| Tuesday, 10th June 2025, 7:13 am

റോളക്‌സോ, ദില്ലിയോ, വിക്രമോ അല്ല, ബെന്‍സില്‍ വരാന്‍ പോകുന്നത് എല്‍.സി.യുവിലെ മറ്റൊരു ശക്തമായ കഥാപാത്രം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിലൂടെ തമിഴ് സിനിമയില്‍ രൂപം കൊണ്ട സിനിമാറ്റിക് യൂണിവേഴ്സാണ് എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രം എന്ന സിനിമയിലേക്കെത്തിച്ചത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. വിജയ് നായകനായ ലിയോയും ഈ യൂണിവേഴ്സില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ യൂണിവേഴ്സായി എല്‍.സി.യു മാറി.

ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബെന്‍സ്. ലോകേഷിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രാഘവ ലോറന്‍സാണ് ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്. മലയാളികളുടെ സ്വന്തം നിവിന്‍ പോളിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

നിവിന്‍ പോളിയുടെ ക്യാരക്ടര്‍ റിവീലിങ് വീഡിയോക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ ബെന്‍സില്‍ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ എല്‍.സി.യു കണക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ സെന്‍സേഷനായി മാറിയ പ്രിയങ്ക മോഹനാണ് ആദ്യ നായിക.

മലയാളി താരം സംയുക്ത മേനോനും ചിത്രത്തിലുണ്ട്. ലിയോയില്‍ കുറച്ച് സമയം കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കിയ മഡോണയും ബെന്‍സിലുണ്ടെന്നാണ് പുതിയ അഭ്യൂഹങ്ങള്‍. വിജയ് അവതരിപ്പിച്ച ലിയോ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ എലിസാ എന്ന കഥാപാത്രം ബെന്‍സിലും പ്രത്യക്ഷപ്പെടുമ്പോള്‍ വിജയ്‌യുടെ സാന്നിധ്യവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എല്‍.സി.യുവില്‍ ഇനി വരാനുള്ള സിനിമകളില്‍ ഒരു സീനിലെങ്കിലും താരം പ്രത്യക്ഷപ്പെടുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെന്‍സ്, കൈതി 2, വിക്രം 2 എന്നിവയാണ് ഈ യൂണിവേഴ്‌സില്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍. ഇതില്‍ കൈതി 2വിന്റെ ചിത്രീകരണം ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കും. ആരാധകര്‍ കാത്തിരിക്കുന്ന ദില്ലി- റോളക്‌സ് ഫേസ് ഓഫ് സീന്‍ കൈതി 2വില്‍ ഉണ്ടാകുമെന്ന് ലോകേഷ് അറിയിച്ചിട്ടുണ്ട്.

കൈതി 2വിന് മുമ്പ് ബെന്‍സ് തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെമോ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലെ മികച്ച നടന്മാരിലൊരാളായ മാധവനും ബെന്‍സില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലോകേഷിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Reports that Madonna Sebastian will be the part of Benz movie

We use cookies to give you the best possible experience. Learn more