സോഷ്യല്‍ മീഡിയയില്‍ ഈയടുത്ത് വന്ന ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ ഒ.ടി.ടി റിലീസ്. ജനുവരിയില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ആറ് മാസമായിട്ടും ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും വന്നിട്ടില്ല. മുമ്പേ തിയേറ്ററിലെത്തിയ സിനിമകളും ശേഷമെത്തിയ സിനിമകളും ഒ.ടി.ടിയില്‍ വന്നപ്പോഴും ഡൊമിനിക്ക് മാത്രം വരാത്തതായിരുന്നു ചര്‍ച്ച.
ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ തിയേറ്റര്‍ റിലീസായ ബസൂക്കയും ഇതുവരെ ഒ.ടി.ടിയിലെത്തിയിരുന്നില്ല. ഒ.ടി.ടിയിലെത്താത്ത ധ്രുവനച്ചത്തിരം എന്നായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിനെ ട്രോളന്മാര്‍ വിശേഷിപ്പിച്ചത്. ഇന്‍ഡസ്ട്രി ഹിറ്റായ സിനിമകള്‍ പോലും എട്ട് ആഴ്ചക്കകം ഒ.ടി.ടിയിലെത്തിയപ്പോള്‍ ഡൊമിനിക്കുംബസൂക്കയും വരാത്തത് പലരും ചര്‍ച്ചയാക്കി.
ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ഇരു ചിത്രങ്ങളും ഒ.ടി.ടി റിലീസിന് തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൊന്നായ സീ ഫൈവാണ് രണ്ട് ചിത്രങ്ങളുടെയും റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനമായോ അടുത്ത മാസം പകുതിയോടെയോ രണ്ട് ചിത്രങ്ങളും ഒ.ടി.ടിയിലെത്തിയേക്കും.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. എല്ലായിടത്തും പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റര്‍ പരാജയമായി ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് മാറി.
നവാഗതനായ ഡീനോ ഡെന്നീസ് അണിയിച്ചൊരുക്കിയ ഗെയിം ത്രില്ലറാണ് ബസൂക്ക. പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രം അവതരണത്തില്‍ പാളുകയായിരുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പരാജയമായി മാറി. മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളും ബി.ജി.എമ്മും മാത്രമായിരുന്നു ചിത്രത്തിന്റെ പോസിറ്റീവ്.
ബസൂക്കയുടെ റിലീസിന് മുമ്പ് ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു മമ്മൂട്ടി. തുടര്‍ന്ന് രണ്ട് മാസത്തോളം താരം വിശ്രമത്തിലായിരുന്നു. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് താരത്തിന്റെ അടുത്ത ചിത്രം. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlight: Reports that Zee 5 acquired the OTT Rights of Dominic and the Ladies purse & Bazooka movie