോക്‌സഭയില്‍ പാസാക്കിയ ശേഷം നാളെ രാജ്യസഭയിലും കൊണ്ടുവരാനാണ് നീക്കം. ബി.ജെ.പിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് സഭയില്‍ ഹാജരാകാന്‍ വിപ്പു നല്‍കിയിട്ടുണ്ട്.
ബില്‍ പാസാക്കാന്‍ രാജ്യസഭ നാളെ കൂടി ചേരാനാണ് ധാരണ. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണു തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണു സംവരണം. ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.
കൂടാതെ പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്.
അഖിലേഷ് യാദവിനെതിരായ റെയിഡില്‍ ഇരുസഭകളിലും പ്രതിഷേധിക്കാനാനാണ് എസ്.പി ,ബി.എസ്.പി തീരുമാനം. കേരളസര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ബി.ജെ.പി നിലപാടില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധിക്കും. തൊഴിലാളിസംഘടനകളുടെ പണിമുടക്ക് സഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിക്കാനും ഇടത് എം.പിമാര്‍ തീരുമാനിച്ചിട്ടുണ്ട്.