Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll
അനുഷ ആന്‍ഡ്രൂസ്

കേരളത്തില്‍ നില നിന്നിരുന്ന ജാതീയ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ഒരു ആയുഷ്‌ക്കാലം പോരാടിയ, ഈഴവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ ഈഴവശിവനെ പ്രതിഷ്ടിച്ച് പ്രതികരിച്ച, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൊരാളായ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയുള്ള ടാബ്ലോ കേന്ദ്ര സര്‍ക്കാരിന് അംഗീകരിക്കാനാവില്ല എന്ന്. പകരം ശങ്കരാചാര്യരെ കൊണ്ടു വരാന്‍.

സി.പി.ഐ.എം പറയുന്നത് പോലെ ഇന്ത്യയില്‍ ബ്രാഹ്‌മണ ക്രമം പുനഃസ്ഥാപിച്ച എ.ഡി ഏഴാം നൂറ്റാണ്ടിലെ ഒരു മതവിശ്വാസി എങ്ങനെയാണ് ശ്രീ നാരായണ ഗുരുവിനെക്കാള്‍ പ്രസക്തമാകുന്നത് എന്നത് ഭരണസംവിധാനത്തിന്റെ ഹിന്ദുത്വ വീക്ഷണത്തിലൂടെ മാത്രമേ വിശദീകരിക്കാനാകൂ. സംഘപരിവാര്‍ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് പ്രതിമയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ രൂപസാദൃശ്യം ഇല്ലാത്തതുകൊണ്ടാണ് കേന്ദ്രം തള്ളിയത്.

The replica of Kerala’s float for the Republic Day parade

ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിന്റെയും, ഡി.എം.കെ നേതൃത്വം നല്‍കുന്ന തമിഴ്‌നാടിന്റെയും, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിന്റെയും റിപബ്ലിക്ക് ദിന ടാബ്ലോകള്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. നിലവാരം പോരാ എന്നതായിരുന്നു കാരണമായി പറഞ്ഞത്. പക്ഷെ കേന്ദ്രത്തിന് മികച്ച നിലവാരമുള്ളത് എന്ന് തോന്നിയ ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്. കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നാല് ടാബ്ലോകള്‍ കേന്ദ്രം അംഗീകരിച്ച നിലവാരത്തോടെ ഹിന്ദുത്വ ആശയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു.

അതായത്, ക്ഷേത്രം, പശു, ഹനുമാന്‍, ആന, കാശി അങ്ങനെയങ്ങനെ ഒരു ഉത്സവത്തിന്റെ വൈബ്.

ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ എന്തായാലും ശ്രീനാരായണഗുരുവിനെ ഈ കലാപരിപാടികളുടെ ഇടയില്‍ ചേര്‍ക്കാഞ്ഞത് നന്നായി എന്ന് തോന്നുന്നു. അത് മാത്രല്ല ബിര്‍സ മുണ്ടയടക്കമുള്ള ടാബ്ലോകള്‍ക്ക് നിലവാരത്തകര്‍ച്ചയുടെ പേര് പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. തമിഴ്നാടിന്റെ ദേശീയപോരാട്ടത്തെ ഓര്‍മിപ്പിക്കുന്ന തീമും, ബംഗാളില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തീമില്‍ തീര്‍ത്ത ടാബ്ലോയും കേന്ദ്രം ഭംഗി പോരാ എന്ന് പറഞ്ഞ് വേണ്ടാ എന്ന് വെച്ചിട്ടുണ്ട്. ഈ പറഞ്ഞ ടാബ്ലോകളെല്ലാം തന്നെ സവര്‍ണ്ണഹൈന്ദവ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള ചരിത്രം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

പെരിയാറും, സുബ്രഹ്‌മണ്യഭാരതിയും, വെല്ലൂര്‍ ലഹളയും, വീരപാണ്ഡ്യകട്ടബൊമ്മനും, റാണി വേലു നാച്ചിയാറും അവരുടെ സൈന്യാധിപ കുയിലിയുമൊക്കെ അടങ്ങുന്നതായിരുന്നു തമിഴ്നാടിന്റെ ടാബ്ലോ. 1806ലെ വെല്ലൂര്‍ വിപ്ലവമായിരുന്നു പ്രധാന പ്ലോട്ട്. 1857 ലെ ഇന്ത്യന്‍ കലാപത്തിന് അരനൂറ്റാണ്ട് മുമ്പേ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ വലിയ രീതിയിലുള്ള പ്രതികരണവും അക്രമ കലാപവും നടന്നത് വെല്ലൂരായിരുന്നു.

