കണ്‍ കണ്ടത് പൊയ്... തിയേറ്ററില്‍ കാണപ്പോറത് നിജം... ജന നായകന്‍ ലീക്കായ വേര്‍ഷനല്ല തിയേറ്ററിലെത്തുന്നത്? സംഭവം ഇറുക്കെന്ന് ആരാധകര്‍
Indian Cinema
കണ്‍ കണ്ടത് പൊയ്... തിയേറ്ററില്‍ കാണപ്പോറത് നിജം... ജന നായകന്‍ ലീക്കായ വേര്‍ഷനല്ല തിയേറ്ററിലെത്തുന്നത്? സംഭവം ഇറുക്കെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Thursday, 16th July 2026, 6:22 pm

സമീപകാലത്ത് ഒരു തമിഴ് സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്വീകരണമായിരിക്കും വിജയ് ചിത്രം ജന നായകന് ലഭിക്കാന്‍ പോകുന്നത്. തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ അടുത്തയാഴ്ച തിയേറ്ററുകളിലെത്തും. ഏഴ് മാസത്തോളം സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിയ ജന നായകന് കഴിഞ്ഞദിവസമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.

പല പ്രതിസന്ധികളെയും തരണം ചെയ്താണ് ജന നായകന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ വീര്‍പ്പുമുട്ടിക്കലിന് പിന്നാലെ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തിരുന്നു. എച്ച്.ഡി പതിപ്പാണ് ലീക്കായത്. ചിത്രത്തിന്റെ കളക്ഷനെ ഈ സംഭവം വലിയ രീതിയില്‍ ബാധിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

എന്നാല്‍ ലീക്കായ പതിപ്പില്‍ നിന്ന് ചില മാറ്റങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വരുത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ചിത്രം റീ സെന്‍സറിങ്ങിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമായത്. ലീക്കായ പ്രിന്റിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 55 മിനിറ്റാണ്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റാണ് ജന നായകന്റെ ദൈര്‍ഘ്യം.

ദളപതി വിജയ് എന്ന ഐക്കോണിക് ടൈറ്റില്‍ കാര്‍ഡിന് പുറമെ ‘ചീഫ് മിനിസ്റ്റര്‍ വിജയ്’ എന്ന ടൈറ്റില്‍ കാര്‍ഡും പുതിയതായി അറ്റാച്ച് ചെയ്തിട്ടുണ്ടെന്ന് പലരും അനുമാനിക്കുന്നുണ്ട്. തമിഴകത്ത് മറ്റൊരു താരത്തിനും ഇങ്ങനെയൊരു ടൈറ്റില്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ ജന നായകനിലെ ഈയൊരു മൊമന്റ് തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്.

ലീക്കായ പ്രിന്റ് കണ്ട് കഥ മനസിലാക്കിയവര്‍ പോലും ഈയൊരു മൊമന്റ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ തിയേറ്ററിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതിനെക്കാളേറെ തമിഴ് സിനിമാലോകത്ത് എല്ലായ്‌പ്പോഴും ഉത്സവമാകാറുള്ള വിജയ് സിനിമ അവസാനമായി തിയേറ്ററില്‍ ആഘോഷിക്കാനും പലരും പദ്ധതിയിടുന്നുണ്ട്. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ ആഘോഷമാക്കാനുള്ള തയാറെടുപ്പുകള്‍ ആരാധകര്‍ ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഓവര്‍സീസ് വിതരണക്കാര്‍ക്ക് വലിയ തലവേദനയുണ്ടാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ചിത്രമായ ദി ഒഡീസി റിലീസ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് ജന നായകന്‍ തിയേറ്ററുകളിലെത്തുക. എത്ര നല്ല റിപ്പോര്‍ട്ട് ലഭിച്ചാലും പ്രീമിയം സ്‌ക്രീനുകളൊന്നും ജന നായകന് ലഭിക്കില്ല. തൊട്ടടടുത്തയാഴ്ച സ്‌പൈഡര്‍മാന്‍; ബ്രാന്‍ഡ് ന്യൂ ഡേയും എത്തുന്നതോടെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചേക്കും.

Content Highlight: Reports that altered version Of Jana Nayagan will release in theatres

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം