റിലീസിന് മുമ്പ് ലീക്കായ സിനിമക്ക് ഇത്രയേ തരാനാകുള്ളൂവെന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോം, ജന നായകന്റെ ഡിജിറ്റല്‍ റൈറ്റ്‌സില്‍ വന്‍ ഇടിവ്
Indian Cinema
റിലീസിന് മുമ്പ് ലീക്കായ സിനിമക്ക് ഇത്രയേ തരാനാകുള്ളൂവെന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോം, ജന നായകന്റെ ഡിജിറ്റല്‍ റൈറ്റ്‌സില്‍ വന്‍ ഇടിവ്
അമര്‍നാഥ് എം.
Saturday, 11th April 2026, 10:57 pm

തമിഴില്‍ മറ്റൊരു താരത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് സൂപ്പര്‍താരം വിജയ് നേരിടുന്നത്. അവസാന ചിത്രമായ ജന നായകന്‍ റിലീസിന് മുമ്പ് കടന്നുപോകുന്ന പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നതിലൂടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസം ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പതിപ്പാണ് ലീക്കായത്. നിര്‍മാതാക്കള്‍ വേഗം തന്നെ ഈ പതിപ്പ് നീക്കം ചെയ്‌തെങ്കിലും പ്രധാന ഭാഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ ഇന്‍ട്രോ, ക്ലൈമാക്‌സ് ഫൈറ്റ്, പ്രധാനപ്പെട്ട ആക്ഷന്‍ സീനുകളെല്ലാമാണ് പ്രചരിക്കുന്നത്.

400 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായി ഈ പ്രശ്‌നം മാറി. ഇപ്പോഴിതാ ചിത്രം ലീക്കായത് ഒ.ടി.ടി ഡീലിനെയും ബാധിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആദ്യം പറഞ്ഞുറപ്പിച്ച തുകയുടെ നാലിലൊന്ന് മാത്രമാണ് ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവെക്കുന്നത്. 120 കോടിയായിരുന്നു ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ്. ആമസോണ്‍ പ്രൈമായിരുന്നു റൈറ്റ്‌സ് സ്വന്തമാക്കിയത്.

എന്നാല്‍ റിലീസ് അനിശ്ചിതത്വത്തിലായതോടെ ഒ.ടി.ടി ഡീലില്‍ നിന്ന് ആമസോണ്‍ പ്രൈം പിന്മാറി. പിന്നീട് 90 കോടിയിലേക്ക് റൈറ്റ്‌സ് ചുരുങ്ങുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ലീക്കായതോടെ 32 കോടി മാത്രമാണ് ആമസോണ്‍ പ്രൈം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ മുന്നോട്ടുവെക്കുന്ന തുക. നിര്‍മാതാവിന് ഇത് വലിയ നഷ്ടമാണ് വരുത്തിവെക്കുക.

റിലീസിന് മുമ്പ് ഒ.ടി.ടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സടക്കം 320 കോടിയോളം സ്വന്തമാക്കിയിരുന്നു. അതില്‍നിന്ന് ഇപ്പോള്‍ 100 കോടിയോളം കുറഞ്ഞിരിക്കുകയാണ്. ഈ മാസമെങ്കിലും ചിത്രം തിയേറ്ററിലെത്തിച്ചില്ലെങ്കില്‍ നഷ്ടത്തിന്റെ അളവ് ഇനിയും കൂടുമെന്നാണ് പലരും വിലയിരുത്തുന്നത്. മാര്‍ച്ച് അവസാനത്തോടെ ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

ഇലക്ഷന്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് അവസാനിക്കാതെ ചിത്രം തിയേറ്ററുകളിലെത്തില്ല. ഏപ്രില്‍ 23ന് തമിഴ്‌നാട് ഇലക്ഷന്‍ അവസാനിച്ചാല്‍ തൊട്ടടുത്ത ദിവസം ജന നായകന്‍ തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് കരുതുന്നത്. ആദ്യമുണ്ടായിരുന്ന ഹൈപ്പ് ഇപ്പോള്‍ ചിത്രത്തിനില്ലാത്തത് കളക്ഷനെ വലിയ രീതിയില്‍ ബാധിക്കും.

തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍. റീമേക്കിനൊപ്പം വിജയ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന് തിരിച്ചടിയായത്.

Content Highlight: Reports that Jana Nayagan OTT rights went down to 32 crores

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം