| Sunday, 6th July 2025, 5:00 pm

സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം; വിധിയെ സ്വാഗതം ചെയ്ത് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണം ഏര്‍പ്പെടുത്തിയ വിധിയെ സ്വാഗതം ചെയ്ത് സി.പി.ഐ. എം.

വികലാംഗര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതര്‍ എന്നിവര്‍ക്കും കോടതി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദീര്ഘകാലമായി കാത്തിരുന്ന സുപ്രധാന തീരുമാനമാണ് ചീഫ് ജസ്റ്റിസിന്റേതെന്നും സി.പി.ഐ.എം പറയുന്നു.

നിയമനത്തില്‍ വരുത്തിയ ഭേദഗതിയില്‍ ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സംവരണത്തിന്റെ പുറത്തായിരുന്ന മേഖലകളിലേക്ക് സംവരണം എത്തിച്ച ചുവടുവെപ്പ് സ്വാഗതാര്‍ഹമാണെന്നും സി.പി.ഐ.എം അറിയിച്ചു.

ജീവനക്കാരുടെ നിമമനത്തിലും പ്രൊമോഷനിലും പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും നേരത്തേ സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒ.ബി.സി വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. 71 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സുപ്രീം കോടതി സംവരണമേര്‍പ്പെടുത്തുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ആണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

1961 സുപ്രീം കോടതി ഓഫീസര്‍മാരുടെയും സേവകരുടെയും ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് സംവരണം ഏര്‍പ്പെടുത്തിയത്. കാലാകാലങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങളും ഈ ജീവനക്കാര്‍ക്ക് ബാധകമാകും. ആവശ്യമാണെങ്കില്‍ ഈ നയത്തില്‍ ഭേദഗതി വരുത്താനോ പരിഷ്‌കാരങ്ങള്‍ വരുത്താനോ ഒഴിവാക്കലുകള്‍ വരുത്താനോ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടാകും.

നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തില്‍ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തില്‍ 7.5 ശതമാനവും സംവരണമാണ് ലഭിക്കുക. കഴിഞ്ഞ മാസം 24നായിരുന്നു പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും നേരിട്ടുള്ള നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. രജിസ്ട്രാര്‍മാര്‍, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണം ലഭിക്കുക.

Content Highlight: Reservation for OBC categories in the appointment of Supreme Court employees; CPIM welcomes the verdict

We use cookies to give you the best possible experience. Learn more