| Tuesday, 17th June 2025, 5:50 pm

തോറോ ലോക്കിയോ അല്ല, ഡൂംസ്‌ഡേയില്‍ അവഞ്ചേഴ്‌സിനെ നയിക്കുന്ന സൂപ്പര്‍ഹീറോ ഇയാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വലിലെ ഭൂരിഭാഗം സൂപ്പര്‍ഹീറോകളും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ തന്നെ പ്രതീക്ഷകളെ ആകാശത്തോളം ഉയരത്തിലെത്തിച്ചിരുന്നു.

അവഞ്ചേഴ്‌സിലെ സൂപ്പര്‍ഹീറോകളെ ഡൂംസ്‌ഡേയില്‍ നയിക്കാന്‍ പോകുന്നത് ആരായിരിക്കുമെന്ന കാര്യത്തില്‍ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അയണ്‍ മാനും ക്യാപ്റ്റന്‍ അമേരിക്കയും അവഞ്ചേഴ്‌സില്‍ ഇനി ഭാഗമാകാതിരിക്കുന്ന സാഹചര്യത്തില്‍ പല പേരുകളും ഉയര്‍ന്നുവന്നു.

തോര്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് എന്നിവരുടെ പേരായിരുന്നു ഇതില്‍ പ്രധാനം. മാര്‍വലില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ഹീറോകളില്‍ ഒരാളാണ് തോര്‍. അസ്ഗാര്‍ഡ് എന്ന സാങ്കല്പികലോകത്തിന്റെ ദേവനായ തോറായി വേഷമിടുന്നത് ക്രിസ് ഹെംസ്‌വര്‍ത്താണ്. ബെനഡിക്ട് കംബര്‍നാഷ് ഡോക്ടര്‍ സ്‌ട്രെയ്ഞ്ചായും വേഷമിടുന്നു.

എന്നാല്‍ ഇവര്‍ രണ്ട് പേരുമല്ല, അവഞ്ചേഴ്‌സിനെ നയിക്കുന്നത് പുതിയ ക്യാപ്റ്റന്‍ അമേരിക്കയായ സാം വില്‍സണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്തണി മക്കേയാണ് ക്യാപ്റ്റന്‍ അമേരിക്ക/ ഫാല്‍ക്കണയായി വേഷമിടുന്നത്. എന്‍ഡ് ഗെയിം സിനിമയുടെ ഒടുവില്‍ ക്യാപ്റ്റന്‍ അമേരിക്ക തന്റെ ഷീല്‍ഡ് സാമിനെയാണ് ഏല്‍പിച്ചത്.

ലോകസിനിമാചരിത്രത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമായാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ ഒരുങ്ങുന്നത്. വണ്‍ ബില്യണോളമാകും ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 8500 കോടിയോളമാകും. ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം മാത്രം 2100 കോടിയോളമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂംസ്‌ഡേയുടെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞവര്‍ഷത്തെ സാന്‍ ഡിയാഗോ കോമിക് കോണില്‍ വെച്ചായിരുന്നു നടന്നത്. എന്‍ഡ് ഗെയിമുംഇന്‍ഫിനിറ്റി വാറും അണിയിച്ചൊരുക്കിയ റൂസ്സോ ബ്രദേഴ്‌സാണ് ഡൂംസ്‌ഡേയുടെ അമരക്കാര്‍.

മാര്‍വലിന്റെ മുഖമെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡൂംസ്‌ഡേയുടെ പ്രധാന ആകര്‍ഷണം. ഡോക്ടര്‍ വിക്ടര്‍ ഡൂമിനെ അവതരിപ്പിക്കുന്നത് ആര്‍.ഡി.ജെയാണെന്ന വാര്‍ത്ത സിനമാപ്രേമികളെ ഞെട്ടിച്ചിരുന്നു. കോമിക്കിലെ ഏറ്റവും കരുത്തനായ വില്ലനായി ആര്‍.ഡി.ജെ വേഷമിടുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഒപ്പം മാര്‍വലിന്റെ പ്രിയ സൂപ്പര്‍ഹീറോകളും ചിത്രത്തിന്റെ ഭാഗമാണ്.

Content Highlight: Reports that Anthony Mackie will lead Avengers in Doomsday movie

We use cookies to give you the best possible experience. Learn more