അതുപോലെ തന്നെ ടാബ്ലോയിലുണ്ടായ മറ്റൊരു പ്രധാനപ്പെട്ട ആളായിരുന്നു വി.ഒ. ചിദംബരം. 1906ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരോട് മത്സരിക്കുന്നതിനായി സ്വദേശി സ്റ്റീം നാവിഗേഷന്‍ കമ്പനി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് വി.ഒ. ചിദംബരം.

ശിവഗംഗയിലെ റാണി വേലുനാച്ചിയാറും തമിഴ്നാട് ടാബ്ലോയിലെ വളരെ പ്രധാനപ്പെട്ട ആകര്‍ഷണമായിരുന്നു. ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ചെയ്ത ആദ്യ ഇന്ത്യന്‍ രാജ്ഞിയും, യുദ്ധം ചെയ്ത് രാജ്യം തിരികെ കൈക്കലാക്കിയ ഒരേയൊരു രാജ്ഞിയുമായിരുന്നു റാണി വേലുനാച്ചിയാര്‍. റാണിയുടെ പ്രതിമക്കൊപ്പം സൈന്യാധിപയായ കുയിലിയുടെ പ്രതിമയുമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ധീരമായി പോരാടി. സ്വയം ഒരു മനുഷ്യബോംബായി മാറി, ബ്രിട്ടീഷുകാരുടെ വെടിമരുന്ന്, ആയുധപുരയിലേക്ക് എടുത്ത് ചാടി അവിടം ചാരമാക്കിയ ധീര വനിതയായിരുന്നു കുയിലി. ദളിതയാണ് എന്ന ഒറ്റ കാരണം കൊണ്ട് കുയിലി കഥപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു.

Floats of the freedom fighters at the republic day celebrations held at Gandhi statue, on Wednesday in Chennai.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് തന്റെ ഉജ്ജ്വലമായ ദേശഭക്തി ഗാനങ്ങളിലൂടെയും രചനകളിലൂടെയും ജനങ്ങളുടെ മനസ്സില്‍ ദേശസ്നേഹം ആളിക്കത്തിച്ച മഹാകവി ഭാരതിയാര്‍ ടാബ്ലോ ഡിസൈനില്‍ ഉണ്ടായിരുന്നു. തമിഴ്നാട് ഒരുക്കിയ ഈ ടാബ്ലോ ഇന്ത്യന്‍ ദേശീയതയുടെ നിര്‍മ്മാണത്തിലും സ്വാതന്ത്ര്യപ്പോരാട്ടങ്ങളിലും സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളിലും തമിഴ്നാടില്ലായിരുന്നു എന്ന പൊതുബോധത്തോടുള്ള ഉറച്ച മറുപടിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് വെച്ച ടാബ്ലോ അവര്‍ തമിഴ്നാട്ടില്‍ വെച്ച് നടന്ന റിപബ്ലിക്ക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബംഗാളിലും സമാനമായി ടാബ്ലോ പ്രദര്‍ശനം ഉണ്ടായിരുന്നു.

ദളിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ എക്കാലത്തേയും വിദ്വേഷം തന്നെയാണ് നേതാജിയേയും, പെരിയാറിനേയും, നാരായണഗുരുവിനേയുമെല്ലാം വേണ്ടെന്ന് വെക്കുന്നതിലൂടെ തെളിഞ്ഞ് കാണുന്നത്. ഇത്തരത്തില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്ന റിപബ്ലിക് ദിനത്തില്‍ പോലും ബി.ജെ.പി അവരുടെ തനിസ്വഭാവം കാട്ടി ചീപ്പ് ആവുന്നുണ്ട്. അതൊരു പുതിയ കാര്യവും അല്ലല്ലോ.


Content Highlight :Republic Day Parade, Tableau of some states features Hindu temple and gods while centre rejects kerala , tamil nadu and bengal’s tableau

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.