| Friday, 3rd October 2025, 7:43 pm

പാന്‍ ഇന്ത്യന്‍ പൃഥ്വി, രാജമൗലി ചിത്രത്തിന് പിന്നാലെ തെലുങ്കില്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിലവില്‍ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് പൃഥ്വിരാജ്. ഒരേസമയം നാല് സിനിമകളുടെ തിരക്കിലാണ് താരമിപ്പോള്‍. മലയാളത്തിനൊപ്പം അന്യഭാഷയിലും പൃഥ്വി നിരവധി പ്രൊജക്ടുകളുടെ ഭാഗമാണ്. ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എം.ബി29ലും പൃഥ്വി പ്രധാനവേഷത്തിലെത്തുന്നുണ്ട്.

രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് പൃഥ്വിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് ബാബുവും പൃഥ്വിയും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എസ്.എസ്.എം.ബി 29ന് പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തിലും പൃഥ്വി ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാഹോ, ദെയ് കാള്‍ ഹിം ഓ.ജി എന്നീ ബ്ലോക്ക്ബസ്റ്ററുകളൊരുക്കിയ സുജീത്തിന്റെ ബ്ലഡി റോമിയോ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാനി നായകനായെത്തുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്നിരുന്നു. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

രാജമൗലി ചിത്രത്തിന്റെ ഷൂട്ട് ഇനിയും ബാക്കിയുണ്ട്. ഒഡിഷയില്‍ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രം പിന്നീട് കാശി, ഹൈദരബാദ്, യു.കെ, കെനിയ എന്നിവിടങ്ങളിലായി പുരോഗമിച്ചു. യു.എസിലും ടാന്‍സാനിയയിലുമടക്കം നിരവധി ഷെഡ്യൂളുകള്‍ ഇനിയും ബാക്കിയുണ്ട്. എസ്.എസ്.എം.ബി 29ന്റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് പൃഥ്വിരാജ് മറ്റ് ചിത്രങ്ങളുടെ ഷൂട്ട് പൂര്‍ത്തിയാക്കുന്നത്.

റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ ഷൂട്ട് അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന ചിത്രം ഇതുവരെ കാണാത്ത തരത്തിലുള്ള ത്രില്ലറായിരിക്കുമെന്നാണ് സൂചന. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയും പൃഥ്വിയുടെ ലൈനപ്പിലുണ്ട്.

ഗുരുവായൂരമ്പല നടയില്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം പൃഥ്വിയും വിപിന്‍ ദാസും ഒന്നിക്കുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റര്‍ ചിത്രം ഖലീഫ, ബോളിവുഡ് ചിത്രം ദയ്‌റ എന്നിവയുടെ ഷൂട്ടും അടുത്തിടെ ആരംഭിച്ചിരുന്നു.

Content Highlight: Reports that Prithviraj playing a crucial role in Nani’s Bloody Romeo movie

We use cookies to give you the best possible experience. Learn more