എന്‍ഡ് ഗെയിമിന് ശേഷം തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയിലാണ് ലോകസിനിമയിലെ മുന്‍നിര ഫ്രാഞ്ചൈസിയായ മാര്‍വല്‍. നോ വേ ഹോം, ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്നീ സിനിമകളും മൂണ്‍ നൈറ്റ് പോലുള്ള സിരീസുകളും മാത്രമാണ് മികച്ച അഭിപ്രായം സ്വന്തമാക്കിയത്. വന്‍ ഹൈപ്പിലെത്തിയ പല പ്രൊജക്ടുകളും ആരാധകരെ നിരാശരാക്കി.
ഇപ്പോഴിതാ നെഗറ്റീവ് റിവ്യൂവിന് പിന്നാലെ തങ്ങളുടെ സിരീസ് ഡിസ്‌നിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മാര്‍വല്‍ തയാറെടുക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം പുറത്തിറക്കിയ അയണ്‍ഹാര്‍ട്ടാണ് മാര്‍വല്‍ നീക്കം ചെയ്യാനൊരുങ്ങുന്നത്. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീരീസെന്ന് ആരാധകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ട സീരീസായിരുന്നു അയണ്‍ഹാര്‍ട്ട്.
വകാണ്ട ഫോറെവറില്‍ പ്രത്യക്ഷപ്പെട്ട രിരി വില്യംസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സീരീസാണ് അയണ്‍ഹാര്‍ട്ട്. റോബര്‍ട്ട് ഡൗണി ജൂനിയര്‍ അനശ്വരമാക്കിയ അയണ്‍ മാന് പകരം മാര്‍വല്‍ അവതരിപ്പിച്ച സൂപ്പര്‍ഹീറോയെ ആരാധകര്‍ ഒന്നടങ്കം കൈയൊഴിഞ്ഞു. യാതൊരു ഇമോഷണല്‍ കണക്ഷനും തോന്നാത്ത ഇത്തരമൊരു സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ചതിന് മാര്‍വല്‍ വലിയ രീതിയില്‍ പഴികേട്ടിരുന്നു.
സിരീസിലെ ഒരു എപ്പിസോഡില്‍ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തെ വിലകുറച്ച് സംസാരിക്കുന്ന ഡയലോഗ് ഉള്‍പ്പെടുത്തിയത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാര്‍വലിനെ കൈപിടിച്ചുയര്‍ത്തിയ ടോണി സ്റ്റാര്‍ക്കിനെ വിലകുറച്ച് കണ്ടത് നന്ദികേടെന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടത്. മൊത്തത്തില്‍ മാര്‍വലിന് യാതൊരു ഗുണവും സമ്മാനിക്കാത്ത സീരീസായി അയണ്‍ഹാര്‍ട്ട് മാറി.
200 മില്യണ്‍ ബജറ്റിലാണ് മാര്‍വല്‍ ഈ സിരീസ് അണിയിച്ചൊരുക്കിയത്. മുടക്കുമുതല്‍ പോലും ഇതുവരെ തിരിച്ചുകിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. മിസ് മാര്‍വല്‍ (സിരീസ്), ദി മാര്‍വല്‍സ്, ഷീ ഹള്‍ക്ക്( സിരീസ്) എന്നിവക്ക് ശേഷം മാര്‍വലിന്റെ ഏറ്റവും മോശം സിരീസ് എന്ന വിശേഷണം അയണ്‍ഹാര്‍ട്ടിന് ലഭിച്ചിരുന്നു. തൊട്ടതെല്ലാം പിഴച്ച ഫേസ് സിക്‌സായിരുന്നു മാര്‍വലിന്റേതായി കടന്നുപോയത്.
എന്നാല്‍ അടുത്ത ഫേസ് ഗംഭീരമാകുമെന്നാൈണ് മാര്‍വലിന്റെ ലൈനപ്പുകള്‍ സൂചിപ്പിക്കുന്നത്. സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ, അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ, ഷാങ് ചി 2, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് 3 തുടങ്ങിയ പ്രൊജക്ടുകള്‍ മാര്‍വലിന്റെ തിരിച്ചുവരവിന് വഴിവെക്കുമെന്നാണ് പ്രതീക്ഷ. തെറ്റുകളില്‍ നിന്ന് മാര്‍വല്‍ പാഠം പഠിച്ചുകാണുമെന്നാണ് ആരാധകര്‍ കരുതുന്നത്.
#MarvelTelevision is planning to remove ‘IRONHEART’ series from Disney+