പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം പൃഥ്വിരാജ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫോട്ടോ വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. ബോഡി നല്ല രീതിയില്‍ ബില്‍ഡ് ചെയ്ത് മസിലുകളെല്ലാം കാണുന്ന തരത്തില്‍ പൃഥ്വി പോസ് ചെയ്ത ഫോട്ടോ വൈറലായി മാറി. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിക്ക് വേണ്ടിയാണ് ഈ ബോഡിബില്‍ഡിങ്ങെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ പൃഥ്വി ഈ രീതിയില്‍ ബോഡിബില്‍ഡിങ് നടത്തിയത് വാരണാസിക്ക് വേണ്ടിയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൊവിനോ നായകനായെത്തുന്ന പള്ളിച്ചട്ടമ്പിക്ക് വേണ്ടിയാണ് പൃഥ്വി ഇത്തരത്തില് ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മലയാളി ഫ്രം ഇന്ത്യക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയാണ് പള്ളിച്ചട്ടമ്പി.
ചിത്രത്തില്‍ 15 മിനിറ്റോളം വരുന്ന അതിഥിവേഷമാണ് പൃഥ്വിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ പൃഥ്വി പള്ളിച്ചട്ടമ്പിയുടെ മൈസൂരിലെ സെറ്റില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1940കളില്‍ നടക്കുന്ന ആക്ഷന്‍ ത്രില്ലറാണ് പള്ളിച്ചട്ടമ്പി. എ.ആര്‍.എമ്മിന് ശേഷം ടൊവിനോ നായകനാകുന്ന ആക്ഷന്‍ ചിത്രം വന്‍ ഹിറ്റാകുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
ടൊവിനോയെപ്പോലെ വളരെ ശക്തനായ കഥാപാത്രം തന്നെയാകും പൃഥ്വിയുടേതെന്ന് ആരാധകര്‍ കരുതുന്നു. എമ്പുരാന് ശേഷം പൃഥ്വിരാജും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും പുരോഗമിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്‍ ക്രൂവാണ് പള്ളിച്ചട്ടമ്പിയില്‍ അണിനിരക്കുന്നത്.
തെന്നിന്ത്യന്‍ സെന്‍സേഷന്‍ കയേദു ലോഹറാണ് ചിത്രത്തിലെ നായിക. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ സിനിമകള്‍ക്ക് ശേഷം കയേദു ഭാഗമാകുന്ന മലയാള സിനിമ കൂടിയാണ് പള്ളിച്ചട്ടമ്പി. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. 2026 പകുതിയോടെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
പള്ളിച്ചട്ടമ്പിക്ക് ശേഷം ഖലീഫയുടെ സെറ്റിലേക്കാകും പൃഥ്വി ജോയിന്‍ ചെയ്യുക. മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്ന ചിത്രം പകുതിയോളം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിന് ശേഷം ഐ ആം നോബഡിയിലും താരം ജോയിന്‍ ചെയ്യും. വാരണാസിയുടെ അടുത്ത ഷെഡ്യൂളിന് ശേഷമാകും മറ്റ് മലയാളസിനിമകള്‍ പൃഥ്വി പൂര്‍ത്തിയാക്കുക.