സോഷ്യല്‍ മീഡിയ മുഴുവന്‍ ധുരന്ധര്‍ മയമാണ്. സകല സിനിമാപേജുകളിലും ഇപ്പോള്‍ ധുരന്ധറിന്റെ എഡിറ്റ് വീഡിയോകളാണ് വൈറലാകുന്നത്. തിയേറ്ററില്‍ നേടിയ സ്വീകാര്യത ഒ.ടി.ടിയിലും ചിത്രത്തിന് ലഭിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിലെ പല രംഗങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
നായകനായ രണ്‍വീര്‍ സിങ്ങിനോടൊപ്പം കട്ടക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സാണ് വില്ലനായെത്തിയ അക്ഷയ് ഖന്ന കാഴ്ചവെച്ചത്. റഹ്‌മാന്‍ ദാക്കൈത് എന്ന കഥാപാത്രം ആദ്യാവസാനം അക്ഷയ് ഖന്നയില്‍ ഭദ്രമായിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ബോയ്‌യായിരുന്ന അക്ഷയ് ഖന്നയുടെ മേക്കോവര്‍ പലരെയും ഞെട്ടിച്ചു.
അക്ഷയ് ഖന്ന Photo: Screen grab/ Jio Studios
എന്നാല്‍ റഹ്‌മാന്‍ ദാക്കൈത് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം സമീപിച്ചത് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെ ആയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ കൂലിയുടെ തിരക്ക് കാരണം നാഗാര്‍ജുനക്ക് ധുരന്ധറിനോട് നോ പറയേണ്ടി വന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ നാഗാര്‍ജുന ചെയ്തത് വലിയ മിസ്റ്റേക്കാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
കൂലിയുടെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് പറഞ്ഞ ‘യെത്… നാഗാര്‍ജുനാവാ?’ എന്ന ഡയലോഗോടെയാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്. റഹ്‌മാന്‍ ദാക്കൈത് എന്ന വേഷം ഒഴിവാക്കി കൂലിയിലെ സൈമണ്‍ എന്ന കഥാപാത്രം തെരഞ്ഞെടുത്തത് നാഗാര്‍ജുനക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. കൂലിയിലെ നാഗാര്‍ജുനയുടെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു.
നാഗാര്‍ജുന Photo: Screen grab/ Sun Pictures
സൈമണെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നത് റഹ്‌മാനാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പാകിസ്ഥാനിലെ ല്യാരി നഗരത്തിലെ പേരുകേട്ട ഗ്യാങ്സ്റ്ററായിരുന്നു റഹ്‌മാന്‍ ദാക്കൈത്. നാഗാര്‍ജുന ഒഴിവാക്കിയ വേഷം അക്ഷയ് ഖന്നയുടെ കൈകളിലേക്കെത്തിയപ്പോള്‍ താരം അത് മികച്ചതാക്കി. രണ്ട് താരങ്ങളുടെയും കരിയറിലെ ഐക്കോണിക് വില്ലന്‍ വേഷങ്ങള്‍ ഒരേവര്‍ഷം പിറവിയെടുത്തതും അതിന് പിന്നിലുള്ള കൗതുകവുമാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആദിത്യ ധര്‍ ധുരന്ധര്‍ അണിയിച്ചൊരുക്കിയത്. രണ്‍വീര്‍ സിങ്ങിനും അക്ഷയ് ഖന്നക്കും പുറമെ സഞ്ജയ് ദത്ത്, അര്‍ജുന്‍ റാംപാല്‍, മാധവന്‍, സാറ അര്‍ജുന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 1400 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ഭാഗം മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തും.
Content Highlight: Reports that Nagarjuna was the first choice of Rahman Dakait’s role in Dhurandhar