2025 ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് ഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഏഷ്യാ കപ്പ് നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയെ സൂര്യകുമാര്‍ തന്നെ നയിച്ചേക്കും. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിന് അവസരം ലഭിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓപ്പണറായി അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും പരിഗണിക്കുന്ന സെലക്ഷന്‍ കമ്മിറ്റി, റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് ജെയ്‌സ്വാളിനെ മാറ്റി നിര്‍ത്തുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘അതെ, ഏഷ്യാ കപ്പിനുള്ള ടീമിനെ ഓഗസ്റ്റ് 19ന് മുംബൈയില്‍ വെച്ച് പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ പേസറും ചീഫ് സെലക്ടറുമായ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തില്‍ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങും ശേഷം പത്രസമ്മേളനവും നടക്കും,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നു.
‘സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഓപ്പണര്‍മാരായി പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ ശുഭ്മന്‍ ഗില്ലിന് ടീമില്‍ അവസരം ലഭിക്കുമോ എന്നതും സംശയമാണ്.
ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജെയ്‌സ്വാളിന്റെ കാര്യവും വ്യത്യസ്തമല്ല. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ശ്രേയസ് അയ്യരിനെയും ടി-20 ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ജെയ്‌സ്വാളിനോട് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്,’ വൃത്തങ്ങള്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇന്ത്യയും പാകിസ്ഥാനും ഇത്തവണയും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
ഗ്രൂപ്പ് എ
ഇന്ത്യ
ഒമാന്‍
പാകിസ്ഥാന്‍
യു.എ.ഇ
ഗ്രൂപ്പ് ബി
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
ഹോങ് കോങ്
ശ്രീലങ്ക
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Reports says Yashasvi Jaiswal will not be a part of Asia Cup