രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഒന്നിന് പിന്നാലെ ഒന്നായി തിരിച്ചടികള്‍ നേരിടുകയാണ് തമിഴ് സൂപ്പര്‍താരം വിജയ്. അവസാന ചിത്രമായ ജന നായകന്‍ ഇതുവരെ റിലീസാകാത്തത് ആരാധകരെ വലിയ രീതിയില്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. 450 കോടി ബജറ്റിലൊരുങ്ങിയ ചിത്രം എന്ന് തിയേറ്ററിലെത്തുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് മുടങ്ങാനുള്ള കാരണം. സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി തടഞ്ഞുവെച്ചതിനാല്‍ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല വിധി വരാന്‍ വൈകിയതിനാല്‍ നിര്‍മാതാക്കള്‍ കേസ് പിന്‍വലിച്ച് റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ചിത്രം സമര്‍പ്പിച്ചു. ഇപ്പോഴിതാ പുതിയ തിരിച്ചടി നേരിട്ടിരിക്കുകായണ് ജന നായകന്‍.
ചിത്രത്തിന്റെ ഓവര്‍സീസ് വിതരണത്തിലാണ് പുതിയ പ്രതിസന്ധി. ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് കരാര്‍ പുതുക്കാനും റൈറ്റ്‌സ് തുകയില്‍ മാറ്റം വരുത്താനും ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അനിശ്ചിതമായി റിലീസ് നീളുന്നതിനാല്‍ പറഞ്ഞ തുക കുറക്കണമെന്നാണ് ഫാര്‍സ് ഫിലിംസ് ആവശ്യപ്പെടുന്നത്.
78 കോടിക്കായിരുന്നു ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ഫാര്‍സ് ഏറ്റെടുത്തത്. ഒരു തമിഴ് സിനിമക്ക് ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. റിലീസ് വൈകുംതോറും ചിത്രത്തിന്റെ പ്രസക്തി കുറയുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് വിതരണക്കാര്‍ തയാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അടുത്തിടെ ചിത്രത്തിന്റെ ഒ.ടി.ടി ഡീലില്‍ നിന്ന് ആമസോണ്‍ പ്രൈമും പിന്മാറിയിരുന്നു. 120 കോടിക്കായിരുന്നു ചിത്രത്തിന്റെ റൈറ്റ്‌സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. റിലീസ് തിയതി പ്രഖ്യാപിച്ചതിന് ശേഷമാകും ഇക്കാര്യത്തില്‍ അടുത്ത ചര്‍ച്ചയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒ.ടി.ടി റൈറ്റ്‌സിന് പിന്നാലെ ഓവര്‍സീസ് റൈറ്റ്‌സിലും തിരിച്ചടി നേരിടുകയാണ് ജന നായകന്‍.
വിജയ് നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളാണ് ജന നായകനില്‍ സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമണ് ചിത്രത്തിലുള്ളതെന്നും ഇത് കൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തെ പ്രതിസന്ധിയിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് ജന നായകന്‍ റിവൈസിങ് കമ്മിറ്റി കണ്ടുതീര്‍ത്തത്.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയവും മിക്‌സ് ചെയ്ത ചിത്രമാണ് ജന നായകന്‍. എന്നാല്‍ ജന നായകന്‍ മാത്രമല്ല, നിര്‍മാതാക്കളുടെ മറ്റ് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളായ ടോക്‌സിക്, കെ.ഡി. ദി ഡെവിള്‍ എന്നീ ചിത്രങ്ങളുടെ റിലീസും പ്രതിസന്ധിയിലാണ്.
Content Highlight: Reports that Jana Nayagan Overseas deal has renegotiating