ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമാറ്റിക് യൂണിവേഴ്‌സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ വൈ.ആര്‍.എഫ്. സ്‌പൈവേഴ്‌സ്. സല്‍ മാന്‍ ഖാന്‍ നായകനായ ഏക് ഥാ ടൈഗറാണ് യഷ് രാജിന്റെ ആദ്യ സ്‌പൈ ചിത്രം. തുടര്‍ന്ന് ടൈഗര്‍ സിന്ദാ ഹേ, വാര്‍ എന്നീ ചിത്രങ്ങള്‍ ഇതേ പാറ്റേണില്‍ പുറത്തിറങ്ങിയെങ്കിലും ഷാരൂഖ് ഖാന്‍ നായകനായ പത്താനിലൂടെയാണ് ഈ യൂണിവേഴ്‌സ് ഔദ്യോഗികമായി ആരംഭിച്ചത്.
ബോളിവുഡിലെ വമ്പന്മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃതിക് റോഷന്‍ എന്നിവര്‍ ഭാഗമാകുന്ന ഈ യൂണിവേഴ്‌സിലെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ പത്താന് പിന്നാലെയെത്തിയ ടൈഗര്‍ 3 പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി. ഒരേ ടൈപ്പ് കഥയെ തിരിച്ചും മറിച്ചും അവതരിപ്പിക്കുന്നു എന്ന വിമര്‍ശനം ടൈഗര്‍ 3ക്ക് പിന്നാലെ ഉയര്‍ന്നു.
ഇനി പുറത്തിറങ്ങാനിരിക്കുന്ന വാര്‍ 2വിനെക്കുറിച്ചും ഇതേ അഭിപ്രായം തന്നെയാണ് പലര്‍ക്കുമുള്ളത്. ഇതിന് പിന്നാലെയാണ് ഈ യൂണിവേഴ്‌സിലെ മറ്റ് സിനിമകളുടെ ഭാവി താത്കാലികമായി നിര്‍ത്തിയത്. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ 2 പൂര്‍ണമായും ഉപേക്ഷിച്ചതാണ് ഏറ്റവും പ്രധാന വാര്‍ത്ത. തിരക്കഥയില്‍ സംതൃപ്തി തോന്നാത്തതിനാലാണ് പ്രൊജക്ട് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാന്‍- സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ടൈഗര്‍ വേഴ്‌സസ് പത്താനും ഇതിന് പിന്നാലെ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ സ്‌ക്രിപ്റ്റ് ഉപേക്ഷിക്കാന്‍ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പത്താനില്‍ വില്ലനായി വേഷമിട്ട ജോണ്‍ എബ്രഹാം അവതരിപ്പിച്ച ജിം എന്ന കഥാപാത്രത്തെ നായകനാക്കി ഒരുങ്ങുന്ന സിനിമയും ഉപേക്ഷിച്ചെന്നാണ് വിവരം.
ഹൃതിക് റോഷന്‍- ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന വാര്‍ 2, ആലിയ ഭട്ട് പ്രധാനവേഷത്തിലെത്തുന്ന ആല്‍ഫ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇനി ഈ യൂണിവേഴ്‌സില്‍ നിന്ന് ഉണ്ടാകുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേ കഥ തിരിച്ചും മറിച്ചും ഇട്ട് തട്ടിക്കൂട്ട് വി.എഫ്.എക്‌സില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ വേണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
200 കോടി ബജറ്റിലെത്തുന്ന ആക്ഷന്‍ ചിത്രമാണ് വാര്‍ 2. ചിത്രത്തിന്റെ ടീസറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വി.എഫ്.എക്‌സിന്റെ നിലവാരമില്ലായ്മയും അനാവശ്യമായ ബിക്കിനി സീനും ടീസറിന്റെ രസം കെടുത്തുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. രജിനികാന്ത് നായകനായെത്തുന്ന കൂലിയുമായാണ് വാര്‍ 2വിന്റെ ക്ലാഷ്.
Content Highlight: Reports that Yash Raj Films dropped Tiger vs Pathaan and other upcoming movies in YRF Spy Universe